ദോഹ: രാജ്യത്തെ ജല ഉൽപാദനത്തിലും സംഭരണശേഷിയിലും വൻ വർധനവ് രേഖപ്പെടുത്തി ഖത്തർ. കുടിവെള്ള സംഭരണ ശേഷിയിൽ, 35 ശതമാനം അധിക കരുതൽ ശേഖരം കൈവരിച്ചതായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ വിഭാഗമായ കഹ്റമാ അറിയിച്ചു. പരമാവധി ഉൽപാദന ശേഷി പ്രതിദിനം 540 മില്യൺ ഗാലൻ ആയി വർധിച്ചിട്ടുണ്ട്. അതേസമയം, ഏകദേശം 400 മില്യൺ ഗാലൻ ജലമാണ് പ്രതിദിന ശരാശരി ഉപഭോഗം വരുന്നത്. 2,924 മില്യൺ ഗാലൻ ജലം നിലവിൽ സംഭരണശേഷിയുണ്ട്. രാജ്യത്തിന്റെ ജലസുരക്ഷ ഉറപ്പാക്കുന്നതിലും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും വലിയ നേട്ടമാണിത്.
ഖത്തർ നാഷനൽ വിഷൻ 2030ന് അനുസൃതമായി കഹ്റമാ രാജ്യത്തിന്റെ ജല അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള കുടിവെള്ള വിതരണ ശൃംഖല 11,000 കിലോമീറ്ററിലധികം വ്യാപിപ്പിച്ചു കഴിഞ്ഞു. ഇതിലൂടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും തടസ്സമില്ലാതെ കുടിവെള്ളം എത്തിക്കാൻ സാധിക്കുന്നുണ്ട്. 100 മില്യൺ ഗാലൻ ശേഷിയുള്ള 15 വാട്ടർ റിസർവോയറുകളാണ് കഹ്റമ പ്രവർത്തിപ്പിക്കുന്നത്. രാജ്യത്തുടനീളം 9 ഉത്പാദന പ്ലാന്റുകളും 45 സംഭരണ സ്റ്റേഷനുകളും പ്രവർത്തിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ അംഗീകൃത മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് കുടിവെള്ള വിതരണം നടത്തുന്നത്.
ജലത്തിന്റെ ഗുണനിലവാരം നിരന്തരം പരിശോധിക്കുന്നതിനായി രാജ്യത്തുടനീളം 3,000ത്തിലധികം സാമ്പിൾ പരിശോധനാ കേന്ദ്രങ്ങളാണ് കഹ്റമാ സജ്ജീകരിച്ചിരിക്കുന്നത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ജലവിതരണ ശൃംഖലയിലെ ചോർച്ചയും സാങ്കേതിക തകരാറുകളും 4.5 ശതമാനത്തിലും താഴെയായി നിലനിർത്താനും സാധിച്ചിട്ടുണ്ട്. ഉൽപാദന ശേഷി വർധിപ്പിക്കുക, ശക്തമായ വിതരണ ശൃംഖല ഉറപ്പാക്കുക, തന്ത്രപ്രധാനമായ ജലശേഖരം സൂക്ഷിക്കുക എന്നിവയാണ് കഹ്റമാ തങ്ങളുടെ വികസന പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.