മേഖലയിലെ സംഘർഷ സാഹചര്യങ്ങളും, ഖത്തരി ഗവൺമെന്റിന്റെ പിന്തുണയും പ്രവാസികൾക്കായി ഇന്ത്യൻ എംബസി, ഐ.സി.ബി.എഫ് എന്നിവയുടെ ഇടപെടലും തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ച് ഷാനവാസ് ബാവ ഗൾഫ് മാധ്യമത്തോട് സംസാരിക്കുന്നു
മേഖലയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും കരുതലോടെയും പ്രത്യാശയോടെയും മുന്നോട്ട് നീങ്ങുകയാണ് ഖത്തർ. കഴിഞ്ഞവർഷം ജൂൺ മാസത്തിലുണ്ടായതിന് സമാനമായ സൈനിക നീക്കങ്ങൾ ഫെബ്രുവരിയിൽ ഉണ്ടായപ്പോൾ, അത് വെറുമൊരു താൽക്കാലിക ആക്രമണം മാത്രമായിരിക്കുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ, ദിവസങ്ങൾ നീണ്ടുനിന്ന സംഘർഷാവസ്ഥ സാഹചര്യങ്ങളുടെ ഗൗരവം വർധിപ്പിച്ചു.
ജി.സി.സി രാജ്യങ്ങൾ പൊതുവേ സുരക്ഷിതമായ, ശാന്തമായ ഇടങ്ങളാണ്. ഏറ്റവും സുരക്ഷിതമായ ഇടമെന്ന് കരുതപ്പെടുന്ന ജി.സി.സി രാജ്യങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമായും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഒരു യുദ്ധസാഹചര്യത്തിൽ ഉണ്ടാകാവുന്ന എല്ലാ ആകുലതകളും ജനങ്ങൾക്കുണ്ടായിരുന്നുവെങ്കിലും, ഭരണകൂടം നൽകിയ ഉറച്ച പിന്തുണ ആശ്വാസമായി. ഓരോ ഘട്ടത്തിലും കൃത്യമായ നിർദേശങ്ങളും മുൻകരുതലുകളും നൽകി ജനങ്ങളെ ശാന്തരാക്കാൻ ഖത്തരി ഭരണകൂടത്തിന് സാധിച്ചു. പ്രവാസികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിൽ ഇന്ത്യൻ എംബസിയുടെയും ഇടപെടൽ ശ്രദ്ധേയമായിരുന്നു. ഇതെല്ലാം നാം ഒരു 'സേഫ് സോണിലാണ്'എന്ന ബോധ്യം ജനങ്ങളിൽ ഉറപ്പിക്കാനും ആത്മവിശ്വാസം വളർത്താനും സാധിച്ചു.
നിലവിൽ വെല്ലുവിളി ഈ അനിശ്ചിതത്വം എത്രനാൾ നീണ്ടുനിൽക്കും എന്നുള്ളതാണ്. വെടിനിർത്തൽ -സമാധാന ചർച്ചകളുടെ അടുത്ത ഘട്ടത്തിലേക്ക് എല്ലാവരും ഉറ്റുനോക്കുകയാണ്. മേഖലയിൽ ശാശ്വത സമാധാനം എല്ലാവരും പ്രതീക്ഷിക്കുന്നു. പ്രതിസന്ധികൾ മാറി എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടാനുമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനായാണ് പ്രാർത്ഥിക്കുന്നത്.
മേഖലയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും താമസക്കാർക്കും പ്രവാസികൾക്കും ആത്മവിശ്വാസം നൽകി ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടലുകൾ ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു. കമ്മ്യൂണിറ്റി നേതാക്കളുമായി മന്ത്രാലയം നടത്തിയ ചർച്ചകളിൽ ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച് കൃത്യമായ ഉറപ്പുകൾ നൽകിയിരുന്നു. ഏത് സാഹചര്യത്തിലും രാജ്യത്തെ ഓരോ വ്യക്തിയുടെയും ജീവൻ സുരക്ഷിതമായിരിക്കുമെന്ന വാഗ്ദാനം ഭീതി കുറക്കാൻ സഹായിച്ചു.
