ദോഹ: കോവിഡ്-19 വാക്സിനോടുള്ള ഖത്തറിലെ ജനങ്ങളുടെ സമീപനവും അഭിപ്രായവും സ്വരൂപിക്കാൻ ഹമദ് മെഡിക്കൽ കോർപറേഷൻ. വാക്സിനുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിന് കൃത്യമായ പൊതു സർവേയുമായാണ് എച്ച്.എം.സി രംഗത്ത് വന്നിരിക്കുന്നത്. ഖത്തർ മുന്നോട്ടുവെച്ച വാക്സിനേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിലെ അഭിപ്രായ വ്യത്യാസവും വാക്സിനോടുള്ള ജനങ്ങളുടെ സമീപനവും രേഖപ്പെടുത്തുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഗവേഷണ സർവേ നടത്തുന്നത്.
ഹമദ് മെഡിക്കൽ കോർപറേഷെൻറ മാനസികാരോഗ്യ സേവന വിഭാഗത്തിെൻറ മേൽനോട്ടത്തിൽ പൂർണമായും ഒൺലൈൻ വഴിയാണ് സർവേ സംഘടിപ്പിക്കുന്നത്. അറബി, ഇംഗ്ലീഷ് ഭാഷകളിലായി തയാറാക്കിയ സർവേ, കോവിഡ്-19 വാക്സിനുമായി ബന്ധപ്പെട്ട് ഖത്തറിെൻറ തീരുമാനങ്ങളും പദ്ധതികളും അറിയിക്കാൻ സഹായിക്കുകയും ചെയ്യും.
വാക്സിൻ സംബന്ധമായി ജനങ്ങൾക്കിടയിലുള്ള അഭിപ്രായങ്ങളെയും സമീപനങ്ങളെയും അറിയാനും അതിലൂടെ അവർക്ക് വാക്സിനുമായി ബന്ധപ്പെട്ട കൃത്യമായ ഉപദേശം നൽകാനും തെറ്റിദ്ധാരണകൾ അകറ്റാനും സഹായിക്കുമെന്നും മാനസികാരോഗ്യ സേവന വിഭാഗം ചെയർമാൻ ഡോ. മാജിദ് അൽ അബ്ദുല്ല പറഞ്ഞു.
ദശലക്ഷക്കണക്കിന് ജനങ്ങളെ സുരക്ഷിതരായി നിലനിർത്തുന്നതിൽ വാക്സിനുകൾക്കുള്ള പങ്ക് നിർണായകമാണ്. വാക്സിനുകളെ കുറിച്ച് പലർക്കും പല അഭിപ്രായങ്ങളും ധാരണകളുമാണുള്ളത്. ചിലർക്ക് കൃത്യമായ അവബോധമുണ്ടെങ്കിൽ മറ്റുചിലർ വാക്സിൻ സംബന്ധിച്ച് തീർത്തും തെറ്റായ ധാരണകൾ വെച്ചുപുലർത്തുന്നവരാണ്. വാക്സിെൻറ ക്ഷമതയും സുരക്ഷയും സംബന്ധിച്ച് അവർ തീർത്തും അജ്്ഞതയിലായിരിക്കും. ഈ സാഹചര്യത്തിൽ ഇത്തരമൊരു സർവേക്ക് വലിയ പ്രധാന്യമുണ്ട്. വാക്സിനുമായി ബന്ധപ്പെട്ട ജനങ്ങളുടെ അഭിപ്രായങ്ങൾ അറിയുന്നതിന് സർവേ പ്രയോജനം ചെയ്യും. ഡോ. മാജിദ് അൽ അബ്ദുല്ല വിശദീകരിച്ചു.
ഖത്തറിലെ ഓരോ വ്യക്തിയും കോവിഡ്-19െൻറ പ്രത്യാഘാതം ഏതെങ്കിലും രീതിയിലൂടെ അനുഭവിക്കുന്നവരാണ്. അതിനാൽ കഴിയുന്നതും സർവേയിൽ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്തണം. സർവേയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ പൂർണമായും രഹസ്യമാക്കുന്നതായിരിക്കും. വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തിൽ ജനങ്ങളുടെ അഭിപ്രായം അറിയുന്നതിന് ഇതു ഞങ്ങളെ സഹായിക്കും. അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് വാക്സിൻ ലഭ്യമാകുന്ന മുറക്ക് രാജ്യത്ത് എത്തിക്കുന്നതിനായി പൊതുജനാരോഗ്യമന്ത്രാലയം രണ്ട് കമ്പനികളുമായാണ് നിലവിൽ കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്. അമേരിക്കയിലെ മസാചുസറ്റ്സ് ആസ്ഥാനമായ 'മോഡേണ' ബയോടെക് കമ്പനിയുമായാണ് കഴിഞ്ഞ ദിവസം പുതുതായി കരാറിൽ ഒപ്പുവെച്ചത്. തുടക്കം മുതൽ തന്നെ കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനും പരിശ്രമിക്കുന്ന കമ്പനിയാണിത്. കമ്പനിയുടെ ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങളിലും ക്ലിനിക്കൽ ട്രയലുകളും വിജയകരമായിരുന്നു. 'മോഡേണ' കമ്പനിയുടെ വാക്സിൻ പരീക്ഷണങ്ങൾ ഉന്നതഗുണമേന്മയുള്ളതാണ്. 30,000 ആളുകളാണ് ഇതുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളിൽ ഉൾപ്പെടുന്നത്. 2021 ആദ്യത്തിൽ 500 മില്യൻ ഡോസ് വാക്സിൻ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ എത്തിക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്. സാർസ്-കോവ്-2നെതിരായ ബി.എൻ.ടി 162 എം.ആർ.എൻ.എ (BNT162 mRNA) അടിസ്ഥാനമാക്കിയുള്ള കാൻഡിഡേറ്റ് വാക്സിൻ ലഭ്യമാക്കുന്നതിന് അമേരിക്ക ആസ്ഥാനമായ ഫൈസർ ആൻഡ് ബയോൻടെക് എന്ന കമ്പനിയുമായി ഒക്ടോബർ ആദ്യത്തിൽ ആരോഗ്യമന്ത്രാലയം കരാർ ഒപ്പുവെച്ചിരുന്നു.
ഇവരുടെ വാക്സിനുകളും ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്. എല്ലാ അംഗീകാരങ്ങളും ലഭ്യമാകുന്നതോടെ വാക്സിൻ വിതരണം ചെയ്യും. ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യത്തിലോ വാക്സിൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.