ദോഹ: മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും യു.എസും ഇറാനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് സുസ്ഥിരമായ നയതന്ത്ര പരിഹാരത്തിലെത്തുന്നതിനുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഫോൺ സംഭാഷണം നടത്തി. പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും തർക്കങ്ങൾ പരിഹരിക്കുന്നതിനുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ ഖത്തർ നടത്തുന്ന നയതന്ത്ര നീക്കങ്ങളെ യു.എസ് പ്രസിഡന്റ് പ്രശംസിച്ചു.
സംഘർഷങ്ങൾ സംഭാഷണങ്ങളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം ഖത്തർ അമീർ ചൂണ്ടിക്കാട്ടി. അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിലെ വ്യവസ്ഥകൾ പാലിക്കാൻ ബന്ധപ്പെട്ട എല്ലാ കക്ഷികളും തയാറാകണം. മേഖലയിലും അന്താരാഷ്ട്ര തലത്തിലും സമാധാനം ഉറപ്പാക്കാൻ അത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പൊതു താൽപര്യമുള്ള വിവിധ വിഷയങ്ങളും സംഭാഷണത്തിനിടെ ചർച്ചയായി. പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണവും കൂടിയാലോചനകളും തുടരുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.