അതോടൊപ്പം സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് കൃത്യമായ 'അലേർട്ടുകൾ' ഓരോ സമയത്തും അധികൃതർ നൽകിയിരുന്നു. ജോലിസ്ഥലത്തും വിദ്യാലയങ്ങളിലും പാലിക്കേണ്ട ക്രമീകരണങ്ങളെക്കുറിച്ച് വ്യക്തത നൽകി. വീടിന് പുറത്തിറങ്ങുമ്പോൾ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് അവബോധം സൃഷ്ടിച്ചു. പ്രതിസന്ധി ഘട്ടത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള കർശനമായ നടപടികൾ സ്വീകരിച്ചു. ഫെബ്രുവരി 28ന് അപ്രതീക്ഷിതമായി ഖത്തറിലെത്തിയ സന്ദർശകർക്ക് ഗവൺമെന്റ് നൽകിയ പിന്തുണ എടുത്തുപറയേണ്ടതാണ്. അവർക്ക് താമസം, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങൾ സർക്കാർ തലത്തിൽ തന്നെ ഉറപ്പാക്കിയിരുന്നു. ഇത്തരം മുൻകൂട്ടിയുള്ള ആസൂത്രണങ്ങളും ഇടപെടലുകളും സാധാരണക്കാരായ ജനങ്ങൾക്കിടയിൽ വലിയ പ്രതീക്ഷ നൽകുകയും ഭയാന്തരീക്ഷം ഇല്ലാതാക്കുകയും ചെയ്തു.
പ്രവാസികളുടെ ഏത് പ്രതിസന്ധിയിലും തണലായി നിൽക്കുന്ന ഐ.സി.ബി.എഫ്, നിലവിലെ പ്രത്യേക സാഹചര്യത്തിലും സജീവമായ ഇടപെടലുകൾ തുടരുന്നുണ്ട്. സംഘർഷത്തിന്റെ ആദ്യ ദിനങ്ങളിൽ നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ചും വിമാന സർവിസുകളെക്കുറിച്ചുമുള്ള ആശങ്കകളായിരുന്നു പ്രവാസികൾ പങ്കുവെച്ചിരുന്നത്. ഖത്തർ എയർവേസുമായും മറ്റ് അധികൃതരുമായും ബന്ധപ്പെട്ട് എംബസിയും ഐ.സി.സി, ഐ.സി.ബി.എഫ് തുടങ്ങിയ സംഘടനകളും ചേർന്ന് ഈ പരിഭ്രാന്തി അകറ്റാൻ മുൻകൈ എടുത്തു.
സംഘർഷത്തിന്റെ ആദ്യ നാളുകളിൽ സാഹചര്യങ്ങളെ നിരീക്ഷിക്കുകയായിരുന്നു. എന്നാൽ രണ്ട്, മൂന്ന് ദിവസം മുതൽ തന്നെ പ്രവാസികളിൽ നിന്ന് ആശങ്കാകുലമായ വിളികൾ എത്തിത്തുടങ്ങി. തങ്ങൾ നാട്ടിലേക്ക് മടങ്ങേണ്ടി വരുമോ എന്നതായിരുന്നു പലരുടെയും പ്രധാന പേടി. അന്വേഷണങ്ങൾ വർധിച്ചതോടെ ഇന്ത്യൻ അംബാസഡറുമായി സ്ഥിതിഗതികൾ ചർച്ച ചെയ്ത് എംബസിയുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്ക് സംവിധാനം ആരംഭിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
എംബസിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് സജ്ജമാക്കി. ഐ.സി.സി, ഐ.സി.ബി.എഫ് എന്നിവിടങ്ങളിൽ പകൽ സമയങ്ങളിലും ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. ഞങ്ങളുടെ വളന്റിയർമാർ മൂന്ന് കേന്ദ്രങ്ങളിലും സജീവമായി രംഗത്തുണ്ടായിരുന്നു. ഓരോ അന്വേഷണ കോളും കൃത്യമായി വിശകലനം ചെയ്തിരുന്നു, തുടക്കത്തിൽ യാത്രാ സംബന്ധമായ അന്വേഷണങ്ങളായിരുന്നു. എന്നാൽ പിന്നീട് മരുന്നുകൾക്കായി പലരും ബുദ്ധിമുട്ടുന്ന സാഹചര്യം വന്നു.
