നിയന്ത്രിത മരുന്നുകൾ കൊണ്ടുപോകാൻ ഇ-പെർമിറ്റ് സംവിധാനവുമായി ഖത്തർ

ദോഹ: യാത്രക്കാർക്ക് സ്വന്തം ഉപയോഗത്തിനായി നിയന്ത്രിത മരുന്നുകൾ കൈവശം വെക്കുന്നതിനും കൊണ്ടുപോകുന്നതിനുമായി പുതിയ ഇ-പെർമിറ്റ് സംവിധാനം അവതരിപ്പിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. മരുന്നുകൾ കൊണ്ടുപോകുന്നതിനുള്ള മുൻകൂർ അനുമതിക്കായി ഇനി യാത്രക്കാർക്ക് പുതിയ ഇലക്ട്രോണിക് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ നിലവിലെ വിവരങ്ങൾ പരിശോധിക്കാനും അനുമതിപത്രം ഓൺലൈനായി ഡൗൺലോഡ് ചെയ്യാനും ഈ സംവിധാനത്തിലൂടെ സാധിക്കും.

നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം വഴി ലോഗിൻ ചെയ്താണ് അപേക്ഷ സമർപ്പിക്കേണ്ടത്. യാത്രയ്ക്ക് കുറഞ്ഞത് 5 പ്രവൃത്തി ദിവസങ്ങൾ മുൻപെങ്കിലും അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിച്ച് 3 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ 'ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ' വിഭാഗം ഇത് പരിശോധിച്ച് അംഗീകാരം നൽകുകയോ നിരസിക്കുകയോ ചെയ്യും. അപേക്ഷയോടൊപ്പം ഡോക്ടറുടെ കുറിപ്പും അനുബന്ധ മെഡിക്കൽ രേഖകളും സമർപ്പിക്കണം.

യാത്രക്കാർക്ക് മന്ത്രാലയത്തിന്റെ https://fli.moph.gov.qa/ എന്ന ഔദ്യോഗിക ലിങ്ക് സന്ദർശിച്ച് ഈ സേവനം ഉപയോഗപ്പെടുത്താം. കൂടാതെ, അപേക്ഷാ നടപടികൾ, മാനദണ്ഡങ്ങൾ, കൈവശം വെക്കാവുന്ന നിയന്ത്രിത മരുന്നുകളുടെ പട്ടിക എന്നിവ ഉൾപ്പെടുത്തി മന്ത്രാലയം പ്രത്യേക ഗൈഡൻസ് ബുക്ക്‌ലെറ്റും പുറത്തിറക്കിയിട്ടുണ്ട്.

നിയമപരവും ആരോഗ്യപരവുമായ മാനദണ്ഡങ്ങൾ പാലിച്ച് യാത്രക്കാർക്ക് മരുന്നുകൾ കൊണ്ടുവരുന്നത് എളുപ്പമാക്കാനും, നിയന്ത്രിത മരുന്നുകളുടെ ദുരുപയോഗം തടഞ്ഞ് സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കാനുമാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും, ഖത്തർ നാഷണൽ ഹെൽത്ത് സ്ട്രാറ്റജിയുടെയും ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Qatar introduces e-permit system to transport controlled drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.