അറബ് -ഇസ്‌ലാമിക് ഉച്ചകോടിക്കെത്തിയ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗനെ ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഹസ്സൻ ബിൻ അലി ആൽഥാനി സ്വീകരിക്കുന്നു
ദോഹ: ഖത്തറിനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ദോഹയിൽ ചേർന്ന അറബ്-ഇസ്ലാമിക ഉച്ചകോടിയിൽ ഇസ്രയേലിനെതിരെ രൂക്ഷ പ്രതികരണവുമായി വിവിധ രാഷ്ട്ര നേതാക്കൾ. ഐക്യദാർഢ്യത്തിന്‍റെ അസാധാരണമായ അധ്യായം കുറിച്ച ഉച്ചകോടിയിൽ വഞ്ചനാപരവും ഭീരുത്വപൂർണവുമായ ആക്രമണമാണ് ഇസ്രയേൽ നടത്തിയതെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി പറഞ്ഞു.
ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളെ തുരങ്കംവെക്കുകയയിരുന്നു ആക്രമണത്തിന്‍റെ ലക്ഷ്യം. അറബ് മേഖല ഇസ്രയേലിന്‍റെ സ്വാധീനത്തിന് കീഴിൽവരുമെന്ന സ്വപ്നത്തിലാണ് നെതന്യാഹു. എന്നാലത് ഒരു അപകടകരമായ ഭ്രമം മാത്രമാണ് -അമീർ കൂട്ടിച്ചേർത്തു.
അമേരിക്കൻ സ്വാധീനത്തെ പരോക്ഷമായി സൂചിപ്പിച്ച് മേഖല സ്വയംപര്യപ്തത നേടണമെന്ന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ആവശ്യപ്പെട്ടു. ഇസ്രയേലിനുമേൽ സാമ്പത്തിക ഉപരോധം ചുമത്തണം. ഇത്തരം നടപടികൾ നേരത്തെ വിജയിച്ചിട്ടുണ്ട്. ഫലസ്തീൻ ജനതയുടെ കുടിയിറക്കലും വംശഹത്യയും വിഭജനവും ഒരിക്കലും അംഗീകരിക്കാനാവില്ല -അദ്ദേഹം വ്യക്തമാക്കി.
ശക്തി ഉപയോഗിച്ച് സുരക്ഷയും അഖണ്ഡതയും സംരക്ഷിക്കാൻ കഴിയില്ലെന്ന് ഇസ്രയേൽ തിരിച്ചറിയണമെന്നും നിയമത്തെയും മറ്റു രാജ്യങ്ങളുടെ അഖണ്ഡതയെ മാനിച്ചും മാത്രമേ ഇക്കാര്യം നേടാകൂമെന്നായിരുന്നു ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫത്തഹ് സീസീയുടെ പ്രതികരണം.
ഇസ്രയേൽ ജയർത്തുന്ന വെല്ലുവിളി അതിരുകളില്ലാത്താണെന്നതിന്‍റെ തെളിവാണ് ദോഹ ആക്രമണമെന്ന് ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ പറഞ്ഞു. നമ്മുടെ മറുപടി കൃത്യവും നിർണായകവും ഭാവി ആക്രമണങ്ങളെ തടയുന്നതുമാകണമെന്നും, അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ കൈയേറ്റം വ്യാപിപ്പിച്ച് ദ്വരാഷ്ട്ര പരിഹാരത്തെ അട്ടിമറിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
രാജ്യങ്ങൾക്കും ജനതകൾക്കും നേരെയുള്ള ആക്രമണങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ ഇസ്രയേലിനെ അന്താരാഷ്ട്ര സമൂഹം അനുവദിക്കരുതെന്ന് ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു.
ഇസ്രയേലിന്‍റെ ഖത്തർ ആക്രമണം നിമിഷപ്രേരണയാൽ ഉണ്ടായതല്ലെന്നും അവർ അനുഭവിക്കുന്ന ശിക്ഷയില്ലായ്മയുടെ ഫലമാണെന്നും ഇറാൻ പ്രസിഡന്റ് മഹ്മൂദ് പെഷസ്കിയാൻ പറഞ്ഞു. വെല്ലുവിളികൾക്കെതിരെ നാം എഴുന്നേറ്റുനിൽക്കണം. 12 ദിവസത്തെ യുദ്ധത്തിൽ ഇറാന്‍റെ അഖണ്ഡത മാത്രമല്ല ലംഘിക്കപ്പെട്ടതെന്നും ജനതയുടെ അന്തസ്സിനെ കൂടിയാണ് മുറിവേൽപിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. അപലപനങ്ങൾ മിസൈലുകളെ തടയില്ലെന്നും വാക്കുകളും പ്രഖ്യാപനങ്ങളും ഇസ്രയേലിനെ തടയാൻ അപര്യാപ്തമാണെന്നും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീം പറഞ്ഞു.
അറബ്-ഇസ്ലാമിക രാജ്യങ്ങളുടെ സുരക്ഷക്കായി ‘നാറ്റോ’ രൂപത്തിലുള്ള പ്രതിരോധ സഖ്യത്തിന് രൂപം നൽകണമെന്ന് ഇറാഖി പ്രധാനമന്ത്രി മുഹമ്മദ് ശിയാ അൽ സുദാനി ആവശ്യപ്പെട്ടു. ഇസ്രയേലിനെ ‘തെമ്മാടി രാഷ്ട്രം’ എന്നുവിളിച്ച അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗൈഥ്, ആ രാജ്യത്തിന്‍റെ കുറ്റകൃത്യങ്ങൾക്കെതിരായ അന്താരാഷ്ട്ര നിശ്ശബ്ദത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.