???? ?????????

ഉപ്പ വിരിച്ച തണലിൽ മഹാമാരിക്കാലത്തും ചൂടേൽക്കാതെ​

അതൊരു ഒക്ടോബർ മാസമായിരുന്നു, നഴ്സിങിന്​ അഡ്മിഷൻ എടുത്ത് ബാംഗ്ലൂർ എന്ന മെട്രോപൊളിറ്റൻ നഗരത്തിൽ എന്നെ തനിച്ചാക്കി എൻെറ ഉപ്പയും ഉപ്പയുടെ അമ്മാവനും (അമീറലി) നാട്ടിലേക്ക്​ തിരിച്ചുപോവുകയാണ്​. ശങ്കർമട്ടിൽ നിന്നും മെജസ്​റ്റിക്കിലേക്കുള്ള ബസ് കാത്ത് നിൽക്കുന്നതിനിടയിൽ കൈയിലുള്ള ഫയലിൽ നിന്നും എൻെറ ഒരു പാസ്പോർട്ട്​ സൈസ് ഫോട്ടോ ഉപ്പ വാങ്ങിച്ചു, അന്നൊന്നും കാമറ മൊബൈൽ വ്യാപകമായിരുന്നില്ല.
ബാംഗ്ലൂരിൽ പഠിക്കാൻ അതിയായ സന്തോഷം ഉണ്ടായിരുന്നെങ്കിലും അവരെ യാത്രയയക്കാൻ പോയപ്പോ മനസ്സ് വല്ലാതെ ഒറ്റപ്പെടലിൻെറ വക്കിലായിരുന്നു. ഉപ്പ ആ ഫോട്ടോ കൂടി വാങ്ങിയപ്പോൾ എൻെറ സമനില തെറ്റി, കരച്ചിൽ അടക്കിപ്പിടിച്ച് ഇരുവരെയും ആശ്ലേഷിച്ച് സലാം പറഞ്ഞ് തനിച്ച് ഹോസ്​റ്റലിലേക്ക്​ തിരിച്ചുനടന്നു. ഒറ്റക്കായതിൻെറ വേദന ശരിക്കും അപ്പോഴാണറിയുന്നത്​.

തിരിച്ചു പോകാനുള്ള വഴി കൺഫ്യൂഷൻ, എല്ലാ വഴികളും ഒരു പോലെ. ഒന്ന് കറങ്ങി ഹോസ്​റ്റൽ കണ്ടുപിടിച്ചു. ഹോസ്​റ്റൽ പുതിയൊരു ലോകം. പപ്പണ്ണ എന്ന കൊമ്പൻ മീശക്കാരനായ കന്നഡ മാത്രം അറിയുന്ന വാർഡനും മലയാളം മാത്രം കൈമുതലുള്ള ഞാനടക്കമുള്ള കുറെ മലയാളീസും, പിന്നെ കശ്മീരി റൂംമേറ്റ് മുതൽ പല തരത്തിലുള്ള വിവിധ ദേശക്കാരായ നോർത്ത് ഇന്ത്യൻ ഫ്രണ്ട്സ്. പല രസകരമായ സംഭവങ്ങളിലൂടെ എല്ലാവരും വളരെ പെട്ടെന്ന് കൂട്ടുകാരായി. അങ്ങനെ ഒറ്റപ്പെടലിൻെറ വിഷമം ഒരു വിധം മാറിക്കിട്ടി.ചില നിമിഷങ്ങൾ മാതാപിതാക്കൾ നമ്മളോട് കാണിക്കുന്ന സ്നേഹം നമുക്ക് ഒരു പക്ഷേ ഒട്ടും മറക്കാൻ പറ്റാത്ത അത്ര വലുതായിരിക്കാം. അന്നാ ഫോട്ടോ വാങ്ങിച്ചപ്പോ എന്നെ തനിച്ചാക്കി പോകുന്ന എൻെറ പൊന്നുപ്പാൻെറ മനസ്സ് എത്ര പിടഞ്ഞുകാണും. മാതാപിതാക്കൾ നമ്മളോട്​ കാണിച്ച സ്​നേഹം ഒരു മക്കൾക്കും അത്ര കണ്ട്​ തിരിച്ചുനൽകാനാകുമോയെന്ന്​ സംശയമുണ്ട്​.

നഴ്സിങ് പഠിക്കാൻ പോകുമ്പോ എനിക്കേറ്റവും നല്ല ഉപദേശം തന്നത് ഉപ്പയാണ്. ‘ദുർഘടമേറിയ വഴിയാണ് നി​േൻറത്​. മനുഷ്യ ജീവനുമായുള്ള പോരാട്ടമായിരിക്കും മുന്നോട്ടുള്ള ജീവിതം. അതിൽ അറപ്പും വെറുപ്പും ഉളവാക്കുന്ന തരത്തിലുള്ള പലതും തരണം ചെയ്യേണ്ടി വരും. വേതനം ആയിരിക്കരുത് ലക്ഷ്യം. ഓരോ ജീവനും വിലപ്പെട്ടതാണ്. ഒരു രോഗി​ നിനക്ക്​ ചിലപ്പോ കുറേ രോഗികളിൽ ഒരാളാവാം. പക്ഷെ ആ രോഗിയെ കാത്തിരിക്കുന്ന ഉറ്റവർ ഒരുപാടുണ്ടാവും, അവർക്ക്​ അയാൾ വേണ്ടപ്പെട്ടവനാണ്​’പഠിച്ചിറങ്ങിയപ്പോ തന്നെ ഉപ്പ പറഞ്ഞപോലെ സഹനവും ക്ഷമയും വേണ്ടുവോളം ആവശ്യമുള്ള അർബുദ ആശുപത്രിയിൽ തന്നെ ജോലിതരപെട്ടു. ഒരു ഒക്ടോബർ മാസത്തിലായിരുന്നു ആദ്യത്തെ ജോലി, മറ്റൊരു ഒക്ടോബറിലായിരുന്നു നിക്കാഹ്, പിന്നെയും ഒരു ഒക്ടോബർ മാസത്തിൽ ഖത്തറിലെ സ്വപ്ന ജോലി. മുന്നിൽ വന്ന ഒരു രോഗിയോടും ഒരിക്കലും വെറുപ്പ്​ കാണിച്ചിട്ടില്ല. 

അവരെ സ്വന്തം വീട്ടുകാരെയും കുടുംബക്കാരെയും പോലെ തന്നെയാണ് ഈ നീണ്ട 14 വർഷത്തെ നഴ്സിങ്​ ജീവിതത്തിൽ പരിഗണിച്ചത്​. കോവിഡ്​ എന്ന ഈ മഹാമാരിയുമായി പോരാടുമ്പോൾ മനസ്സിൽ ഉയരുന്ന ഒരേ ഒരു ചോദ്യം, ഞാനടക്കമുള്ളവർക്ക്​ ഉറ്റവരെയൊക്കെ ഇനിയെന്ന് നേരിൽ കാണാനാകും എന്നതാണ്​. ആരോഗ്യപ്രവർത്തകനായ എനിക്ക്​ ഈ മഹാമാരിക്കാലത്തും​ പിടിച്ചുനിൽക്കാനും കൂടുതൽ കരുത്തോടെ സേവനനിരതനാകാനും വഴികാട്ടിയ ഉപ്പ ഇപ്പോഴും ഉൾക്കരുത്തായി കൂടെയുണ്ട്​.

Tags:    
News Summary - covid-saleem valanchery-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.