ഹജ്ജ് രജിസ്ട്രേഷൻ സെപ്റ്റംബർ 20 മുതൽ
ദോഹ: ഹജ്ജ് തീർത്ഥാടനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ സെപ്റ്റംബർ 20 ന് ആരംഭിക്കും. ഒക്ടോബർ 20 വരെ ഔദ്യോഗിക ഹജ്ജ് പോർട്ടൽ വഴി (hajj.gov.qa) സ്വദേശികൾക്കും പ്രവാസികൾക്കും അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് ഇസ് ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ് അറിയിച്ചു. വരാനിരിക്കുന്ന ഹജ്ജ് സീസണിലേക്ക് ഖത്തറിനായി 4,400 പേരുടെ ക്വോട്ടയാണ് അനുവദിച്ചിരിക്കുന്നത്.
അപേക്ഷകർ പ്രാഥമിക ഘട്ടമായി മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാതെ തന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ (പി.എച്ച്.സി.സി) നേരിട്ടെത്തി സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാം. ഖത്തരി പൗരന്മാരായ അപേക്ഷകർക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം. അപേക്ഷയിൽ പരമാവധി മൂന്ന് പേരെ ഉൾപ്പെടുത്താം.
പ്രവാസികൾക്കും ജി.സി.സി പൗരന്മാർക്കും 45 വയസ്സ് പൂർത്തിയായിരിക്കണം. മുമ്പ് ഹജ്ജ് നിർവ്വഹിച്ചിട്ടില്ലാത്തവരും ഖത്തറിൽ കുറഞ്ഞത് 15 വർഷമായി തുടർച്ചയായി താമസിക്കുന്നവരുമായിരിക്കണം. ഇവർക്ക് കൂടെ ഒരാളെ അനുഗാമിയായി ചേർക്കാം. രജിസ്ട്രേഷൻ പ്രക്രിയകൾ എളുപ്പമാക്കുന്നതിനായി ഇലക്ട്രോണിക് സംവിധാനങ്ങളും പേയ്‌മെന്റ് രീതികളും പരിഷ്കരിച്ചിട്ടുണ്ട്. അപേക്ഷകളുടെ പരിശോധനക്ക് ശേഷം അർഹരായവർക്കുള്ള അനുമതി സന്ദേശങ്ങൾ ഒക്ടോബർ അവസാനത്തോടെ അയച്ചുതുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.