പ്രത്യേകിച്ച് ഹയ്യ വിസയിലും മറ്റും സന്ദർശനത്തിനെത്തിയവരുടെ കൈയിലുള്ള പ്രിസ്ക്രിപ്ഷനുകൾ നാട്ടിലെ ആയതിനാൽ ഇവിടെ മരുന്ന് ലഭിക്കാൻ സാങ്കേതിക തടസ്സങ്ങളുണ്ടായിരുന്നു. ഈ ഘട്ടത്തിൽ ഇന്ത്യൻ ഫാർമസി അസോസിയേഷനും വെൽ കെയർ, കെയർ എൻ ക്യുർ തുടങ്ങിയ പ്രമുഖ ഫാർമസികളും വലിയ പിന്തുണയാണ് നൽകിയത്. മരുന്ന് അവശ്യമുള്ളവർക്ക് അവരുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് അർഹരായവർക്ക് മരുന്നുകൾ ലഭ്യമാക്കാൻ അവർ തയാറായി.
യാത്രാ തടസ്സങ്ങൾക്കിടയിൽ നാട്ടിലേക്ക് അടിയന്തരമായി പോകേണ്ടവർക്ക് മുൻഗണന നൽകുന്നതിനൊപ്പം, ആ സമയത്തുണ്ടായ സ്വാഭാവിക മരണങ്ങൾ വലിയൊരു വെല്ലുവിളിയായി മുന്നിലുണ്ടായിരുന്നു. മൃതദേഹങ്ങൾ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കുക എന്നുള്ളത്, പ്രത്യേകിച്ചും വിമാന ടിക്കറ്റുകൾ ലഭിക്കാത്ത സാഹചര്യം വലിയ വൈകാരിക പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. എട്ടു വയസ്സുകാരിയായ കുട്ടിയുടെ മരണം ഇതിലൊന്നായിരുന്നു. കുട്ടിയുടെ കുടുംബാംഗങ്ങൾക്കെല്ലാം ഒരുമിച്ച് നാട്ടിലേക്ക് പോകാൻ മൂന്നോ, നാലോ വിമാന ടിക്കറ്റുകൾ അടിയന്തരമായി കണ്ടെത്തുക എന്നത് പ്രയാസകരമായിരുന്നു. എങ്കിലും ഇന്ത്യൻ എംബസിയുടെ ഇടപെടലിലൂടെ പ്രതിസന്ധികളെല്ലാം മറികടക്കാൻ സാധിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷം ഏറ്റവും കൂടുതൽ ബാധിച്ച ഒരു വിഭാഗമായിരുന്നു ഖത്തറിലെ മത്സ്യത്തൊഴിലാളികൾ. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കടലിൽ പോകുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ആഴ്ചകളോളം തൊഴിലില്ലാതെ ഇവർക്ക് മുറികളിൽ കഴിയേണ്ടി വന്നു. ഖത്തറിലെ വിവിധ ഭാഗങ്ങളിലായി ഏകദേശം 3,500-ഓളം ഇന്ത്യൻ മത്സ്യത്തൊഴിലാളികളാണുള്ളത്. ഇതിൽ ഭൂരിഭാഗവും തമിഴ്നാട് സ്വദേശികളാണ്. കൂടാതെ കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഈ മേഖലയിലുണ്ട്.
