ഐ.സി.ബി.എഫ് അപ്‌സ്‌കിൽ കോഴ്‌സിന് സമാപനം; ആദ്യ ബാച്ച് വിജയകരമായി പൂർത്തിയാക്കി

ദോഹ: ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ (ഐ.സി.ബി.എഫ്) നൈപുണ്യ വികസന പദ്ധതിയായ അപ്‌സ്‌കില്ലിങ് ഇനിഷ്യേറ്റീവിന്റെ ആദ്യ ബാച്ച് വിജയകരമായി പൂർത്തിയാക്കി. കോഴ്‌സിന്റെ സമാപന ചടങ്ങ് ഐ.സി.ബി.എഫ് കാഞ്ഞാണി ഹാളിൽ നടന്നു.

അതിവേഗം മാറിക്കൊണ്ടിരിക്കുന്നതും മത്സരാധിഷ്ഠിതവുമായ ആഗോള തൊഴിൽ വിപണിയിൽ തുടർച്ചയായ നൈപുണ്യ വികസനം അനിവാര്യതയാണ്. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് ഇന്ത്യൻ പ്രവാസി തൊഴിലാളി സമൂഹത്തിനിടയിൽ ആവശ്യമായ നൈപുണ്യ വിടവുകൾ നികത്തുന്നതിനും തൊഴിൽക്ഷമത വർധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഐ.സി.ബി.എഫ് അപ്‌സ്‌കില്ലിങ് ഇനിഷ്യേറ്റീവ് ആരംഭിച്ചത്.

 

വ്യത്യസ്ത തൊഴിൽ സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുന്ന പ്രൊഫഷണലുകളുടെ കരിയർ വളർച്ചയിൽ പ്രായോഗികവും ലക്ഷ്യബദ്ധവുമായ പരിശീലനത്തിന് നിർണായകമായ മാറ്റങ്ങൾ സൃഷ്ടിക്കാനാകുമെന്ന ആശയത്തിലാണ് പദ്ധതി രൂപപ്പെടുത്തിയത്.

ഈ സംരംഭത്തിലൂടെ ആരംഭിച്ച ആദ്യ പരിശീലന പരിപാടിയായിരുന്നു മൂന്ന് മാസം ദൈർഘ്യമുള്ള സ്‌പോക്കൺ അറബിക് – പ്രാരംഭ കോഴ്‌സ്. ജൂണിൽ ആരംഭിച്ച കോഴ്‌സ്, തൊഴിൽ അന്വേഷകരെയും ജോലി ചെയ്യുന്ന പ്രഫഷണലുകളെയും ലക്ഷ്യമിട്ട് അടിസ്ഥാന അറബിക് ആശയവിനിമയ ശേഷി വികസിപ്പിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തതായിരുന്നു.

തൊഴിൽസ്ഥലങ്ങളിലെ ആശയവിനിമയം മുതൽ ആശുപത്രികൾ, സർക്കാർ ഓഫിസുകൾ തുടങ്ങിയ അവശ്യ സേവന കേന്ദ്രങ്ങളിൽ ഇടപെടുന്നതുവരെയുള്ള ദൈനംദിന ആവശ്യങ്ങളിൽ പ്രയോജനപ്പെടുന്ന അടിസ്ഥാന അറബിക് ഭാഷാ പരിജ്ഞാനം നേടാൻ പരിശീലനം സഹായിച്ചു. 20ലധികം പഠിതാക്കൾ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. സമാപന ചടങ്ങിൽ പഠിതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ചടങ്ങിൽ സംസാരിച്ച ഐ.സി.ബി.എഫ് ആക്ടിങ് പ്രസിഡന്റ് റഷീദ് അഹമ്മദ്, ഇന്നത്തെ തൊഴിൽ സാഹചര്യത്തിൽ നൈപുണ്യ വികസനത്തിനുള്ള നിർണായക പ്രാധാന്യം എടുത്തുപറഞ്ഞു. കോഴ്‌സിന് നേതൃത്വം നൽകിയ സന്നദ്ധ പരിശീലകരുടെ സേവനത്തെയും അദ്ദേഹം അഭിനന്ദിച്ചു.

പരിശീലനത്തിലൂടെ തങ്ങളുടെ ദൈനംദിന ജീവിതത്തിലും പ്രാദേശിക സമൂഹവുമായുള്ള ആശയവിനിമയത്തിലും ഉണ്ടായ നേരിട്ടുള്ള മാറ്റങ്ങളെക്കുറിച്ച് കോഴ്‌സ് പഠിതാക്കൾ അനുഭവങ്ങൾ പങ്കുവെച്ചു. തൊഴിൽപരവും വ്യക്തിപരവുമായ മേഖലകളിൽ കൂടുതൽ സുഗമമായി ആശയവിനിമയം നടത്താൻ പരിശീലനം സഹായിച്ചതായി അവർ പറഞ്ഞു.

ചടങ്ങിൽ ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗത പ്രസംഗം പറഞ്ഞു. ലീഡ് ട്രെയിനർ ഫൈസൽ നിയാസ് ഹുദവി, സെക്രട്ടറി ജാഫർ തയ്യിൽ എന്നിവർ സംസാരിച്ചു. മാനേജിങ് കമ്മിറ്റി അംഗങ്ങളായ മിനി സിബി, ശങ്കർ ഗൗഡ് എന്നിവർ നേതൃത്വം നൽകി. ആദ്യ ബാച്ച് വിജയകരമായി പൂർത്തീകരിച്ചതോടെ, സമാനമായ കൂടുതൽ നൈപുണ്യ വികസന പരിപാടികൾ സംഘടിപ്പാക്കാനുള്ള പ്രതിബദ്ധത ഐ.സി.ബി.എഫ് ആവർത്തിച്ചു.

Tags:    
News Summary - ICBF Upskill course concludes; first batch successfully graduates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.