ദോഹ: ഫിഫ ലോകകപ്പ് ഫുട്ബാളോടെ കായിക ലോകത്തിന്റെ ആസ്ഥാനമായ ഖത്തറിൽ വീണ്ടും കളിയുത്സവക്കാലം. ഫിഫ അണ്ടർ 17 ലോകകപ്പിന് ഇന്ന് ആസ്പയർ സോണിൽ പന്തുരുളും. ലയണൽ മെസ്സിയും അർജന്റീനയും 2022ൽ വിശ്വകിരീടമണിഞ്ഞ ലോകകപ്പ് വേദിയിൽ ബൂട്ടുകെട്ടുന്ന നാളെയുടെ താരങ്ങൾക്കായി ഇന്ന് വിസിൽ മുഴങ്ങും. എക്കാലത്തെയും മികച്ച ലോകകപ്പിന് വേദിയൊരുക്കി ശ്രദ്ധേയമായ ഖത്തറിൽ കൗമാര ലോകകപ്പ് നടക്കുമ്പോൾ പ്രതീക്ഷയോടെയാണ് ഫുട്ബാൾ ലോകം ഉറ്റുനോക്കുന്നത്.
ഖത്തറിന്റെ ആതിഥ്യമര്യാദയും അടിസ്ഥാന സൗകര്യങ്ങളും സ്റ്റേഡിയങ്ങളും സംയോജിപ്പിച്ച് ലോകത്തിന്റെ ഭാവി പ്രതിഭകളുടെ പോരാട്ടം മനോഹരമായി ഇനിയുള്ള ദിവസങ്ങളിൽ പ്രദർശിപ്പിക്കപ്പെടും. മികച്ച സ്റ്റേഡിയങ്ങൾ, പരിശീലന മൈതാനങ്ങൾ, താമസത്തിനുള്ള ഹോട്ടലുകളും മെട്രോ ഉൾപ്പെടെ യാത്രാ സൗകര്യങ്ങളും... സർവസജ്ജമായ അടിസ്ഥാന സംവിധാനങ്ങളാൽ വീണ്ടും കളിയുത്സവക്കാലം ഖത്തറിൽ ആഘോഷനാളുകളായിരിക്കും.
ഒരു ഫുട്ബാൾ ടൂർണമെന്റ് എന്നതിനപ്പുറം ആരാധകർക്ക്, ഫാൻസോണിൽ ഉത്സവാന്തരീക്ഷത്തോടെയുള്ള ലോകകപ്പ് മത്സരങ്ങൾക്കാണ് ഖത്തർ വേദിയൊരുക്കുന്നത്. ആസ്പയർ സോണിൽ സജ്ജീകരിക്കുന്ന ഫാൻ സോണിൽ നിരവധി സാംസ്കാരിക പരിപാടികളും ഒരുക്കും. വേദിയിലേക്ക് പൊതുഗതാഗത സൗകര്യങ്ങൾ ഉറപ്പാക്കുകയും കൂടാതെ ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും.ഇന്ന് ഉച്ചക്കു ശേഷം 3.30ന് നടക്കുന്ന ബൊളീവിയ -ദക്ഷിണാഫ്രിക്ക, കോസ്റ്റാറിക്ക -യു.എ.ഇ മത്സരങ്ങളോടെ ലോകകപ്പ് ടൂർണമെന്റ് ആരംഭിക്കും.
രണ്ടു വർഷത്തെ ഇടവേളകളിൽ സംഘടിപ്പിച്ചിരുന്ന കൗമാര ഫുട്ബാൾ പ്രതിവർഷ ടൂർണമെന്റാക്കി മാറുന്നുവെന്ന പ്രത്യേകതയുമുണ്ട്. 2025 മുതൽ 2029 വരെ തുടർച്ചയായി അഞ്ചു വർഷത്തെ സംഘാടനമാണ് ഖത്തറിൽ നടക്കുന്നത്. ടീമുകളുടെ എണ്ണം 24ൽ നിന്നും 48 ആയി ഉയർത്തിയിട്ടുമുണ്ട്. 1985ൽ ചൈനയിൽ തുടങ്ങിയ കൗമാര ലോകകപ്പ് 2019ൽ ബ്രസീലും, കോവിഡ് ഇടവേള കഴിഞ്ഞ് 2023ൽ ഇന്തോനേഷ്യയിലുമായാണ് പന്തുരുണ്ടത്. അഞ്ചു തവണ കിരീടമണിഞ്ഞ നൈജീരിയയും നാലു തവണ കിരീടമണിഞ്ഞ ബ്രസീലുമാണ് കൗമാര ഫുട്ബാളിലെ സൂപ്പർ ജയന്റ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.