ദോഹ: ഫിഫ ലോകകപ്പ് മുന്നിൽക്കണ്ട് ഖത്തറിലെ റിയൽ എസ്റ്റേറ്റ് മേഖല വളരുന്നതോടൊപ്പം ആവശ്യവുമേറുന്നു.
റിയൽ എസ്റ്റേറ്റ് വിപണി ശക്തമാകുന്നതോടൊപ്പം ലോകകപ്പുമായി ബന്ധപ്പെട്ട് താമസകേന്ദ്രങ്ങളുടെ വാടകനിരക്ക് വർധിക്കുന്നതായി എം.ഡി പ്രോപ്പർട്ടീസ് റിയൽ എസ്റ്റേറ്റ് സർവിസ് വിഭാഗം തലവൻ ഇയോൻ ഡിനുവിനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ റിയൽ എസ്റ്റേറ്റ് വിപണിയുടെ വളർച്ച നേരേത്തതന്നെ ആരംഭിച്ചിട്ടുണ്ട്. നവംബർ, ഡിസംബർ മാസങ്ങളിൽ ഇതിന്റെ ഏറ്റവും ഉയർന്ന അവസ്ഥയായിരിക്കുമെന്നും ലോകകപ്പിന്റെ അവസാനത്തോടെ മൂന്നു ദിവസം മുതൽ മൂന്നു മാസക്കാലയളവിൽ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഇടിവ് സംഭവിക്കാമെന്നും ഡിനു വ്യക്തമാക്കി. 2023 ആദ്യപാദത്തോടെ നിരക്ക് വർധനയും കുറഞ്ഞുതുടങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
2015നുശേഷം ഇതാദ്യമായാണ് റിയൽ എസ്റ്റേറ്റ് വിപണി കരുത്താർജിക്കുന്നതും നിരക്ക് വർധിക്കുന്നതുമെന്ന് സെവൻ റിയൽ എസ്റ്റേറ്റ് മാനേജിങ് ഡയറക്ടർ ഇൽയാസ് സൽമീൻ പറഞ്ഞു. ലോകകപ്പ് പോലെയുള്ള വലിയ കായിക ചാമ്പ്യൻഷിപ്പുകളുടെ ഭാഗമാണ് ഈ കുതിപ്പെന്നും സൽമീൻ കൂട്ടിച്ചേർത്തു.
ഖത്തറിലെ റിയൽ എസ്റ്റേറ്റ് വ്യാപാരം ഏപ്രിലിൽ 200 കോടി റിയാൽ കവിഞ്ഞതായും 330 കരാറുകളാണ് ഈ കാലയളവിൽ നടന്നതെന്നും നീതിന്യായ മന്ത്രാലയത്തിന്റെ റിപ്പോർട്ട് ഉദ്ധരിച്ച് സൽമീൻ ചൂണ്ടിക്കാട്ടി. വിപണിയുടെ വളർച്ച തുടരുമെന്നും അതോടൊപ്പം താമസ യൂനിറ്റുകളുടെ നിരക്ക് വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തർ റിയൽ എസ്റ്റേറ്റ് വിപണിയിലേക്ക് നിക്ഷേപകർ ഉറ്റുനോക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം, ഖത്തർ സാമ്പത്തികമേഖലയിൽ അടുത്ത രണ്ട് ദശാബ്ദത്തിലും വളർച്ച തുടരുമെന്ന് ഇയോൻ ഡിനു സൂചിപ്പിച്ചു. നിരവധി പദ്ധതികളാണ് നിർമാണത്തിലുള്ളത്.
കൂടുതൽ പദ്ധതികൾ അടുത്ത വർഷത്തോടെ ആരംഭിക്കും -ഡിനു പറഞ്ഞു. രാജ്യത്തെ താമസവാടക കുത്തനെ ഉയർന്നതുസംബന്ധിച്ച് ഈയിടെ താമസക്കാർ ആശങ്ക അറിയിക്കുകയും അധികൃതർ ഇക്കാര്യത്തിൽ പ്രത്യേക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു.
ലോകകപ്പ് കാരണമാണ് വാടകനിരക്ക് വർധനയെന്നും ലോകകപ്പിനുശേഷം 2023 ആദ്യ പാദത്തോടെ വിപണി സാധാരണ നിലയിലേക്ക് തിരികെയെത്തുമെന്നും ഡിനു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.