ദോഹ: രാജ്യത്തെ സമുദ്ര-പരിസ്ഥിതി നിരീക്ഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യ പദ്ധതി അവതരിപ്പിച്ച് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. സമുദ്ര മേഖലയിലെ പാരിസ്ഥിതിക മാറ്റങ്ങൾ വേഗത്തിൽ കണ്ടെത്താനും തത്സമയ ഡേറ്റയും സാമ്പിളുകളും ശേഖരിക്കാനുമായി 'സ്മാർട്ട് ഒബ്‌സർവർ'പദ്ധതിയുടെ ഭാഗമായി വിദൂരനിയന്ത്രിത ബോട്ട് പുറത്തിറക്കി. പരിസ്ഥിതി നിരീക്ഷണം ശക്തമാക്കുക, വിവരശേഖരണം തടസമില്ലാതെ വേഗത്തിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മന്ത്രാലയം പുതിയ സംവിധാനം അവതരിപ്പിച്ചത്.
വിശാലമായ സമുദ്ര പരിധിയിൽ തുടർച്ചയായി സർവേ നടത്താനും കൃത്യതയോടെ സാമ്പിളുകൾ ശേഖരിക്കാനും കൃത്യമായ അളവുകൾ രേഖപ്പെടുത്താനും ഇതിലൂടെ സാധിക്കും. വിദൂരനിയന്ത്രിത ബോട്ട് ശേഖരിക്കുന്ന വിവരങ്ങൾ ഉടനടി തന്നെ പരിസ്ഥിതി വിദഗ്ധർക്ക് ലഭ്യമാകും. ഇത് പാരിസ്ഥിതിക പ്രശ്നങ്ങളിൽ വേഗത്തിൽ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കും. പരമ്പരാഗത രീതികളെ അപേക്ഷിച്ച് കൂടുതൽ കൃത്യതയോടെയും സുരക്ഷിതമായും ഡേറ്റ ശേഖരിക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കുന്നു.
ഖത്തറിന്റെ മൂന്നാമത് നാഷണൽ ഡെവലപ്മെന്റ് സ്ട്രാറ്റജിയുടെ (2024–2030) ഭാഗമായി സുസ്ഥിര പാരിസ്ഥിതിക ലക്ഷ്യങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നതാണ് ഈ സംരംഭം. ഭാവിതലമുറക്കായി രാജ്യത്തിന്റെ സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം ഉറപ്പാക്കുന്നതിനും 'സ്മാർട്ട് ഒബ്‌സർവർ' പദ്ധതി വലിയ സംഭാവന നൽകുമെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.