തുനീഷ്യക്കെതിരെ ഗോൾ നേടിയ ഫലസ്തീൻ താരങ്ങളുടെ ആഹ്ലാദം
ദോഹ: ഖത്തറിനെ കീഴടക്കിയ കരുത്തുമായി രണ്ടാം അങ്കത്തിനിറങ്ങിയ ഫലസ്തീൻ, തിങ്ങിനിറഞ്ഞ ലുസൈൽ ഇന്റർനാഷനൽ സ്റ്റേഡിയത്തെ സാക്ഷിയാക്കി തുനീഷ്യയെ സമനിലയിൽ തളച്ചു. ഫിഫ അറബ് കപ്പിൽ ഇന്നലെ നടന്ന ആദ്യ ടൂർണമെന്റിൽ ഇരു ടീമുകളും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ വിജയം പരസ്പരം പങ്കുവെക്കേണ്ടിവന്നു. അതേസമയം, കരുത്തരായ തുനീഷ്യയെ സമനിലയിൽ പ്രതിരോധിച്ച സന്തോഷമായിരുന്നു ഫലസ്തീൻ ഗാലറിയിൽ. ഇരു ടീമുകളും രണ്ടു ഗോളുകൾ നേടി സമനിലയിൽ പിരിയുകയായിരുന്നു.
മികച്ച ഫോമിലായിരുന്ന തുനീഷ്യക്ക്, കളിയുടെ തുടക്കത്തിൽ തന്നെ ഗോൾവല കുലുക്കി ഫലസ്തീനെ സമ്മർദത്തിലാക്കാൻ സാധിച്ചു. 16ാം മിനിറ്റിൽ ഇസ്മാഈൽ ഗർബി എടുത്ത കോർണർ കിക്ക് അമർ ലയൗനിയുടെ ഷോട്ടിലൂടെ ആദ്യ ലീഡ് സ്വന്തമാക്കി. പ്രതിരോധത്തിലായ ഫലസ്തീനുനേരെ കൂടുതൽ ആക്രമിച്ചുകളിച്ച തുനീഷ്യ തുടർച്ചയായി മുന്നേറ്റം നടത്തിയെങ്കിലും പ്രതിരോധനിര ചെറുത്തുനിന്നു. കിട്ടുന്ന അവസരങ്ങൾ മുതലെടുത്ത് എതിർപോസ്റ്റ് ലക്ഷ്യമാക്കി മുന്നേറിയെങ്കിലും ലക്ഷ്യം കണ്ടില്ല.
ഇടവേളക്കുശേഷം ഇറങ്ങിയ തുനീഷ്യ തുടക്കത്തിൽ തന്നെ ഫലസ്തീന്റെ ഗോൾവല വീണ്ടും കുലുക്കി ലീഡ് വർധിപ്പിച്ചു. 51ാം മിനിറ്റിൽ മുഹമ്മദ് അലി ബിൻ റംദാന്റെ അസിസ്റ്റിൽ ഫിറാസ് ചൗട്ട് സുന്ദരമായ ഗോൾ നേടി. എന്നാൽ, സമ്മർദത്തിൽ പതറാതെ കൂടുതൽ കരുത്തോടെ കളിച്ച ഫലസ്തീൻ താരങ്ങൾ ഗോളുകൾ കണ്ടെത്താൻ തുടർച്ചയായി മുന്നേറ്റങ്ങൾ നടത്തി. 61ാം മിനിറ്റിൽ അഹമദ് അൽഖാകിന്റെ കോർണർ കിക്കിലൂടെ ഹമദ് ഹംദാൻ ആദ്യ ഗോൾ കണ്ടെത്തിയപ്പോൾ അത് ഫലസ്തീന് കൂടുതൽ ഊർജം പകർന്നു.
തുനീഷ്യയുടെ ആക്രമണത്തെ തുടർച്ചയായി ഫലസ്തീൻ പ്രതിരോധനിര ചെറുത്തപ്പോൾ, മികച്ച പാസിങ്ങുകളിലൂടെ കൂടുതൽ ഗോളുകൾ കണ്ടെത്താനായിരുന്നു ശ്രമം. അതേസമയം, ഗോൾ ലക്ഷ്യമിട്ടുള്ള തുടർച്ചയായ ശ്രമങ്ങൾ അവസാന നിമിഷം പിഴക്കുകയായിരുന്നു. സെയ്ദ് ഖുൻബാർ, ഹമദ് ഹംദാൻ, അമീദ് മഹാജൻ തുടങ്ങിയവർക്ക് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും എല്ലാം ഒടുക്കം വഴിമാറി. കളി അവസാനിക്കാനിരിക്കെ 85ാം മിനിറ്റിൽ സെയ്ദ് ഖുൻബാറിലൂടെ രണ്ടാമത്തെ ഗോൾ ഫലസ്തീൻ ഗാലറിയിൽ ആഹ്ലാദ കണ്ണീർ വർഷിച്ചു. ഫലസ്തീന്റെ രണ്ടും ഗോളുകളും പിറന്നത് രണ്ടാം പാതിയിലാണ്. അവസാന നിമിഷം വരെ ആക്രമണവും പ്രതിരോധവും ഒരുക്കി ഇരു കൂട്ടരും ലുസൈൽ മൈതാനത്ത് നിറഞ്ഞുകളിച്ചപ്പോൾ ഒടുക്കം സമനിലയിൽ പിരിയേണ്ടിവന്നു. ഒടുവിൽ അവസാന വിസിൽ മുഴങ്ങുമ്പോൾ ഫലസ്തീൻ തുനീഷ്യയെ സമനിലയിൽ തളക്കുകയായിരുന്നു.
ഇന്നത്തെ മത്സരം
2.00: കുവൈത്ത് -ജോർഡൻ
4.30: ബഹ്റൈൻ -അൾജീരിയ
7.00: സുഡാൻ -ഇറാഖ്
9.30: യു.എ.ഇ -ഈജിപ്ത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.