ആകാശത്ത് വിസ്മയമെഴുതി സാഹസിക വൈമാനികര്‍

ദോഹ: വിമാനത്തില്‍ ഒറ്റക്ക് ലോകം ചുറ്റാനിറങ്ങിയ ജര്‍മന്‍ സാഹസികന്‍, ചെറുവിമാനങ്ങള്‍ കൊണ്ട് മാനത്ത് ഭൂപടം വരക്കുന്ന യുവ ഖത്തരി വൈമാനികന്‍, ഡ്രോണ്‍ വിമാനങ്ങളുടെ വന്‍ ശേഖരം കൈവശമുള്ള ഖത്തറിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ്. ഇങ്ങനെ ഒട്ടേറെ വിസ്മയാനുഭവങ്ങള്‍ സമ്മാനിച്ചാണ് ഒമ്പതാമത് അല്‍ഖോര്‍ എയര്‍ഷോ കഴിഞ്ഞ ദിവസം സമാപിച്ചത്. 
ജര്‍മന്‍ സ്വദേശിയായ ക്യാപ്റ്റന്‍ സ്റ്റീഫന്‍ നാല് പേര്‍ക്ക് സഞ്ചരിക്കാവുന്ന അമേരിക്കന്‍ നിര്‍മിത വിമാനത്തിലാണ് ഉലകം ചുറ്റാനിറങ്ങിയത്. ചെറുവിമാനങ്ങളുടെ കാര്‍ണിവല്‍ എന്നറിയപ്പെടുന്ന അല്‍ഖോര്‍ എയര്‍ഷോയില്‍ അപ്രതീക്ഷിതമായത്തെിയ സ്റ്റീഫന് ഊഷ്മള വരവേല്‍പാണ് ലഭിച്ചത്. 16 ദിവസത്തിനകം എട്ട് രാജ്യങ്ങള്‍ പിന്നിട്ടാണ് ഈ സാഹസികന്‍ ഖത്തറിലത്തെിയത്. ബ്രൂണെയില്‍ നിന്ന് പുറപ്പെട്ട് ജര്‍മനിയില്‍ അവസാനിക്കുന്ന യാത്രക്കിടെ അബൂദബിയില്‍ നിന്നാണ് ഖത്തറിലത്തെിയത്. എയര്‍ ഷോ സമാപിച്ച ശേഷം അദ്ദേഹം ജോര്‍ദാനിലേക്ക് തിരിച്ചു. ജി.സി.സി രാജ്യങ്ങളിലെ ഒട്ടേറെ സാഹസിക വൈമാനികര്‍ ഒത്തുചേര്‍ന്ന അല്‍ഖോര്‍ എയര്‍സ്ട്രിപ്പില്‍ ഒറ്റക്ക് ലോകം ചുറ്റുന്ന സ്റ്റീഫന് താരപരിവേഷം തന്നെ ലഭിച്ചു. 
അദ്ദേഹത്തോടൊപ്പം സെല്‍ഫിയെടുക്കാനും സംസാരിക്കാനും വിദ്യാര്‍ഥികളടക്കമുള്ളവര്‍ തിക്കിത്തിരക്കി. തുടര്‍ച്ചയായി 10 മണിക്കൂറോളം പറക്കാവുന്ന സെസ്മ 185 എന്ന വിമാനത്തില്‍ ഒറ്റക്ക് പറക്കുന്ന ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഓട്ടോ പൈലറ്റ് സംവിധാനം കൂടി ആശ്രയിച്ചാണ് യാത്രകള്‍ ക്രമീകരിക്കുന്നത്. നേരത്തെ ജര്‍മനിയില്‍ നിന്ന് തുടങ്ങി പല രാജ്യങ്ങളിലൂടെ കറങ്ങി  ജപ്പാനില്‍ അവസാനിപ്പിച്ച സാഹസിക സഞ്ചാരത്തിലൂടെ അദ്ദേഹം വാര്‍ത്തകളില്‍ ഇടം കണ്ടത്തെിയിരുന്നു. 
