സിജി ഖത്തർ സംഘടിപ്പിച്ച ചർച്ച ഇ.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: കേരളത്തിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയിൽ ഇ.എം.എസിന്റെയും സി.എച്ചിന്റെയും സാമൂഹിക നീതിബോധത്തിൽ ഉയർന്നുവന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റി അതിന്റെ നിയോഗം പൂർത്തിയാക്കിയിട്ടുണ്ടെന്നതിന്റെ സാക്ഷ്യം അവിടെനിന്നും പുറത്തിറങ്ങിയ ആയിരക്കണക്കിനു അഭ്യസ്തവിദ്യരായ ബിരുദധാരികളാണെന്ന് മുൻ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറും കാലിക്കറ്റ് യൂനിവേഴ്സിറ്റി ഭാഷാസാഹിത്യ ഡീനുമായ ഡോ. മൊയ്തീൻകുട്ടി അഭിപ്രായപ്പെട്ടു.
‘വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക ശാക്തീകരണം; ക്രിയാത്മക ഇടപെടലുകളുടെ അനിവാര്യത’വിഷയത്തിൽ ഖത്തർ സിജി നേതൃത്വത്തിൽ വക്റ എക്സ്പോർ ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ഹാളിൽ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രപരമായി പിന്നാക്കാവസ്ഥയിൽ നിലനിന്നിരുന്ന പ്രദേശവും വിഭാഗങ്ങളും വിദ്യാഭ്യാസത്തിലേക്കും തുടർന്നു തൊഴിലിലേക്കും വഴിതിരിഞ്ഞതിലൂടെ രാഷ്ട്രവികസനത്തിൽ പങ്കുചേരാൻ മലബാർ പ്രദേശത്തിനു സാധിച്ചുവെന്നദ്ദേഹം കൂട്ടിച്ചേർത്തു.
നേടുന്ന ബിരുദങ്ങളേക്കാൾ പ്രധാനമാണ് വ്യക്തി ആർജിക്കുന്ന തൊഴിൽ നൈപുണ്യമെന്ന് പരിപാടി ഉദ്ഘാടനംചെയ്ത സിജി ഖത്തർ ചെയർമാൻ കൂടിയായ ഇ.പി. അബ്ദുറഹിമാൻ പറഞ്ഞു. ഒരു എൻ.ജി.ഒ എന്നനിലയിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികളുടെ കരിയർ നിർണയിക്കുന്നതിലും തൊഴിൽ ക്ഷമത വർധിപ്പിക്കുന്നതിനും സിജിക്കായിട്ടുണ്ടെന്ന് ഡോ. ഇസഡ്.എ. അശ്റഫ് വ്യക്തമാക്കി. സിജി ചെയർമാൻ അഡ്വ. ഇസ്സുദ്ദീൻ, വൈസ്ചെയർമാൻ നിയാസ് ഹുദവി, ഡോ. മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.