ദോഹ: ഖത്തറിന്റെ തലസ്ഥാനമായ ദോഹയെ ഗൾഫ് മേഖലയുടെ ടൂറിസം തലസ്ഥാനമായി തെരഞ്ഞെടുത്തു. ദോഹയെ 2026ലെ ഗൾഫ് മേഖലയുടെ ടൂറിസം തലസ്ഥാനമായി കഴിഞ്ഞദിവസം ചേർന്ന ജി.സി.സി ടൂറിസം കാപ്പിറ്റൽ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. ജി.സി.സി അംഗരാജ്യങ്ങൾക്കിടയിലെ സംയുക്ത ടൂറിസം സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം.
ദോഹയെ ടൂറിസം തലസ്ഥാനമായി പ്രഖ്യാപിച്ച തീരുമാനത്തെ ഗൾഫ് സഹകരണ കൗൺസിലും അംഗ രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരും അംഗീകരിച്ചു. ഖത്തർ ടൂറിസം സമർപ്പിച്ച സമഗ്രവും തന്ത്രപരവുമായ ബിഡ് പ്രകാരമാണ് ദോഹയെ തിരഞ്ഞെടുത്തത്. ഖത്തറിന്റെ വിനോദസഞ്ചാര മേഖലയിലെ ദീർഘകാല കാഴ്ചപ്പാട് വ്യക്തമാക്കുന്നതയായിരുന്നു ബിഡ്.
സാംസ്കാരിക പൈതൃകം, നഗര നവീകരണം, സുസ്ഥിരത, ജീവിത നിലവാരം എന്നിവയെല്ലാം സന്തുലിതമാക്കുന്ന ഒരു ലക്ഷ്യസ്ഥാനമെന്ന നിലയിൽ ദോഹയുടെ മികവിനുള്ള അംഗീകാരമാണിത്. ഗൾഫ് രാജ്യങ്ങളുടെ ടൂറിസം തലസ്ഥാനമായി ദോഹ മാറിയതോടെ ഖത്തറിന്റെ വിനോദസഞ്ചാര മേഖലയിൽ 2026 ഒരു നിർണായക വർഷമാകും. 2025ലെ ഖത്തറിന്റെ നേട്ടങ്ങളുടെ തുടർച്ചയാകും പുതുവർഷത്തിലും വരാനിരിക്കുന്നത്.
ഖത്തർ നാഷണൽ വിഷൻ 2030ന് അനുസൃതമായി വിനോദസഞ്ചാര മേഖലയെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ പ്രധാന ഘടകമായി മാറ്റാൻ ഇതിലൂടെ ലക്ഷ്യമിടുന്നു.
ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, ഹമദ് ഇന്റർനാഷണൽ എയർപോർട്ട്, ഖത്തർ എയർവേയ്സ് എന്നിവയുടെ കണക്റ്റിവിറ്റി, രാജ്യത്തെ മെട്രോ -ട്രാം സംവിധാനങ്ങൾ എന്നിവ ദോഹയുടെ വിനോദസഞ്ചാര മേഖലയെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാക്കുന്നതാണ്. ഹയ്യാ വിസ നടപടികൾ എളുപ്പമാക്കിയതിലൂടെ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും ഖത്തറിന് സാധിച്ചു. ബിസിനസ് മീറ്റിംഗുകൾ, വലിയ ഇവന്റുകൾ, കായിക മാമാങ്കങ്ങൾ, കുടുംബസൗഹൃദ ടൂറിസം എന്നിവക്ക് ദോഹ പ്രത്യേക മുൻഗണന നൽകുന്നുണ്ട്.
2026 ൽ ദോഹയെ ജി.സി.സി ടൂറിസം തലസ്ഥാനമായി തിരഞ്ഞെടുത്തത് ഖത്തറിന്റെ തന്ത്രപ്രധാനമായ കാഴ്ചപ്പാടിന്റെ വിജയമാണെന്ന് ഖത്തർ ടൂറിസം ചെയർമാനും വിസിറ്റ് ഖത്തർ ഡയറക്ടർ ബോർഡ് അധ്യക്ഷനുമായ സഅദ് ബിൻ അലി അൽ ഖർജി പ്രതികരിച്ചു.
ഇതിലൂടെ ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള നിക്ഷേപവും വിനോദസഞ്ചാര സഹകരണവും വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഇതിനു മുന്നോടിയായി വിനോദസഞ്ചാര മേഖലയിൽ കൂടുതൽ പദ്ധതികളും പ്രമോഷണൽ ക്യാമ്പയിനുകളും ഖത്തർ ടൂറിസം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.