ദോഹ: കോംഗോ (ഡി.ആർ.സി) സർക്കാറും കോംഗോ റിവർ അലയൻസും (എം 23 മൂവ്മെന്റ്) തമ്മിൽ ഒപ്പുവെച്ച ദോഹ ഫ്രെയിംവർക്ക് എഗ്രിമെന്റ് ഫോർ പീസിനെ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷൻ സ്വാഗതം ചെയ്തു. കരാർ യാഥാർഥ്യമാക്കുന്നതിൽ ഖത്തർ വഹിച്ച പ്രധാന പങ്കിനെയും ക്രിയാത്മക ഇടപെടലുകളെയും ഒ.ഐ.സി ജനറൽ സെക്രട്ടേറിയറ്റ് അഭിനന്ദിച്ചു.
കരാർ സമാധാന പ്രക്രിയയിലെ സുപ്രധാന ചുവടുവെപ്പാണെന്ന് ഒ.ഐ.സി നിരീക്ഷിച്ചു. സംഘർഷങ്ങൾ പരിഹരിക്കുന്നതിനും സുരക്ഷ, സമാധാനം, സ്ഥിരത, വികസനം എന്നിവ നിറവേറ്റുന്നതിനും ലക്ഷ്യമിട്ടുള്ള സമാധാന കരാറിലെ വ്യവസ്ഥകൾ പ്രായോഗികവും ഫലപ്രദവുമായി നടപ്പാക്കുന്നതിനായി ഇരു കക്ഷികളും പൂർണമായും തയാറാകുമെന്ന് ജനറൽ സെക്രട്ടേറിയറ്റ് പ്രത്യാശ പ്രകടിപ്പിച്ചു. ദോഹ ഫ്രെയിംവർക്ക് എഗ്രിമെന്റ് ഫോർ പീസ് കരാർ സമാധാന പ്രക്രിയക്ക് കരുത്തേകുമെന്നും മേഖലയിൽ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയുടെ അടിത്തറ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും ഒ.ഐ.സി കൂട്ടിച്ചേർത്തു.
ദോഹയിൽ നടന്ന വിവിധ ചർച്ചകളെ തുടർന്നാണ് വർഷങ്ങൾ നീണ്ട പോരാട്ടം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള സമാധാന ചട്ടക്കൂടിൽ കോംഗോയും വിമത ഗ്രൂപ്പായ എം 23 യും തമ്മിൽ ഒപ്പുവെച്ചത്.
ദശാബ്ദങ്ങളായി തുടരുന്ന സംഘർഷത്തിൽ മേഖലയിൽ നിരവധി പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. രണ്ട് രാജ്യങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്ത് ദോഹയിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കരാർ സാധ്യമായത്.
2025 മാർച്ച് 18ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അധ്യക്ഷതയിൽ റുവാണ്ട പ്രസിഡന്റ് പോൾ കഗാമെ, കോംഗോ പ്രസിഡന്റ് ഫെലിക്സ് ഷിസെകെദി എന്നിവർ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈ കൂടിക്കാഴ്ച ഇരു രാജ്യങ്ങൾക്കുമിടയിൽ സംവദിക്കാനും വിശ്വാസം വളർത്താനും ഘടകമായി. ഇത് പിന്നീട് സമാധാന കരാർ സാധ്യമാക്കുന്നതിൽ നിർണായകമായി. അതേസമയം, സമാധാന കരാർ സാധ്യമാക്കുന്നതിൽ ഖത്തർ വഹിച്ച മധ്യസ്ഥ ശ്രമങ്ങളെ യു.എസ് അടക്കമുള്ള രാജ്യങ്ങൾ അഭിനന്ദിച്ചു കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. നവംബർ 19-20 തീയതികളിൽ വാഷിംഗ്ടൺ ഡി.സി.യിൽ നടന്ന, കോംഗോയും റുവാണ്ടയും തമ്മിലുള്ള സമാധാന കരാറിനായുള്ള ജോയന്റ് സെക്യൂരിറ്റി കോഓഡിനേഷൻ മെക്കാനിസം (ജെ.എസ്.സി.എം) നാലാമത് യോഗത്തിന്റെ സംയുക്ത പ്രസ്താവനയിലാണ് ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളെ അഭിനന്ദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.