മോഡേണ’ ബയോടെക്​ കമ്പനി

കോവിഡ്​ വാക്​സിൻ: രണ്ടാമത്തെ കമ്പനിയുമായും കരാർ ഒപ്പുവെച്ചു

ദോഹ: കോവിഡ്​ വാക്​സിൻ ലഭ്യമാകുന്ന മുറക്ക്​ രാജ്യത്ത്​ എത്തിക്കുന്നതിനായി പൊതുജനാരോഗ്യമന്ത്രാലയം രണ്ടാമത്തെ കമ്പനിയുമായും കരാറിൽ ഒപ്പുവെച്ചു. അമേരിക്കയിലെ മസാചുസെറ്റ്​സ്​ ആസ്​ഥാനമായ 'മോഡേണ' ബയോടെക്​ കമ്പനിയുമായാണ്​ പുതുതായി കരാറിൽ ഒപ്പുവെച്ചിരിക്കുന്നതെന്ന്​ നാഷനൽ ഹെൽത്ത് സ്​ട്രാറ്റജിക് ഗ്രൂപ് ചെയർമാനും എച്ച്.എം.സി ഇൻഫെക്​ഷസ്​ ഡിസീസ്​ മേധാവിയുമായ ഡോ. അബ്​ദ​ുൽലത്തീഫ്​ അൽ ഖാൽ പറഞ്ഞു. തുടക്കം മുതൽ തന്നെ കോവിഡ്​ വാക്​സിൻ വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനും പരിശ്രമിക്കുന്ന കമ്പനിയാണിത്​. കമ്പനിയുടെ ഒന്ന്​, രണ്ട്​ ഘട്ട പരീക്ഷണങ്ങളിലും ക്ലിനിക്കൽ ട്രയലുകളും വിജയകരമായിരുന്നു.

ആരോഗ്യവാൻമാരായ ആളുകളിൽ കമ്പനി വികസിപ്പിച്ച മരുന്ന്​ പ്രയോഗിച്ചപ്പോൾ അവരുടെ ശരീരത്തിൽ കോവിഡിനെതിരായ ആൻറിബോഡികൾ ഉണ്ടായിട്ടുണ്ട്​. ടി സെല്ലിൽ നിന്നുള്ള രോഗപ്രതിരോധശേഷിയും ഉണ്ടായിട്ടുണ്ട്​. ആയിരക്കണക്കിന്​ സന്നദ്ധപ്രവർത്തകരിൽ കൂടുതൽ പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണ്​. നിലവിലുള്ള ഫലങ്ങൾ ആശവാഹമാണ്​. ഏറ്റവും ഫലപ്രദമായ വാക്​സിൻ ലഭ്യമാകുമെന്നുതന്നെയാണ്​ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'മോഡേണ' കമ്പനിയുടെ വാക്​സിൻ പരീക്ഷണങ്ങൾ ഉന്നതഗുണമേന്മയുള്ളതാണ്​. 30,000 ആളുകളാണ്​ ഇതുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളിൽ ഉൾപ്പെടുന്നത്​. 2021 ആദ്യത്തിൽ 500 മില്യൻ ഡോസ്​ വാക്​സിൻ ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ എത്തിക്കാൻ കഴിയുമെന്നാണ്​ കമ്പനി പറയുന്നത്​. സാർസ്​-കോവ്-2നെതിരായ ബി.എൻ.ടി 162 എം.ആർ.എൻ.എ (BNT162 mRNA) അടിസ്​ഥാനമാക്കിയുള്ള കാൻഡിഡേറ്റ് വാക്സിൻ ലഭ്യമാക്കുന്നതിന് അമേരിക്ക ആസ്​ഥാനമായ ഫൈസർ ആൻഡ്​​ ബയോൻടെക്​ എന്ന കമ്പനിയുമായി ഒക്​ടോബർ ആദ്യത്തിൽ ആരോഗ്യമന്ത്രാലയം കരാർ ഒപ്പുവെച്ചിരുന്നു. ​

ഇവരുടെ വാക്സിനുകളും ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്​. എല്ലാ അംഗീകാരങ്ങളും ലഭ്യമാകുന്നതോടെ വാക്​സിൻ വിതരണം ചെയ്യും. ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യത്തിലോ വാക്സിൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്​.വാക്സിൻ ലഭ്യമാകുന്നതു വരെ എല്ലാവരും സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതിൽ കാർക്കശ്യം പുലർത്തണം. ഇതിൽ വീഴ്ച വരുത്തരുത്​. മഹാമാരിക്കെതിരെ ഖത്തർ സ്വീകരിച്ച സമഗ്രവും തന്ത്രപ്രധാനവുമായ നടപടികൾ രാജ്യത്ത് രോഗവ്യാപനം തടയുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. കോവിഡ്-19 വ്യാപനം തടയുന്നതിൽ വിജയിച്ചുവെങ്കിലും മറ്റു രാജ്യങ്ങളെ പോലെ കുറച്ച് കാലം കോവിഡ്-19നൊപ്പം നാം ജീവിക്കേണ്ടി വരും. മാസ്​ക് ധരിക്കുക, സുരക്ഷിത അകലം പാലിക്കുക, കൂടിച്ചേരലുകൾ പരമാവധി ഒഴിവാക്കുക തുടങ്ങിയ പ്രധാന സുരക്ഷാ മുൻകരുതലുകൾ എല്ലാവരും പാലിക്കണം. വൈറസിനെതിരായ കൃത്യമായ വാക്സിൻ ലഭ്യമായാൽ മാത്രമേ പൂർണമായും സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സാധിക്കുകയുള്ളൂവെന്നും ഡോ. ഖാൽ പറഞ്ഞു.

രണ്ടാ​മത്തെ കമ്പനിയുമായും ഇത്തരത്തിൽ കരാർ ഒപ്പുവെക്കാൻ കഴിഞ്ഞത്​ ഇൗ രംഗത്തുള്ള വൻനേട്ടമാണെന്നും കോവിഡ്​ പ്രതിരോധ പ്രവർത്തനത്തിൽ നല്ല മുന്നേറ്റമാണ്​ ഇതോടെ ഉണ്ടായിരിക്കുന്നതെന്നും അധികൃതർ പറഞ്ഞു.ലോകത്തെ മുൻനിര ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി പൊതുജനാരോഗ്യ മന്ത്രാലയം ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്​. മതിയായ അളവിൽ വാക്സിൻ ശേഖരിക്കുകയാണ് ലക്ഷ്യം. വാക്​സിൻ ലഭ്യമായാൽ ഉടൻ അത്​ ഖത്തറിൽ എത്തിക്കുകയും ആളുകൾക്ക്​ ലഭ്യമാക്കുകയുമാണ്​ ലക്ഷ്യം. അതേസമയം ഖത്തറിൽ എല്ലാവർക്കും സൗജന്യമായാണ്​ കോവിഡ്-19 വാക്സിൻ വിതരണം ചെയ്യുകയെന്ന്​ അധികൃതർ നേരത്തേ അറിയിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.