1. ദോഹ എക്സ്പോയിലെ ചൈനീസ് പവലിയൻ 2. ചൈനീസ് പവലിയനിലെ സന്ദർശകർ
ദോഹ: കാർഷിക, പാർപ്പിട നിർമാണ മേഖലയിൽ വ്യത്യസ്ത ആശയങ്ങൾ പിന്തുടർന്ന് ലോകം കീഴടക്കുകയെന്നതാണ് ചൈനീസ് ശൈലി. ലോകമെങ്ങും ശ്രദ്ധേയമായി മാറിയ തങ്ങളുടെ പ്രതിഭയെ ദോഹ എക്സ്പോ വേദിയിലെ സന്ദർശകർക്കും പരിചയപ്പെടുത്തുന്നതാണ് ചൈനീസ് പവലിയനിലെ കാഴ്ചകൾ.
സെറാമിക്, കലാ സൃഷ്ടികളുടെ വമ്പൻ ശേഖരങ്ങളാണ് ഇവിടത്തെ സവിശേഷത. ഇതിനകം തന്നെ നിരവധി സന്ദർശകരാണ് ചൈനീസ് പവിലിയനിലെത്തുകയും സമ്പന്നമായ സംസ്കാരത്തോടും പൈതൃകത്തോടുമുള്ള തങ്ങളുടെ ആദരവ് പ്രകടിപ്പിക്കുകയും ചെയ്യുന്നത്.
പൗരാണിക ചൈനീസ് നാഗരികതയിൽ പ്രധാന സ്ഥാനം വഹിക്കുന്ന മൃഗങ്ങളുടെ ശിൽപങ്ങൾക്കൊപ്പം ചൈനീസ് ദൈനംദിന ജീവിതത്തിന്റെ രംഗങ്ങൾ, പക്ഷികൾ,പൂക്കൾ, ഹിപ്പോകൾ, കുതിരകൾ എന്നിവയുടെ മനോഹരമായ സെറാമിക് ശിൽപങ്ങളുടെ വൈവിധ്യമായ ശേഖരം പവിലിയനിലുണ്ട്.
അൽബിദ പാർക്കിലെ സാംസ്കാരിക മേഖലയുടെ വടക്കൻ ഭാഗത്ത് രണ്ട് ഭാഗങ്ങളായാണ് പ്രദർശനം നടക്കുന്നത്. സാഹിത്യം, സംഗീതം, നാടോടി നൃത്തം, ആചാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട 518 ഇനങ്ങളും വിജ്ഞാനപ്രദമായ പാനലുകളും ചൈനയുടെ അദൃശ്യ സാംസ്കാരിക പൈതൃകത്തെ പരിചയപ്പെടുത്തുന്ന ശിൽപങ്ങളുമെല്ലാം പ്രദർശനത്തിനുണ്ട്.
ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ശിൽപങ്ങളും പാത്രങ്ങളും ലഗേജ്, പൂച്ചട്ടികൾ തുടങ്ങിയ വസ്തുക്കളും, പുരാതന ചൈനയിലെ ജീവിതത്തിന്റെ കലാവിഷ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന മനോഹരമായ പർപ്ൾ നിറങ്ങളിലുള്ള കൊത്തുപണികളും പൂക്കളും സന്ദർശകരുടെ ശ്രദ്ധ നേടുന്നുണ്ട്.ചൈനീസ് പൈതൃകത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് മനോഹരമായ പരമ്പരാഗത വേഷവിധാനങ്ങളുമായെത്തിയ കൊച്ചു കുട്ടികളുടെ കലാപ്രകടനങ്ങൾ സന്ദർശകരുടെ കൈയടി നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.