ഡോ. സുഹ അൽ ബയാത്
ദോഹ: കോവിഡ്-19 പ്രതിരോധ വാക്സിൻ സംബന്ധിച്ച് ആഗോള തലത്തിൽ സംഘടിപ്പിക്കുന്ന ബോധവത്കരണ കാമ്പയിനിൽ ഖത്തറും പങ്കെടുക്കുന്നു. അന്താരാഷ്ട്ര ബോധവത്കരണ ആരോഗ്യ വിദഗ്ധരുടെ നിരയിൽ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം വാക്സിൻ വിഭാഗം മേധാവിയും ഖത്തർ കോവിഡ്-19 കോൺടാക്ട് ട്രാക്ക് ആൻഡ് േട്രസ് വിഭാഗം ലീഡുമായ ഡോ. സുഹ അൽ ബയാതാണ് നിലകൊള്ളന്നത്. ആഗോള കാമ്പയിനിൽ ഇനി ഇവരും പങ്കാളിയാവും. സുരക്ഷിതവും കാര്യക്ഷമവുമായ വാക്സിൻ കണ്ടെത്തുന്നതിനുള്ള അന്താരാഷ്ട്ര ശ്രമത്തിൽ ദശലക്ഷക്കണക്കിന് ആളുകളെ ഭാഗമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഐക്യരാഷ്ട്രസഭയും വാക്സിൻ കോൺഫിഡൻസ് േപ്രാജക്ടുമാണ് ബോധവത്കരണ കാമ്പയിൻ നടത്തുന്നത്.
ഒക്ടോബർ മധ്യത്തോടെ ആരംഭിച്ച ടീം ഹലോ സംരംഭത്തിൽ അന്താരാഷ്ട്ര തലത്തിൽനിന്നായി ഇരുപതോളം ആരോഗ്യ വിദഗ്ധരാണ് അണിനിരന്നിരിക്കുന്നത്. വാക്സിൻ കണ്ടെത്തുന്നതിനുള്ള പരിശ്രമങ്ങളിൽ തങ്ങളുടെ പങ്ക് വ്യക്തമാക്കുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്യുന്ന ഗൈഡുകളായാണ് സംഘാംഗങ്ങൾ പ്രവർത്തിക്കുന്നത്. ടിക്ടോക് പോലെയുള്ള സമൂഹിക മാധ്യമങ്ങളിലൂടെ കോവിഡ്-19 വാക്സിൻ സംബന്ധിച്ച പുതിയ വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയും ചെയ്യും. ഇതിെൻറ ചുമതലയും ഇവർക്കാണ്.
ഇതുവരെ നാല് വിഡിയോ സന്ദേശങ്ങളാണ് ഡോ. അൽ ബയാത് സമൂഹ മാധ്യമങ്ങളിലൂടെ ഇതു സംബന്ധിച്ച് പങ്കുവെച്ചിരിക്കുന്നത്. രണ്ട് ലക്ഷത്തിലധികം പേരാണ് സന്ദേശങ്ങൾ കണ്ടിരിക്കുന്നത്. കോവിഡ്-19 വാക്സിനോടുള്ള ഖത്തറിലെ ജനങ്ങളുടെ സമീപനവും അഭിപ്രായവും സ്വരൂപിക്കാൻ ഹമദ് മെഡിക്കൽ കോർപറേഷൻ പൊതു സർവേ നടത്തുന്നുമുണ്ട്. ഖത്തർ മുന്നോട്ടുവെച്ച വാക്സിനേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിലെ അഭിപ്രായ വ്യത്യാസവും സമീപനവും അറിയുകയാണ് ലക്ഷ്യം. ഹമദിെൻറ മാനസികാരോഗ്യ സേവന വിഭാഗത്തിെൻറ മേൽനോട്ടത്തിൽ പൂർണമായും ഒാൺലൈൻ വഴിയാണ് സർവേ നടത്തുന്നത്. അറബി, ഇംഗ്ലീഷ് ഭാഷകളിലായി തയാറാക്കിയ സർവേ, കോവിഡ്-19 വാക്സിനുമായി ബന്ധപ്പെട്ട് ഖത്തറിെൻറ തീരുമാനങ്ങളും പദ്ധതികളും അറിയിക്കാൻ സഹായിക്കുകയും ചെയ്യും.
ജനങ്ങൾക്ക് വാക്സിനുമായി ബന്ധപ്പെട്ട കൃത്യമായ ഉപദേശം നൽകാനും തെറ്റിദ്ധാരണകൾ അകറ്റാനും സർവേ സഹായിക്കും. സർവേയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ പൂർണമായും രഹസ്യമാക്കുന്നതായിരിക്കും.കോവിഡ് വാക്സിൻ ലഭ്യമാകുന്നമുറക്ക് രാജ്യത്ത് എത്തിക്കുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയം രണ്ട് കമ്പനികളുമായാണ് നിലവിൽ കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്. അമേരിക്കയിലെ മസാചൂസറ്റ്സ് ആസ്ഥാനമായ 'മോഡേണ' ബയോടെക് കമ്പനിയുമായാണ് ഒടുവിൽ കരാർ ഒപ്പുവെച്ചത്. സാർസ്-കോവ്-2നെതിരായ ബി.എൻ.ടി 162 എം.ആർ.എൻ.എ (BNT162 mRNA) അടിസ്ഥാനമാക്കിയുള്ള കാൻഡിഡേറ്റ് വാക്സിൻ ലഭ്യമാക്കുന്നതിന് അമേരിക്ക ആസ്ഥാനമായ ഫൈസർ ആൻഡ് ബയോൻടെക് എന്ന കമ്പനിയുമായി ഒക്ടോബർ ആദ്യത്തിൽ ആരോഗ്യ മന്ത്രാലയം കരാർ ഒപ്പുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.