ഈ തൊഴിലാളികളെ സഹായിക്കാൻ ഇന്ത്യൻ എംബസിയുടെയും ഐ.സി.ബി.എഫിന്റെയും നേതൃത്വത്തിൽ വലിയൊരു ആശ്വാസ പദ്ധതിയാണ് നടപ്പാക്കിയത്. അൽഖോർ, ഷമാൽ, റുവൈസ്, ദോഹ പോർട്ട്, വക്റ എന്നിവിടങ്ങളിലായി മൂവായിരത്തോളം ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. ഈ സേവനം ഇപ്പോഴും ഞങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തിവെച്ചിരുന്ന കൗൺസിലർ ക്യാമ്പുകൾ, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയ പതിവ് സേവനങ്ങൾ ഐ.സി.ബി.എഫ് പുനരാരംഭിച്ചിട്ടുണ്ട്. ഇതിനുപുറമെ, ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നു. നിലവിലെ സാഹചര്യങ്ങളിൽ പ്രവാസികൾക്കിടയിൽ വലിയ തോതിലുള്ള മാനസിക സമ്മർദവും വിഷാദവും കണ്ടുവരുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവരെ സഹായിക്കാനായി ക്യാമ്പുകൾ സന്ദർശിക്കുകയും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ക്യാമ്പുകളിലുള്ളവർക്ക് ആവശ്യമായ ഭക്ഷണം, മരുന്ന് അല്ലെങ്കിൽ മറ്റ് അത്യാവശ്യ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഐ.സി.ബി.എഫ് ഒരുക്കിയിട്ടുണ്ട്. ഇതിനായി എല്ലാ ആഴ്ചകളിലും ക്യാമ്പുകൾ സന്ദർശിക്കുകയും കമ്മ്യൂണിറ്റിയിലെ വിവിധ മേഖലകളിലുള്ളവരുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്യുന്നു.
ഈ സാഹചര്യത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു പ്രവാസി മലയാളിയെ തുടർച്ചയായി സന്ദർശിക്കുകയും സഹോദരനുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ എംബസിയിൽ നിന്നുള്ള ഫസ്റ്റ് സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും രണ്ടു തവണ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന് പരിക്കുകളെക്കുറിച്ച് ഇന്ത്യൻ എംബസി ഖത്തറിലെ ബന്ധപ്പെട്ട അധികാരികളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. പ്രവാസികൾ നേരിടുന്ന ഇത്തരം ഓരോ പ്രശ്നങ്ങളിലും കൃത്യമായി ഇടപെടുകയും അത് അർഹമായ ഇടങ്ങളിൽ അറിയിച്ച് പരിഹാരം കാണാനുമാണ് ഐ.സി.ബി.എഫ് ലക്ഷ്യമിടുന്നത്. നിലവിലെ സാഹചര്യം മാറിക്കൊണ്ടിരിക്കുകയാണ്. സംഘർഷം രണ്ടു മാസം പിന്നിടുമ്പോൾ, തങ്ങളുടെ തൊഴിലിനെ ബാധിക്കുമെന്ന അശങ്ക പ്രവാസികളിൽ നിലനിൽക്കുന്നുണ്ട്. ഇത്തരം വെല്ലുവിളികൾ മുൻകൂട്ടി കണ്ട് ആവശ്യമായ പദ്ധതികൾ ഐ.സി.ബി.എഫ് തയാറാക്കി വരുകയാണ്.
