ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള ഇസ്രായേൽ നീക്കത്തിനെതിരെ അറബ് -മുസ് ലിം രാജ്യങ്ങൾ

ദോഹ: ഗസ്സ മുനമ്പിൽ നിന്ന് ഫലസ്തീനികളെ നിർബന്ധിതമായി കുടിയൊഴിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ നീക്കങ്ങൾക്കെതിരെ പ്രതിഷേധവുമായി അറബ് -മുസ് ലിം രാജ്യങ്ങൾ. ഇസ്രായേൽ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് എന്നിവരുടെ പ്രകോപനപരമായ പ്രസ്താവനകളെയും ഖത്തർ അടക്കമുള്ള രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിലൂടെ രൂക്ഷമായി വിമർശിച്ചു.

ഖത്തറിനു പുറമേ, സൗദി അറേബ്യ, ജോർഡാൻ, യു.എ.ഇ, ഇന്തോനേഷ്യ, പാകിസ്താൻ, ഈജിപ്ത്, തുർക്കിയ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് സംയുക്ത പ്രസ്താവനയിലൂടെ നിലപാട് വ്യക്തമാക്കിയത്.സ്വന്തം മണ്ണിൽ നിന്ന് ഫലസ്തീൻ ജനതയെ ആട്ടിയോടിക്കാനുള്ള നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നും വിദേശകാര്യ മന്ത്രിമാർ ചൂണ്ടിക്കാട്ടി. ഫലസ്തീനികളെ കുടിയൊഴിപ്പിക്കാൻ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തുന്ന ശ്രമങ്ങളുടെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.

നിർബന്ധിത കുടിയൊഴിപ്പിക്കലിനെ പൂർണ്ണമായും തള്ളിക്കളയുന്ന യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സമഗ്ര സമാധാന പദ്ധതിയടക്കമുള്ള അന്താരാഷ്ട്ര നയതന്ത്ര ശ്രമങ്ങൾക്ക് ഈ നീക്കം ഭീഷണിയാണ്. ഗസ്സ, വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം എന്നിവ ഉൾപ്പെടുന്ന ഫലസ്തീൻ ഭൂപ്രദേശങ്ങൾ വേർപെടുത്താനാകാത്ത ഒന്നാണ്. 1967 ലെ അതിർത്തികൾ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്ന ‘ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ’ മാത്രമേ ശാശ്വത സമാധാനം സാധ്യമാകൂ എന്നും പ്രസ്താവനയിൽ വ്യക്തമാക്കി. ഫലസ്തീനിൽ പുതിയ ജനസംഖ്യാപരമായോ ഭൂമിശാസ്ത്രപരമായോ ഉള്ള മാറ്റങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ഇസ്രായേൽ ശ്രമങ്ങളെ യു.എൻ രക്ഷാസമിതി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം ശക്തമായി ചെറുക്കണമെന്നും വിദേശകാര്യ മന്ത്രിമാർ ആവശ്യപ്പെട്ടു. 

ഖത്തറിനെ ശത്രുരാജ്യമായി പ്രഖ്യാപിക്കുമെന്ന് നഫ്താലി ബെന്നറ്റ്

ദോഹ: അധികാരത്തിൽ തിരിച്ചെത്തിയാൽ ഖത്തറിനെ ‘ശത്രുരാജ്യമായി’ പ്രഖ്യാപിക്കുമെന്ന വിവാദ പ്രസ്താവനയുമായി മുൻ ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ഖത്തറിനെതിരെ ഇന്റലിജൻസ് വിവരങ്ങൾ ശേഖരിക്കാൻ സുരക്ഷാ ഏജൻസികൾക്ക് നിർദേശം നൽകുമെന്നും സൈനിക നടപടിക്ക് പുറമെ നയതന്ത്ര, സാമ്പത്തിക തലങ്ങളിൽ ഖത്തറിനുമേൽ സമ്മർദം ചെലുത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞദിവസം ഒരഭിമുഖത്തിനിടയിലാണ് ബെന്നറ്റ് ഖത്തറിനെതിരെ വിവാദ നിലപാടുമായി രംഗത്തെത്തിയത്. ഇസ്രായേൽ രാഷ്ട്രീയത്തിൽ തിരിച്ചുവരവിന് ശ്രമിക്കുന്ന തീവ്ര വലതുപക്ഷക്കാരനാണ് മുൻ പ്രധാനമന്ത്രിയായ നഫ്താലി ബെന്നറ്റ്.

ഖത്തറിനെ ഒരു ശത്രുരാജ്യമായി കണ്ട് നടപടികൾ ആരംഭിക്കണം. കൃത്യമായ ഇന്റലിജൻസ് വിവരങ്ങൾ ശേഖരിക്കാൻ മൊസാദ്, ഷിൻ ബെറ്റ്, ഇസ്രായേൽ സൈന്യം എന്നിവർക്ക് നിർദേശം നൽകും. ഖത്തർ ഇസ്രായേലിന് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Tags:    
News Summary - Arab and Muslim countries oppose Israel's move to displace Palestinians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.