ഖത്തർ, യു.എ.ഇ സൂപ്പർ കപ്പ് പ്രഖ്യാപന വേദിയിൽനിന്ന്
ദോഹ: ഖത്തറിലെയും യു.എ.ഇയിലെയും ചാമ്പ്യൻ ക്ലബുകളുടെ വമ്പൻ പോരാട്ടങ്ങളുമായി സൂപ്പർ കപ്പും സൂപ്പർ ഷീൽഡും വരുന്നു. ഏപ്രിലിൽ ഖത്തറിലും ദുബൈയിലുമായാണ് മുൻനിര ക്ലബുകൾ മാറ്റുരക്കുന്ന ചാമ്പ്യൻഷിപ്പിന് വേദിയൊരുങ്ങുന്നത്. ഇതുസംബന്ധിച്ച് ദോഹയിൽ നടന്ന വാർത്തസമ്മേളനത്തിൽ ഖത്തർ ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡൻറ് മുഹമ്മദ് ഖലീഫ അൽ സുവൈദിയും യു.എ.ഇ പ്രോ ലീഗ് ചെയർമാൻ അബ്ദുല്ല നാസർ അൽ ജുനൈബിയും പ്രഖ്യാപനം നടത്തി.
ഖത്തർ അമീർ കപ്പ് ജേതാക്കളായ അൽ അറബിയും, യു.എ.ഇ പ്രസിഡൻറ് കപ്പ് ജേതാക്കളായ ഷാർജ എഫ്.സിയും മാറ്റുരക്കുന്ന ഖത്തർ -യു.എ.ഇ സൂപ്പർ കപ്പിന് ഏപ്രിൽ 12ന് ദോഹ വേദിയാകും. ഇരു രാജ്യങ്ങളിലെയും ലീഗ് ചാമ്പ്യൻ ക്ലബുകൾ തമ്മിലെ മത്സരമായ സൂപ്പർഷീൽഡിന് ഏപ്രിൽ 13ന് ദുബൈ വേദിയാകും. ഖത്തർ സ്റ്റാർസ് ലീഗ് ചാമ്പ്യൻ ക്ലബ് അൽ ദുഹൈലും, യു.എ.ഇ പ്രോ ലീഗ് ചാമ്പ്യന്മാരായ ഷബാബ് അൽ അഹ്ലിയും തമ്മിലാണ് സൂപ്പർ കപ്പ് ഷീൽഡിനായി മത്സരിക്കുന്നത്.
അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് ഇരു രാജ്യങ്ങളിലെയും അമീർ കപ്പും പ്രസിഡൻറ് കപ്പും. രാഷ്ട്രത്തലവനായ അമീറിന്റെ പേരിലുള്ള ചാമ്പ്യൻസ് കപ്പിന് 1972ലാണ് ഖത്തറിൽ തുടക്കം കുറിക്കുന്നത്. യു.എ.ഇ പ്രസിഡൻറിന്റെ പേരിലുള്ള പ്രസിഡൻറ്സ് കപ്പിന് 1974ലാണ് യു.എ.ഇയിൽ തുടക്കം കുറിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.