ഓൺലൈൻ സേവനങ്ങൾ വിപുലീകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം; ഔൻ ആപ്പിൽ വെറ്ററിനറി, കാർഷിക സേവനങ്ങൾ ലഭ്യമാക്കി

ദോഹ: പൊതുജനസേവനങ്ങൾ പൂർണ്ണമായും ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെയും നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിന്റെയും ഭാഗമായി മുനിസിപ്പാലിറ്റി മന്ത്രാലയം ഔദ്യോഗിക ഡിജിറ്റൽ ആപ്ലിക്കേഷനായ 'ഔൻ' വഴി 38 പുതിയ ഓൺലൈൻ സേവനങ്ങൾ കൂടി പുറത്തിറക്കി.

സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും ഉപഭോക്താക്കൾക്ക് ഓഫിസുകൾ സന്ദർശിക്കാതെ തന്നെ സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് വെറ്റിനറി, കാർഷിക സേവനങ്ങൾ എന്നിവകൂടി ഓൺലൈനിൽ ലഭ്യമാക്കിയത്.

മൃഗങ്ങൾ, കന്നുകാലികൾ, വളർത്തുമൃഗങ്ങൾ (പൂച്ചകൾ, നായ്ക്കൾ, കുതിരകൾ, ഒട്ടകങ്ങൾ), പക്ഷിമൃഗാദികൾ, അലങ്കാരമത്സ്യങ്ങൾ, മൃഗങ്ങളുടെ തീറ്റ, മറ്റ് മൃഗങ്ങളുടെ ഉൽപന്നങ്ങൾ എന്നിവയുടെ ഇറക്കുമതി, മൃഗങ്ങളുടെയും ഉൽപന്നങ്ങളുടെയും കയറ്റുമതിക്ക് ആവശ്യമായ വെറ്ററിനറി സർട്ടിഫിക്കറ്റുകൾ എന്നിവ ഇനി ഓൺലൈനിലൂടെ അപേക്ഷിക്കാം.

വെറ്റിനറി ക്വാറന്റൈൻ ലൈസൻസ് പുതുക്കൽ, ഭേദഗതി വരുത്തൽ, വെറ്റിനറി ക്വാറന്റൈൻ സേവനങ്ങൾക്കായി പുതിയ കമ്പനികൾ രജിസ്റ്റർ ചെയ്യൽ, കർഷകർക്കുള്ള അഗ്രികൾച്ചറൽ കൺസൈൻമെന്റ് കയറ്റുമതിക്കുള്ള അനുമതി തുടങ്ങി 38 സേവനങ്ങളാണ് മന്ത്രാലയം ഓൺലൈനിലൂടെ ലഭ്യമാക്കിയത്.

മൊബൈൽ ഫോണിൽ ഔൻ ആപ്പ് ഡൗൺലോഡ് ചെയ്ത് ഖത്തർ ഐ.ഡി, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ നൽകി ലോഗിൻ ചെയ്യാം. ആപ്പിലൂടെ ആവശ്യമായ സേവനം തിരഞ്ഞെടുത്ത് ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാനും, സമർപ്പിച്ച അപേക്ഷകളുടെ സ്റ്റാറ്റസ് പരിശോധിക്കാനും സാധിക്കും. രാജ്യത്തെ ഡിജിറ്റൽ പരിവർത്തനത്തിനും കാർഷിക -മൃഗസംരക്ഷണ മേഖലകളിലെ സുഗമമായ പ്രവർത്തനങ്ങൾക്കും പുതിയ ഓൺലൈൻ സേവനം വലിയ രീതിയിൽ സഹായകമാകും.

Tags:    
News Summary - Ministry of Municipality expands online services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.