ദോഹ: സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഖത്തർ ഫോട്ടോഗ്രാഫി സെന്റർ സംഘടിപ്പിക്കുന്ന സിറ്റി സ്പീക്സ് അന്താരാഷ്ട്ര ഫോട്ടോഗ്രാഫി പ്രദർശനം വെള്ളിയാഴ്ച കതാറയിൽ നടക്കും. ഗ്ലോബൽ ഫോട്ടോഗ്രാഫിക് യൂനിയനുമായി (ജി.പി.യു) സഹകരിച്ചാണ് പ്രദർശനം ഒരുക്കുന്നത്. കതാറയിലെ ഖത്തർ ഫോട്ടോഗ്രാഫി സെന്റർ ആസ്ഥാനത്താണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്.
ലോകത്തിന്റെ വിവിധ നഗരങ്ങളിൽനിന്ന് പകർത്തിയ 96 ഫോട്ടോഗ്രാഫുകളാണ് പ്രദർശനത്തിലുള്ളത്. ഇവയെ 48 ജോഡികളായാണ് ക്രമീകരിച്ചിരിക്കുന്നത്. ഭൂമിശാസ്ത്രപരമായി അകന്നുനിൽക്കുന്ന നഗരങ്ങൾ തമ്മിലുള്ള മറഞ്ഞിരിക്കുന്ന ബന്ധങ്ങളെ വെളിപ്പെടുത്താനാണ് പ്രദർശനം ലക്ഷ്യമിടുന്നത്. ഓരോ ജോഡിയിലെയും ചിത്രങ്ങൾ രണ്ട് വ്യത്യസ്ത നഗരങ്ങളിലെ കാഴ്ചകൾ തമ്മിലുള്ള സാമ്യതകളും വൈരുധ്യങ്ങളും മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള സ്ഥലങ്ങളിൽ പോലും മനുഷ്യജീവിതവും വാസ്തുവിദ്യാ ശൈലികളും എങ്ങനെ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന് പ്രദർശനം വ്യക്തമാക്കുന്നു. ലോകത്തെ ഒരു ഏകീകൃത ഘടകമായി കാണാനുള്ള ക്ഷണമാണ് 'സിറ്റി സ്പീക്സ്' പ്രദർശനം എന്ന് ഖത്തർ ഫോട്ടോഗ്രാഫി സെന്റർ ഡയറക്ടർ ജാസിം അഹമ്മദ് അൽ ബുഐനൈൻ പറഞ്ഞു.
ഗ്ലോബൽ ഫോട്ടോഗ്രാഫിക് യൂനിയന്റെ ഔദ്യോഗിക കേന്ദ്രമായും പ്രാദേശിക പങ്കാളിയായും ഖത്തർ ഫോട്ടോഗ്രാഫി സെന്ററിനെ അംഗീകരിച്ചതിന്റെ ആഘോഷമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഫോട്ടോഗ്രാഫി രംഗത്തെ വളർച്ചക്കും സർഗാത്മക മേഖലയിൽ ഖത്തർ നൽകുന്ന പിന്തുണക്കുമുള്ള അന്താരാഷ്ട്ര അംഗീകാരമായാണ് പ്രദർശനം സംഘടിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.