ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു മാസത്തിനിടെ സഞ്ചരിച്ചത് 50 ലക്ഷത്തിലധികം യാത്രക്കാർ. കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് കൂടുതൽ യാത്രക്കാരെത്തി പുതിയൊരു റെക്കോഡ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം കൈവരിച്ചത്. 2024 ആഗസ്റ്റിനെ അപേക്ഷിച്ച് ഈ വർഷത്തിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 6.4 ശതമാനം വർധനയാണുണ്ടായത്. യാത്രക്കാരിൽ 13 ലക്ഷം പേർ പോയന്റ് ടു പോയന്റ് യാത്രക്കാരാണ്. ഈ വിഭാഗത്തിൽ 12 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
ഖത്തറിലേക്കും പുറത്തേക്കും നേരിട്ടുള്ള യാത്രക്ക് വിമാനത്താവളത്തിന്റെ വർധിച്ചുവരുന്ന ആവശ്യവും വ്യോമയാന മേഖലയിൽ രാജ്യത്തിന്റെ ശക്തിയും ഇത് വ്യക്തമാക്കുന്നു. എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ (എ.സി.ഐ) 2025ലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയായ വേൾഡ് എയർപോർട്ട് ട്രാഫിക് ഡേറ്റാസെറ്റ് പുറത്തിറക്കിയപ്പോൾ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഇടംനേടിയിരുന്നു.
ഓരോ യാത്രക്കാരനും മികച്ച സേവനം നൽകിയാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്ന് വിമാനത്താവള അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു. തിരക്കേറിയതും അതിവേഗം വളരുന്നതുമായ ഹബാണ് ഈ വിമാനത്താവളമെന്നും യാത്രക്കാർക്ക് പ്രാധാന്യം നൽകിയാണ് ഈ നേട്ടങ്ങൾ കൈവരിച്ചതെന്നും വർധിച്ച യാത്രക്കാരുടെ എണ്ണം ഇത് സൂചിപ്പിക്കുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു. വിമാനത്താവളത്തിലെ മികച്ച സൗകര്യവും ശേഷി വികസനവും ശക്തമായ എയർലൈൻ പങ്കാളിത്തവുമാണ് റെക്കോഡ് നേട്ടത്തിന്റെ പ്രധാന കാരണം. ഖത്തർ എയർവേയ്സ് 15ലധികം പ്രധാന സ്ഥലങ്ങളിലേക്ക് സർവിസുകൾ വർധിപ്പിച്ച്, മെച്ചപ്പെട്ട കണക്റ്റിവിറ്റി നൽകി.
എയർലൈൻ സർവിസായ വിർജിൻ ആസ്ട്രേലിയ ദോഹയിലേക്ക് പുതിയ സർവിസ് ആരംഭിച്ചും, ഫിലിപ്പീൻ എയർലൈൻസും എയർ അറേബ്യയും കൂടുതൽ ശേഷി വർധിപ്പിച്ചും കൂടുതൽ യാത്രാസൗകര്യങ്ങളൊരുക്കി. ഇവയെല്ലാം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള യാത്ര കൂടുതൽ സുഗമവും സൗകര്യപ്രദവുമാക്കി.യാത്രക്കാരുടെ മെച്ചപ്പെട്ട അനുഭവവും തുടർച്ചയായുള്ള നല്ല ഫീഡ്ബാക്കും യാത്രക്കാരുടെ വർധന കാരണമായിട്ടുണ്ട്. ആഗസ്റ്റിൽ നടന്ന സർവേയിൽ, 98 ശതമാനം യാത്രക്കാരും വിമാനത്താവളത്തിലെ സേവനങ്ങളിൽ സംതൃപ്തരാണെന്ന് കണ്ടെത്തി. കൂടാതെ, സർവേയിൽ പങ്കെടുത്തവരിൽ 92 ശതമാനം പേരും സുരക്ഷാ സംവിധാനങ്ങൾ മികച്ചതാണെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ആഗോള വ്യോമഗതാഗതത്തിലെ അതിവേഗം വളരുന്ന ഹബുകളിൽ ഒന്നായി സ്ഥാനം ഉറപ്പിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.