ഖത്തറിലെ ആദ്യ അക്രോബാറ്റിക് പൈലറ്റായ ജബര്‍ അബ്ദുല്ല അല്‍ഥാനിയുടെ സാഹസിക പ്രകടനം കാണികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നതായിരുന്നു. ആകാശത്ത് വളച്ചും പുളച്ചും വിമാനം പറത്തിയ ജബര്‍ അബ്ദുല്ല വിമാനം പുറന്തള്ളുന്ന പുകകൊണ്ട് മാനത്ത് ഖത്തറിന്‍െറ ഭൂപടം തീര്‍ത്തത് ഹര്‍ഷാരവത്തോടെയാണ് കാഴ്ചക്കാര്‍ സ്വീകരിച്ചത്. ഇതേ രീതിയില്‍ തന്‍െറ പേരെഴുതുകയും ഖത്തര്‍ എയറോനോട്ടിക്കല്‍ സൊസൈറ്റിയുടെ ചിഹ്നം വരക്കുകയും ചെയ്തു. 18ാം വയസ് മുതല്‍ വിമാനം പറത്തുന്ന ജബര്‍ അബ്ദുല്ല, വൈമാനികനാവാന്‍ പഠിച്ചത് അമേരിക്കയിലാണ്. ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ് അബ്ദുല്‍ അസീസ് ആല്‍ഥാനിയാണ് മേളയില്‍ കണ്ട മറ്റൊരു വിസ്മയം. 12 കാരന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനി പൈലറ്റില്ലാ വിമാനം പറത്തുന്നതിലുള്ള വൈദഗ്ദ്യമാണ് ഷോയില്‍ പ്രകടിപ്പിച്ചത്. ഇത്തരം അമ്പതോളം വിമാനങ്ങളുടെ ശേഖരത്തിനുടമയാണ്  അബ്ദുല്‍ അസീസ്. ഡ്രോണ്‍ പറത്താനും പൈലറ്റ് ലൈസന്‍സ് ആവശ്യമാണ്. ഇതിന് പ്രായപരിധി തടസമില്ല.
സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ഖത്തര്‍ ഫ്ളയിങ് ക്ളബും സംയുക്തമായാണ് രണ്ട് ദിവസത്തെ എയര്‍ഷോ സംഘടിപ്പിച്ചത്. ഖത്തറിലെ സ്വകാര വിമാന ഉടമകളുടെയും പൈലറ്റുമാരുടെയും കൂട്ടായ്മയാണ് ഖത്തര്‍ ഫ്ളയിങ് ക്ളബ്. ഒമ്പതാം വര്‍ഷമായി തുടരുന്ന പ്രദര്‍ശനം ഇത്തവണയും വന്‍വിജയമായിരുന്നു. നൂറുക്കണക്കിന് പ്രവാസി, സ്വദേശി കുടുംബങ്ങളാണ് പ്രദര്‍ശനം കാണാനത്തെിയത്. കാഴ്ചക്കാരില്‍ ഏറെയും ഇന്ത്യക്കാരായിരുന്നു. ഇന്ത്യന്‍ അംബാഡര്‍ സഞ്ജീവ് അറോയും പത്നി ഛായ അറോറയും പ്രദര്‍ശനം കാണാനത്തെുകയും ചെറുവിമാനത്തില്‍ പറക്കുകയും ചെയ്തു. 250 റിയാല്‍ മുടക്കിയാല്‍ ആര്‍ക്കും വിമാനത്തില്‍ പറക്കാന്‍ സൗകര്യമൊരുക്കിയിരുന്നു. ഡ്രോണ്‍ വിമാനങ്ങളുടെ പ്രദര്‍ശനം, ഫ്ളയിങ് ഫോര്‍മേഷന്‍, അക്രോബാറ്റിക് ഷോ, പാരച്യൂട്ട് റൈഡിങ് തുടങ്ങിയവയാണ് ഇത്തവണ ഷോയില്‍ അരങ്ങേറിയത്. 
വിവിധ ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ ഇത്തവണയും അല്‍ ഖോര്‍ വിമാനമേളയിലത്തെി. രണ്ട് ദിവസവും ഷോ തുടങ്ങുന്ന രാവിലെ ഏഴ് മണി മുതല്‍ എയര്‍ ഷോ കാണാന്‍ ആളുകളത്തെിത്തുടങ്ങിയിരുന്നു. 40 ലേറെ വിമാനങ്ങളാണ് മേളയില്‍ പങ്കെടുത്തത്. ഇതില്‍ 30ഓളം ഖത്തറില്‍ നിന്ന് തന്നെയുള്ളതാണ്. 
യു.എ.ഇയില്‍ നിന്നും കുവൈത്തില്‍ നിന്ന് സൗദിയില്‍ നിന്നും വിമാനങ്ങളത്തെി. പൈലറ്റിന് മാത്രം പറക്കാവുന്ന ഓട്ടോറിക്ഷ പോലുള്ള കുഞ്ഞു വിമാനങ്ങള്‍ മുതല്‍ 15 പേര്‍ക്ക് സഞ്ചരിക്കാവുന്ന ആഢ്യന്‍ വിമാനങ്ങള്‍ വരെ പ്രദര്‍ശനത്തിലുണ്ടായിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.