ഖത്തറിൻെറ അത്ലറ്റിക്സ് ടീം ടോക്യോ ഒളിമ്പിക്സ് വില്ലേജിൽ
ദോഹ: ഒളിമ്പിക്സിൽ ഖത്തറിൻെറ പ്രതീക്ഷകളെയെല്ലാം തോളിലേറ്റി സൂപ്പർ താരം മുതാസ് ബർഷിം ഇന്നിറങ്ങുന്നു. പുരുഷ വിഭാഗം ഹൈജംപ് യോഗ്യതാ റൗണ്ടിൽ രാവിലെയാണ് മത്സരം. ലോകചാമ്പ്യൻഷിപ്പിൽ രണ്ടു വട്ടം സ്വർണവും, 2016 റിയോ ഡെ ജനീറോ ഒളിമ്പിക്സിൽ വെള്ളിയും, 2012 ലണ്ടനിൽ വെങ്കലവും നേടിയ ബർഷിം ലോകം ഉറ്റുനോക്കുന്ന താരം കൂടിയാണ്. ഒളിമ്പിക്സ് പോരാട്ടങ്ങൾ ആറു ദിനം പിന്നിട്ടിട്ടും ശ്രദ്ധേയമായ പോരാട്ടങ്ങളൊന്നും പുറത്തെടുക്കാനാവാത്ത ഖത്തറിന് പ്രതീക്ഷകളെല്ലാം അത്ലറ്റിക്സിലാണ്. ഹൈജംപിലെ ഏഷ്യൻ റെക്കോഡുകാരനായ ബർഷിം തന്നൊയാണ് സ്വപ്നങ്ങളിലെ നായകൻ. വ്യാഴാഴ്ച രാവിലെ യോഗ്യത റൗണ്ടിൽ അനായാസം കടക്കുമെന്നാണ് പ്രതീക്ഷ. 2.37 മീറ്റർ ചാടി യോഗ്യത നേടിയ ഖത്തറിൻെറ താരംതന്നെയാണ് മത്സരത്തിനുള്ള 32 പേരിൽ സീസണിലെ മികച്ച പ്രകടനത്തിനുടമ. യോഗ്യത റൗണ്ടിൽ ആദ്യ 12 സ്ഥാനങ്ങളിലെത്തുന്നവരാവും ഫൈനലിലേക്ക് യോഗ്യത നേടുക. ഞായറാഴ്ചയാണ് ഫൈനൽ റൗണ്ട്.
ഹൈജംപ് താരം മുതാസ് ബർഷിം
കരിയറിൽ 2.43 മീറ്റർ ചാടിയ ബർഷിം, 2018ന് ശേഷം 2.40 മീറ്റർ ചാടിയിട്ടില്ല. റിയോയിൽ കാനഡയുടെ ഡെറിക് ഡ്രോയിനിൻ 2.38 മീറ്റർ ചാടി സ്വർണം നേടിയപ്പോൾ, 2.36 മീറ്റർ പിന്നിട്ടാണ് ബർഷിം വെള്ളി നേടിയത്. റഷ്യയുടെ ഇലിയ ഇവാൻയുക്, ബെലാറസിൻെറ മാസ്കിം നെടാസെകാവു, അമേരിക്കയുടെ യാവോൺ ഹരിസൺ എന്നിവരാണ് ബർഷിമിന് വെല്ലുവിളി ഉയർത്തുന്ന പ്രധാന താരങ്ങൾ.
ഒളിമ്പിക്സിനുള്ള ഖത്തറിൻെറ അത്ലറ്റിക്സ് സംഘം കഴിഞ്ഞ ദിവസമാണ് ഒളിമ്പിക്സ് വില്ലേജിലെത്തിയത്. ടോക്യോയിൽനിന്നും 100 കി.മീ അകലെ തകാസാകിയിലായിരുന്നു ടീമിൻെറ പരിശീലനം. ബർഷിമിനു പുറമെ,100 മീറ്റർ വനിത വിഭാഗം ഹീറ്റ്സിൽ ബഷയ്ർ ഒബയ്ദ് അൽ മുൻവാരി ഇന്നിറങ്ങും.
അതേസമയം, പുരുഷ വിഭാഗം ട്രാപ് ഷൂട്ടിങ്ങിൽ ഖത്തറിൻെറ മുഹമ്മദ് അൽ റുമൈഹി യോഗ്യത റൗണ്ടിൽ 13ാം സ്ഥാനക്കാരനായി പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.