ലോക സാമൂഹിക വികസന ഉച്ചകോടിയിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് സംസാരിക്കുന്നു
ദോഹ: സുഡാനിലെ ആക്രമണങ്ങൾ നിയന്ത്രണാതീതമാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ദോഹയിൽ നടന്ന രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടി സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും മാനുഷിക സഹായങ്ങൾ സുരക്ഷിതമായി എത്തിക്കുന്നതിന്, സുഡാനിലേക്ക് ആയുധങ്ങളെത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 18 മാസത്തിലേറെയായി എൽ ഫഷറും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾ ദുരിതവും വിശപ്പും ആക്രമണവും അനുഭവിക്കുന്നു. കഴിഞ്ഞ ദിവസം റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് എൽ ഫഷറിൽ പ്രവേശിച്ചതുമുതൽ, സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു.
പോഷകാഹാരക്കുറവ്, രോഗം, ആക്രമണം എന്നിവയാൽ ആളുകൾ മരിക്കുന്നു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് വരുന്നത്. ആശുപത്രികൾ, എണ്ണ ശുദ്ധീകരണശാലകൾ ഉൾപ്പെടെ സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗസ്സയിലെ വെടിനിർത്തൽ തുടർച്ചയായി ലംഘിക്കപ്പെടുന്നതിൽ ഗുട്ടെറസ് ആശങ്ക രേഖപ്പെടുത്തി. എല്ലാ കക്ഷികളും സമാധാന ഉടമ്പടിയുടെ ആദ്യഘട്ട തീരുമാനങ്ങൾ പാലിക്കണം. ഇസ്രായേലിനും ഫലസ്തീനികൾക്കും സമാധാനപരമായും സുരക്ഷിതമായും ജീവിതം ഉറപ്പാക്കാൻ ദ്വിരാഷ്ട്ര പരിഹാരം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.