ഗസ്സയിലെ അൽ-മുത്തഖിൻ പള്ളിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിനിടെ തീയും പുകയും ഉയർന്നപ്പോൾ [ചിത്രം -AFP]
ദോഹ: ഗസ്സ മുനമ്പിൽ ഇസ്രായേൽ തുടരുന്ന വെടിനിർത്തൽ കരാർ ലംഘനങ്ങൾക്കും ആക്രമണങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി മധ്യസ്ഥ രാജ്യങ്ങൾ. സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ച ഖത്തർ, ഈജിപ്ത്, തുർക്കിയ എന്നീ രാജ്യങ്ങൾ ഇസ്രായേൽ അതിക്രമങ്ങളിൽ ശക്തമായി അപലപിച്ചു. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളെയും ആശുപത്രികളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞദിവസം രണ്ട് കുട്ടികൾ ഉൾപ്പടെ 11 ഫലസ്തീനികളെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മധ്യസ്ഥ ശ്രമങ്ങൾക്ക് യു.എസിനൊപ്പം പങ്കാളികളായ ഖത്തർ, ഈജിപ്ത്, തുർക്കിയ എന്നീ രാജ്യങ്ങൾ രംഗത്തുവന്നത്. അന്താരാഷ്ട്ര നിയമപ്രകാരമുള്ള ബാധ്യതകൾ പാലിക്കാനും വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ പൂർണ്ണമായി നടപ്പാക്കാനും ഇസ്രായേൽ തയാറാകണം. ആണവ നിരായുധീകരണം ഉൾപ്പെടെ റോഡ്‌മാപ്പിലെ വ്യവസ്ഥകൾ ഹമാസും മറ്റ് ഫലസ്തീൻ വിഭാഗങ്ങളും അംഗീകരിച്ച പശ്ചാത്തലത്തിൽ, ഇസ്രായേലിന്റെ ഭാഗത്തുനിന്നുള്ള തുടർച്ചയായ ലംഘനങ്ങൾ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിനെ തടസ്സപ്പെടുത്തുമെന്ന് മധ്യസ്ഥർ മുന്നറിയിപ്പ് നൽകി.
അന്താരാഷ്ട്ര സമൂഹം വിഷയത്തിൽ ഗൗരവമായി ഇടപെടുകയും വെടിനിർത്തൽ കരാറും അന്താരാഷ്ട്ര നിയമങ്ങളും പാലിക്കാൻ ഇസ്രായേലിനുമേൽ സമ്മർദം ചെലുത്തുകയും വേണം. യു.എസ് പ്രസിഡന്റ് ഡോണൾട് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതി ഉറപ്പാക്കാൻ സഹായിക്കുന്ന തീരുമാനങ്ങളാണ് ഉണ്ടാകേണ്ടത്. രണ്ടാം ഘട്ട കരാറിൽ റോഡ്‌മാപ്പിൽ ധാരണയിലെത്തിയതിനെ 'ചരിത്രപരമായ കരാർ' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അതിനാൽ, സമാധാന ശ്രമങ്ങളെ തകർക്കുന്ന നീക്കങ്ങളിൽ നിന്ന് ഇസ്രായേൽ പിന്തിരിയണമെന്നും മധ്യസ്ഥ രാജ്യങ്ങൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.