ദോഹ: ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ് 10 മുതൽ 15 വയസ്സുവരെയുള്ള ആൺകുട്ടികൾക്കായി സംഘടിപ്പിക്കുന്ന വേനൽകാല പരിപാടിയായ ‘സൈഫുനാ അലാ കൈഫ്നാ’ എന്ന പരിപാടിയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. വിദ്യാർഥികൾക്ക് വേനലവധിക്കാലം പ്രയോജനപ്രദമായ രീതിയിൽ ഉപയോഗിക്കാൻ അവസരമൊരുക്കുന്നതാണ് പരിപാടി.
ആത്മീയവും ധാർമികവുമായ വളർച്ചക്ക് പ്രാധാന്യം നൽകി വിദ്യാഭ്യാസം, വിനോദം, സാംസ്കാരികം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ കഴിവുകൾ വികസിപ്പിക്കുകയും മതവിജ്ഞാനം ആഴത്തിൽ നൽകുകയുമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ആകർഷകവും സുരക്ഷിതവുമായ പഠനാന്തരീക്ഷത്തിലുമായിരിക്കും പരിപാടി സംഘടിപ്പിക്കുക.
ജൂലൈ ആറുമുതൽ അവസാനവാരം വരെ, ഞായറാഴ്ചമുതൽ ബുധനാഴ്ചവരെയുള്ള നാല് ദിവസങ്ങളിലാണ് പരിപാടി. പരിപാടിയിൽ വിദ്യാഭ്യാസ-പരിശീലന വർക്ക്ഷോപ്പുകളും വിവിധ ദേശീയ സ്ഥാപനങ്ങളുമായി സഹകരിച്ച് ഔട്ട്സൈഡ് പരിശീലന സെഷനുകളും സംഘടിപ്പിക്കും.
വിവിധ ഭാഗങ്ങളിലായി 10 വേനൽ കേന്ദ്രങ്ങളാണ് ഇത്തവണ പരിപാടിക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ഇസ്ലാമിക മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ബുദ്ധിപരമായും വ്യക്തിത്വപരവുമായ വളർച്ചക്ക് പിന്തുണ നൽകുകയും ചെയ്യുന്ന പദ്ധതിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.