മേഖലയിൽ സമാധാനം ഉറപ്പാക്കാൻ നയതന്ത്ര നീക്കം; ഖത്തർ പ്രധാനമന്ത്രിയും ഇറാൻ വിദേശകാര്യ മന്ത്രിയും ചർച്ച നടത്തി

ദോഹ: മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ആശയവിനിമയം നടത്തി.

ഇറൻ -യു.എസ് വെടിനിർത്തൽ തീരുമാനവും മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ചർച്ചയായി. നിലവിലെ വെടിനിർത്തൽ പ്രഖ്യാപനങ്ങളെ കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകത ഇരുനേതാക്കളും ചർച്ച ചെയ്തു. മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാൻ ഇത് അത്യന്താപേക്ഷിതമാണെന്ന് അവർ വിലയിരുത്തി.

സമാധാനപരമായ ചർച്ചകളിലൂടെ സംഘർഷം പരിഹരിക്കാൻ എല്ലാ കക്ഷികളും മധ്യസ്ഥ ശ്രമങ്ങളോട് സഹകരിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വീണ്ടും ഒരു യുദ്ധസാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നത് തടയാൻ സുസ്ഥിരമായ കരാറുകൾ ആവശ്യമാണ്.

സമുദ്രപാതകൾ തുറന്നിടേണ്ടതിന്റെയും കപ്പൽ യാത്രയുടെ സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. സമുദ്രപാതകളെ രാഷ്ട്രീയ വിലപേശലിനോ സമ്മർദ തന്ത്രങ്ങൾക്കോ വേണ്ടി ഉപയോഗിക്കരുത്. സമുദ്രഗതാഗതം തടസ്സപ്പെടുന്നത് ആഗോള തലത്തിൽ ഭക്ഷ്യ -ഊർജ വിതരണത്തെ ബാധിക്കുമെന്നും, ഇത് അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - Diplomatic move to ensure peace in the region; Qatari Prime Minister and Iranian Foreign Minister hold talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.