എട്ട് ലക്ഷത്തിലധികം വരുന്ന ഇന്ത്യൻ പ്രവാസികളിലേക്ക് നേരിട്ട് എത്തുന്നതിൽ ഐ.സി.ബി.എഫിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഇത് പരിഹരിക്കാൻ ഐ.സി.ബി.എഫിന് കീഴിലുള്ള വിവിധ അസോസിയേഷനുകളുടെ സഹായം തേടുകയാണ് പതിവ്. നിലവിൽ 21 അസോസിയേഷനുകൾ ഐ.സി.ബി.എഫിന് കീഴിൽ സജീവമാണ്. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന, ഇത്തരം പ്രാദേശിക കൂട്ടായ്മകളെ ഏകോപിപ്പിച്ചുകൊണ്ടാണ് ഓരോ പ്രവാസികളുടെ ആവശ്യങ്ങൾ ഞങ്ങൾ കണ്ടറിയുന്നതും സഹായങ്ങൾ എത്തിക്കുന്നതും. എല്ലാവരും ഒരേ മനസ്സോടെ ഐ.സി.ബി.എഫിനൊപ്പം നിൽക്കുന്നു. ഒരു കമ്മ്യൂണിറ്റി എന്ന നിലയിൽ എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ടാണ് ഓരോ പ്രവർത്തനവും മുന്നോട്ട് പോകുന്നത്.
ആരും പ്രതീക്ഷിക്കാത്ത സങ്കീർണ്ണമായ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. തീർച്ചയായും ഇത് എല്ലാവരുടെയും ജീവിതത്തിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ അമിതമായി പരിഭ്രാന്തരാകാതിരിക്കുക (Panic) എന്നതാണ് പ്രധാനം. ഈ സാഹചര്യത്തിന്റെ ആഘാതം വ്യക്തിപരമായി ഏറ്റെടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. കാരണം, നിലവിലെ പ്രതിസന്ധികൾ പ്രാദേശികമോ അന്തർദേശീയമോ ആയ രാഷ്ട്രീയ സാഹചര്യങ്ങളുടെ (Geo-politics) ഭാഗമാണ്, അത് നമ്മുടെ നിയന്ത്രണത്തിലല്ല.
കോവിഡ് മഹാമാരിയുടെ സമയത്തും മറ്റ് പ്രതിസന്ധികളിലും ഇവിടെ ശക്തമായ ഒരു ഭരണസംവിധാനത്തിന്റെ പിന്തുണ നാം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ആ സുരക്ഷയും കരുതലവും ഇപ്പോഴും നമുക്കുണ്ട്. അതിനാൽ അമിതമായ ആശങ്കയുടെ ആവശ്യമില്ല. നിലവിലെ അനിശ്ചിതത്വം മാറുമ്പോൾ, താൽക്കാലികമായുണ്ടാകുന്ന ബുദ്ധിമുട്ടുകളെല്ലാം പരിഹരിക്കപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
പ്രവാസി സമൂഹത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം വിളിച്ചുചേർത്ത യോഗം വലിയ ആത്മവിശ്വാസമാണ് ഞങ്ങൾക്ക് നൽകിയത്. അവരെ സംബന്ധിച്ചിടത്തോളം നമ്മളും ഈ രാജ്യത്തിന്റെ ഭാഗമാണ്. രാജ്യ നിർമാണത്തിൽ പ്രവാസികളുടെ പങ്കിനെ ആദരവോടെയാണ് ഇവിടുത്തെ ഉദ്യോഗസ്ഥർ കാണുന്നത്. അതുകൊണ്ടുതന്നെ, പ്രവാസികളുടെ സുരക്ഷ അതീവ ഗൗരവത്തോടെയാണ് രാജ്യം പരിഗണിക്കുന്നത്. എന്ത് ആവശ്യമുണ്ടെങ്കിലും എപ്പോഴും സഹായം തേടാമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള പൂർണ്ണ പിന്തുണയും ഇടപെടലുകളും ഏതു സമയത്തും ലഭ്യമാണ്. സുരക്ഷയുടെയും സമാധാനത്തിന്റെയും കാര്യത്തിൽ ആരും ആശങ്കപ്പെടേണ്ടതില്ല എന്നതാണ് മന്ത്രാലയത്തിന്റെ സന്ദേശം. പ്രവാസ ജീവിതത്തിൽ നമ്മൾ അനുഭവിക്കുന്ന ഈ കരുതലിൽ അമീറിനോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും നാം കടപ്പെട്ടിരിക്കുന്നു. ഈ കരുതൽ എന്നും തുടരുമെന്ന് പ്രത്യാശിക്കാം...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.