ദോഹ: അടച്ചിട്ടതോ വായുസഞ്ചാരം കുറഞ്ഞതോ ആയ ഇടങ്ങളിൽ ചൂടുലഭിക്കാനായി വിറകോ കരിയോ കത്തിക്കുന്നത് ഒഴിവാക്കണമെന്ന ഓർമപ്പെടുത്തലുമായി ആഭ്യന്തര മന്ത്രാലയം. പൊതുസുരക്ഷ വർധിപ്പിക്കുന്നതിനും അപകടങ്ങൾ തടയുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. തണുപ്പുള്ള കാലാവസ്ഥയിൽ ഇത്തരം പരമ്പരാഗത രീതികൾ ഫലപ്രദമെന്ന് തോന്നാമെങ്കിലും, വീടിനുള്ളിൽ തീ കത്തിക്കുന്നതോ കൽക്കരി ഉപയോഗിക്കുന്നതോ ഗുരുതരമായ ആരോഗ്യ -സുരക്ഷാ ഭീഷണികൾ ഉയർത്തുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത് കാർബൺ മോണോക്സൈഡ് എന്ന വിഷവാതകം പുറന്തള്ളുന്നതിന് കാരണമാകും.
പ്രത്യേക നിറമോ മണമോ ഇല്ലാത്ത ഈ വാതകം പ്രത്യേക ഉപകരണങ്ങളുടെ സഹായമില്ലാതെ തിരിച്ചറിയാൻ സാധിക്കില്ലെന്നും എക്സ് പ്ലാറ്റ്ഫോമിലൂടെ നൽകിയ സന്ദേശത്തിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. വീട്ടിലെ മുറികൾ, ടെന്റുകൾ, കാരവനുകൾ, അടച്ചിട്ട മജ് ലിസുകൾ തുടങ്ങിയ വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളിൽ അപകടസാധ്യത വളരെ കൂടുതലാണ്. വീടിനുള്ളിൽ വിറകും കൽക്കരിയും ഉപയോഗിക്കുന്നത് ഒഴിവാക്കുന്നത് വഴി അപകടങ്ങൾ, തീപിടിത്തം, വിഷബാധ എന്നിവ കുറക്കാൻ സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.