ലോകകപ്പ് വേദിയായ ഖലീഫ രാജ്യാന്തര സ്റ്റേഡിയം
ദോഹ: ലോകകപ്പ് നിർമാണമേഖലയിലെ തൊഴിൽ സാഹചര്യങ്ങൾ സംബന്ധിച്ച് നുണകൾ പടച്ചുവിടുന്നവർ ഖത്തർ നടപ്പാക്കിയ തൊഴിൽ നിയമപരിഷ്കാരങ്ങൾ മനപ്പൂർവം മറച്ചുപിടിക്കുകയാണെന്ന് ഗവൺമെൻറ് കമ്യൂണിക്കേഷൻസ് ഓഫിസ് ഉപാധ്യക്ഷൻ ശൈഖ് താമിർ ബിൻ ഹമദ് ആൽഥാനി. രാജ്യത്തെ തൊഴിൽ സാഹചര്യങ്ങൾ സംബന്ധിച്ച് എൻ.ജി.ഒ പ്രതിനിധികളുടെയും മറ്റും വാക്കുകളുദ്ധരിച്ച് പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ അടിസ്ഥാനരഹിതമാണെന്നും യാഥാർഥ്യങ്ങൾ മറച്ചുപിടിച്ച് അസംബന്ധങ്ങൾ പടച്ചുവിടുകയാണെന്നും ശൈഖ് ഥാമിർ ബിൻ ഹമദ് ആൽഥാനി പറഞ്ഞു. ഫ്രഞ്ച് ദിനപത്രമായ 'ലെ മൊൻഡേ' പ്രസിദ്ധീകരിച്ച ലേഖനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തർ ലോകകപ്പ് കിക്കോഫിന് കേവലം 500ൽ താഴെ ദിനങ്ങൾ മാത്രമാണുള്ളത്. മിഡിലീസ്റ്റിലും അറബ് ലോകത്തുമായി ആദ്യമായി ലോകകപ്പ് നടക്കുന്ന രാജ്യമെന്ന ഖ്യാതി ഖത്തറിന് സ്വന്തമാകുകയാണ്. മേഖലയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കുപ്രചാരണങ്ങളെ തുറന്നുകാണിക്കാനുള്ള സുവർണാവസരമായാണ് ലോകകപ്പിനെ കാണുന്നത്. സാംസ്കാരിക മൂല്യങ്ങളുടെ കൈമാറ്റം ഉയർത്തിപ്പിടിക്കുന്നതിനും മേഖലയുടെ ഐക്യത്തിെൻറയും പ്രതീക്ഷയുടെയും സന്ദേശം ലോകത്തിന് മുന്നിലേക്കെത്തിക്കുന്നതിനുമുള്ള സന്ദർഭം കൂടിയായിരിക്കും ഖത്തർ ലോകകപ്പ്.
ദശലക്ഷണക്കിനാളുകൾക്ക് ഖത്തർ ലോകകപ്പ് ആഘോഷിക്കാനുള്ള പ്രധാന കാരണമാണ്. കോവിഡ് മഹാമാരിയിൽനിന്ന് ലോകം പതിയെ പൂർവസ്ഥിതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, ചിലർ തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ കാരണം ഖത്തറിന് ലോകകപ്പ് ആതിഥേയത്വത്തിന് യോഗ്യതയില്ലെന്ന് സ്ഥാപിക്കലാണ് പ്രധാന ജോലി -അദ്ദേഹം തുറന്നടിച്ചു.
ലോകകപ്പുമായി ബന്ധപ്പെട്ട നിർമാണപ്രവർത്തനങ്ങൾക്കിടെ മരണമടഞ്ഞ തൊഴിലാളികളുടെ എണ്ണം പെരുപ്പിച്ചുള്ള റിപ്പോർട്ടുകളിൽ ആശ്ചര്യമില്ലെന്നും ഫ്രഞ്ച് ദിനപത്രത്തിലെ ലേഖനം യാഥാർഥ്യങ്ങൾ മറച്ചുപിടിച്ചുകൊണ്ടാണെന്നും തീർത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ലേഖനങ്ങളിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
യാഥാർഥ്യങ്ങളോടെയുള്ള ഏത് വിമർശനത്തെയും ഖത്തർ സ്വാഗതം ചെയ്യുന്നുണ്ടെന്നും തള്ളിക്കളയുകയില്ലെന്നും ഖത്തറിലെ തൊഴിൽ നിയമങ്ങളിലെ പരിഷ്കരണങ്ങൾ ദീർഘകാലങ്ങൾക്ക് മുമ്പുതന്നെ ആരംഭിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖത്തറിൽ 14 ലക്ഷത്തോളം വിദേശികൾ തൊഴിലെടുക്കുന്നുണ്ടെന്നും ഇവരിൽ കേവലം 20 ശതമാനം പേർ മാത്രാണ് നിർമാണ മേഖലയിലുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു. 10 ശതമാനത്തിൽ താഴെയാണ് നിർമാണമേഖലയിലുള്ളവരുടെ മരണനിരക്ക്. ഇതിൽതന്നെ ലോകകപ്പുമായി ബന്ധപ്പെട്ട നിർമാണമേഖലയിൽ കേവലം മൂന്ന് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരത്തെ ദി ഗാർഡിയൻ പ്രസിദ്ധീകരിച്ച പ്രബന്ധം, മേഖലയെ സംബന്ധിച്ചുള്ള തെറ്റിദ്ധാരണകളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നും യാഥാർഥ്യങ്ങൾ തിരസ്കരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
നേരത്തെ, ലോകകപ്പ് നിർമാണമേഖലയിലെ മരണനിരക്ക് പെരുപ്പിച്ച് കൊണ്ട് ദി ഗാർഡിയൻ റിപ്പോർട്ടിനെതിരെ സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദിയും രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.