അറബ് ലീഗിന്റെ ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് നടന്ന സമ്മേളനത്തിൽ ഖത്തർ നീതിന്യായ, കാബിനറ്റ് കാര്യ സഹമന്ത്രി ഇബ്രാഹിം ബിൻ അലി ബിൻ ഇസ അൽ ഹസ്സൻ അൽ മുഹന്നദി പങ്കെടുത്തപ്പോൾ
ദോഹ: അറബ് നീതിന്യായ മന്ത്രിമാരുടെ കൗൺസിലിന്റെ 41ാമത് സമ്മേളനം ഈജിപ്തിലെ കൈറോയിൽ നടന്നു. അറബ് ലീഗിന്റെ ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് നടന്ന സമ്മേളനത്തിൽ ഖത്തറിനെ പ്രതിനിധീകരിച്ച് നീതിന്യായ, കാബിനറ്റ് കാര്യ സഹമന്ത്രി ഇബ്രാഹിം ബിൻ അലി ബിൻ ഇസ അൽ ഹസ്സൻ അൽ മുഹന്നദി നേതൃത്വം നൽകുന്ന സംഘം പങ്കെടുത്തു. അറബ് നിയമ-നീതിന്യായ രംഗത്ത് സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഖത്തറിന്റെ പ്രതിബദ്ധത അൽ മുഹന്നദി പങ്കുവെച്ചു. സാമൂഹിക നീതി, സമാധാനം, സുരക്ഷ, മനുഷ്യാവകാശങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗരേഖയായി ദോഹയിൽ നടന്ന രണ്ടാമത് ലോക സാമൂഹിക വികസന ഉച്ചകോടി അംഗീകരിച്ച രാഷ്ട്രീയ പ്രഖ്യാപനത്തെ മന്ത്രി പ്രശംസിച്ചു.
സമ്മേളനത്തിൽ അറബ് രാജ്യങ്ങളുടെ നീതിന്യായ മന്ത്രിമാർ നിരവധി വിഷയങ്ങൾ ചർച്ചചെയ്തു. കൗൺസിൽ പാസാക്കിയ പ്രമേയങ്ങൾ നടപ്പാക്കുന്ന നടപടികളെക്കുറിച്ചുള്ള ടെക്നിക്കൽ സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട്, അറബ് കരാറുകൾ പ്രകാരം ഭീകരവാദത്തിനെതിരായ പോരാട്ടം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. അറബ് സഹകരണം വർധിപ്പിക്കുന്നതിനുള്ള നടപടികളും മന്ത്രിമാർ ചർച്ച ചെയ്തു.
കൂടാതെ അറബ് നിയമങ്ങളുടെ ഏകീകരണം, അറബ് അഴിമതിവിരുദ്ധ കരാർ, അറബ് രാജ്യങ്ങളിലെ അഭയാർഥികളെ കുറിച്ചുള്ള കരട് അറബ് കരാർ, വ്യക്തിഗത ഡേറ്റ സംരക്ഷണത്തിനുള്ള കരട് അറബ് കരാർ, സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച അറബ് ഉടമ്പടി, നീതിന്യായ മന്ത്രിമാരുടെയും ആഭ്യന്തര മന്ത്രിമാരുടെയും കൗൺസിലുകളുടെ സെക്രട്ടേറിയറ്റുകൾ തമ്മിലുള്ള സഹകരണം, കൗൺസിലിന്റെ പ്രത്യേക അക്കൗണ്ട് വിലയിരുത്തൽ തുടങ്ങിയ വിഷയങ്ങളും പരിഗണിച്ചു. അൽജീരിയ, തുനീഷ്യ, മൊറോക്കോ, സൗദി അറേബ്യ, സുഡാൻ എന്നീ രാജ്യങ്ങൾ സമർപ്പിച്ച നിർദേശങ്ങളും അറബ് ലീഗ് ജനറൽ സെക്രട്ടേറിയറ്റിന്റെ നിർദേശങ്ങളും കൗൺസിൽ പരിശോധിച്ചു.
അതേസമയം, കൈറോയിലെത്തിയ നീതിന്യായ, കാബിനറ്റ് കാര്യ സഹമന്ത്രി ഇബ്രാഹിം ബിൻ അലി ബിൻ ഇസ അൽ ഹസ്സൻ അൽ മുഹന്നദി ഈജിപ്തിലെ നീതിന്യായ മന്ത്രി അദ്നാൻ അൽ ഫഗരി, സുഡാൻ നീതിന്യായ മന്ത്രി ഡോ. അബ്ദുല്ല മുഹമ്മദ് ദിരിഫ്, സിറിയയുടെ നീതിന്യായ മന്ത്രി ഡോ. മസർ അബ്ദുൽ റഹ്മാൻ അൽ വൈസ് എന്നിവരുമായും കൂടിക്കാഴ്ച നടത്തി. ഖത്തർ, ഈജിപ്ത്, സുഡാൻ, സിറിയ തുടങ്ങിയ രാജ്യങ്ങൾ തമ്മിലുള്ള നിയമപരമായ സഹകരണത്തെക്കുറിച്ച് ചർച്ച ചെയ്തു. പരസ്പര വൈദഗ്ധ്യം വളർത്തിയെടുക്കുന്നതിനും അറബ് രാജ്യങ്ങൾ തമ്മിലുള്ള പരസ്പര പിന്തുണ ശക്തിപ്പെടുത്തുന്നതിനുമായി വിവിധ മേഖലകളിൽ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളിലാണ് ചർച്ചകൾ കേന്ദ്രീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.