??.??.??????? ?????????, ????

മുഖൈനിസ്​ ക്വാറ​ൻറീൻ കേന്ദ്രത്തിലെ സന്തോഷപ്പെരുന്നാൾ

സൽവ റോഡ് 32 എക്സിറ്റ് കഴിഞ്ഞുള്ള മുഖൈനിസ്​ ക്വാറൻറീൻ കേന്ദ്രം. കോവിഡ്​ -19 എന്ന മഹാമാരിയിൽ നിരാശയുടെ കൊടുമുടിയിൽ ലോകം പകച്ചുനിൽക്കുമ്പോഴാണ് ഖത്തറിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസൻറിന്​ കീഴിലുള്ള മുഖൈനിസ് കേന്ദ്രത്തിൽ സേവനം ​െചയ്യാൻ എനിക്കും അവസരം കൈവന്നത്​. കോവിഡ് പോസിറ്റിവ് ആയി ഭാവിയെ ഭയപ്പാടോടെ നോക്കുന്ന ആയിരക്കണക്കിന്​​ രോഗികൾ. അവർക്ക്​ സാന്ത്വനവും സഹായ ഹസ്തവുമായി റെഡ് ക്രസൻറിൻെറ കീഴിൽ നൂറിൽപരം വളൻറിയർമാരാണുണ്ടായിരുന്നത്​. അതിൽ ഒരാളായി സേവനത്തിൽ ഏർപ്പെടാൻ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നു. ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ സാമ്പത്തികപരമായ പ്രശ്നങ്ങളും കോവിഡ് മഹാമാരിയും ഒന്നിച്ചുവന്നതോടെ ഉണ്ടായിരുന്ന നിലവിലെ ജോലി നഷ്​ടമാവുകയായിരുന്നു. ദോഹയിൽ ഭാഗികമായി ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഇനിയുള്ള ദിവസങ്ങളിലെ ഒറ്റപ്പെടൽ എങ്ങനെ മറികടക്കുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ക്യാമ്പ്​ സേവനത്തിന് സന്നദ്ധപ്രവർത്തകരെ ആവശ്യമുണ്ട് എന്നറിയാൻ കഴിഞ്ഞത്. അങ്ങനെയാണ്​ അവിടെ എത്തിപ്പെട്ടത്. അവിടെ എത്തുന്നതുവരെയും മനസ്സിൽ ആശങ്കയാണ് ഉണ്ടായിരുന്നത്.

ഇരുട്ടുമൂടിയ അന്തരീക്ഷം, സമ്പാദ്യവും കുടുംബവും നാട്ടുകാരും എല്ലാം ഉണ്ടായിട്ടും ഇഷ്​ടമുള്ള രുചികരമായ ഭക്ഷണം ഉണ്ടായിട്ടും അതൊന്നും ആസ്വദിക്കാൻ പറ്റാത്ത 15,000ത്തിലധികം രോഗികൾ. അവരെ വിവിധ ബ്ലോക്കുകളായി തരംതിരിച്ചിരിക്കുന്നു. മറ്റു സഹപ്രവർത്തകരുടെ കൂടെ അവർക്കിടയിലൂടെ നടക്കുമ്പോൾ അവരുടെ ഉള്ളിലെ പ്രശ്നങ്ങളും പ്രയാസങ്ങളും ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാക്കാൻ കഴിയും. പതിനായിരക്കണക്കിന്​ രോഗികൾക്കാണ് ആ ക്യാമ്പിൻെറ പ്രയോജനം ലഭിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നായുള്ള പല സംസ്കാരങ്ങളിൽപെട്ടവർ. വിവിധ ഭാഷകൾ സംസാരിക്കുന്നവർ, എല്ലാവരെയും ഒരു കുടക്കീഴിൽ ഒരുമിച്ച് പരിചരിക്കുന്നു.ആദ്യം ചെയ്തത് അവരുമായുള്ള ഹൃദയബന്ധം വളർത്തിയെടുക്കൽ ആയിരുന്നു. പിന്നീട് പരസ്പരം മൊബൈൽ നമ്പർ കൈമാറി. വിവിധ ആവശ്യങ്ങൾക്കായി ഓരോരുത്തരായി എനിക്കും മറ്റു സഹപ്രവർത്തകർക്കും വിളിക്കാൻ തുടങ്ങി. അവരുടെ പ്രയാസങ്ങൾ പരിഹരിച്ച് അവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുത്താൽ അവരുടെ മുഖങ്ങളിൽ തെളിയുന്ന സന്തോഷവും പ്രസരിപ്പും അളവറ്റതായിരുന്നു. രണ്ടു മാസത്തോളം അവിടെ സേവനം ചെയ്യാൻ കഴിഞ്ഞു.

പ്രായ വ്യത്യാസങ്ങളോ ദേശമോ വർണമോ നോക്കാതെ അവരിൽ ഒരാളായി അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കാൻ കഴിഞ്ഞു. അതിനിടയിൽ ചെറിയ പെരുന്നാൾ കൂടി കടന്നുപോയി, ആഘോഷങ്ങളില്ലാത്ത ചെറിയ പെരുന്നാൾ. വിശ്രമമില്ലാതെ കർമനിരതരായ സഹപ്രവർത്തകർക്കും രോഗികൾക്കുമിടയിലെ ചെറിയ പെരുന്നാൾ. വളൻറിയർമാർക്ക് ഖത്തർ കെ.എം.സി.സിയുടെ പെരുന്നാൾ സമ്മാനവും ഭക്ഷണവും കിട്ടിയപ്പോൾ അതിയായ സന്തോഷം. പ്രതിസന്ധികൾക്കിടയിലും താങ്ങും തണലുമായി കൂടെ നിന്ന ക്യാമ്പിലെ മലയാളികളടക്കം വിവിധ രാജ്യങ്ങളിലെ കൂടപ്പിറപ്പുകളായി മാറിയ മുഹമ്മദ്ക്ക, മുസമ്മിൽ, അൻസാർ, നൗഫൽ, ശബാബ് തുടങ്ങി ഓർത്തെടുക്കാൻ ഒരുപാടു പേരുണ്ട്. പ്രവാസികൾക്ക്​ അവർ കഴിയുന്ന ചുറ്റുപാടുകളേക്കാൾ വേവലാതി നാട്ടിലെ സ്ഥിതിഗതികളെപറ്റിയാണ്​. നാട്ടിലെത്തുന്ന പ്രവാസികളെ കൊറോണ വാഹകരായി ചിത്രീകരിക്കുന്നത്​ തെല്ലൊന്നുമല്ല അവരെ വേദനിപ്പിക്കുന്നത്. നാട്ടിൽ വരുന്ന പ്രവാസികൾക്ക് അവർക്ക് ആവശ്യമായ ക്വാറൻറീൻ സൗകര്യമടക്കം ചെയ്തുകൊടുത്ത്​ അവരെ മാനസികമായി ചേർത്തുപിടിക്കുകയാണ്​ വേണ്ടത്​.

Tags:    
News Summary - eid-quaranteene-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.