അബു സംറ അതിർത്തി
ദോഹ: ഖത്തറിന്റെ കര അതിർത്തിയായ അബു സംറ സ്മാർട്ടാക്കി മാറ്റാനൊരുങ്ങി അധികൃതർ. രാജ്യത്തിനകത്തേക്കും പുറത്തേക്കുമായി ദിവസേന പതിനായിരങ്ങൾ കടന്നുപോകുന്ന അതിർത്തിയിലെ കാലതാമസം ഒഴിവാക്കുന്നതിന്റെ ഭാഗമായി ബൃഹത്തായ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. വൈകാതെ തന്നെ സൗദിയുമായി ചേര്‍ന്ന് പൂര്‍ണ തോതില്‍ ഡിജിറ്റലാക്കാനാണ് നീക്കം.
കരവഴി ഖത്തറിലേക്കുള്ള ഏക കവാടമാണ് സൗദിയുമായി അതിര്‍ത്തി പങ്കിടുന്ന അബൂ സംറ. ദിനം പ്രതി നിരവധി വാഹനങ്ങളാണ് ബോര്‍ഡര്‍ വഴി സൗദിയിലേക്കും തിരിച്ചും വരുന്നത്. ആദ്യഘട്ടത്തില്‍ എന്‍ട്രി പോര്‍ട്ടില്‍ ഈ സംവിധാനം ഉറപ്പാക്കും. നിലവില്‍ പ്രീ രജിസ്ട്രേഷന് വഴി പ്രത്യേക ലൈന്‍ ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം സൗദിയുമായി സഹകരിച്ച് വാഹന വിവരങ്ങളും ഇന്‍ഷുറന്‍സ് വിവരങ്ങളും ഇലക്ട്രോണിക് സംവിധാനം വഴി കൈമാറുന്നതിനുള്ള സൗകര്യമൊരുക്കും. അതോടെ അതിര്‍ത്തിയില്‍ രേഖകള്‍ പരിശോധിക്കുന്നതിനും മറ്റുമായി ചെലവഴിക്കുന്ന സമയം യാത്രക്കാര്‍ക്ക് ലാഭിക്കാം. കഴിഞ്ഞ പെരുന്നാള്‍ സമയത്ത് മാത്രം മൂന്നേമുക്കാല്‍ ലക്ഷം പേരാണ് അബുസംറ അതിര്‍ത്തി വഴി യാത്ര ചെയ്തിരുന്നത്.
ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസിനു കീഴിൽ നടപ്പാക്കുന്ന സ്മാർട്ട് പോർട്ട് പദ്ധതിയിലൂടെ ഇതിനകം ഒരു ലക്ഷത്തിലേറെ വാഹനങ്ങൾക്ക് ഗുണം ലഭിച്ചതായി ലാൻഡ് പോർട് പാസഞ്ചർ വിഭാഗം മേധാവി അബ്ദുല്ല അൽ ജാബിർ അടുത്തിടെ ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ജി.സി.സി വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതോടെ വേഗത്തിൽ തന്നെ ഇതു സംബന്ധിച്ച ഇൻഷുറൻസ് ഉൾപ്പെടെ വിവരങ്ങൾ പങ്കുവെക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.