മാളുകളില്‍ ഹോവര്‍ബോര്‍ഡ് വില്‍പന നിര്‍ത്തി

ദോഹ: രാജ്യത്തെ പ്രമുഖ ഷോപ്പിങ് മാളുകളില്‍ ഹോവര്‍ബോര്‍ഡിന്‍െറ വില്‍പന നിര്‍ത്തിവെച്ചു. സുരക്ഷ കാരണങ്ങളാല്‍ ഇവയുടെ വില്‍പനക്ക് ഗവണ്‍മെന്‍റില്‍നിന്നും നിയന്ത്രണങ്ങളുള്ളതിനാലാണ് വില്‍പന താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതെന്ന് രാജ്യത്തെ പ്രധാന ഷോപ്പിങ് മാളുകളായ കെയര്‍ഫോര്‍, വിര്‍ജിന്‍ മെഗാ സ്റ്റോര്‍ എന്നിവര്‍ അറിയിച്ചു. ഈ സ്റ്റോറുകളില്‍ നിന്ന് ഹോവര്‍ബോര്‍ഡുകള്‍ നീക്കം ചെയ്തിട്ടുണ്ട്. സാമ്പത്തിക വാണിജ്യമന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗത്തില്‍ നിന്നാണ് സ്പേസ് ബോര്‍ഡ് വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഇവയുടെ വില്‍പന നിര്‍ത്തിവെക്കാനുള്ള നിര്‍ദേശം നല്‍കിയത്. എല്ലാ ബ്രാന്‍ഡുകളുടെ വില്‍പനയും നിര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ലാന്‍റ്മാര്‍ക്ക് ഷോപ്പുകളിലും ഇവയുടെ വില്‍പന പിന്‍വലിച്ചിരുന്നു. അമേരിക്കയില്‍ പ്രചാരത്തില്‍ വന്ന ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്മാര്‍ട്ട് സ്കൂട്ടര്‍ വളരെ വേഗം ഖത്തറിലും പ്രചരിക്കുകയായിരുന്നു. ഇപ്പോള്‍ കുട്ടികളുടെ ഇഷ്ട വിനോദോപാധിയായ ഇത്തരം സ്വയംനിയന്ത്രിക്കാവുന്ന സ്കൂട്ടറുകള്‍ക്ക് പക്ഷേ, സുരക്ഷാപ്രശ്നം മുന്‍നിര്‍ത്തിയാണ് വില്‍പന വിലക്കേര്‍പ്പെടുത്തുന്നത്. എന്നാല്‍, ഹോവര്‍ബോര്‍ഡുകള്‍ക്ക് രാജ്യത്തൊട്ടാകെ നിരോധം ഏര്‍പ്പെടുത്തിയതായി മന്ത്രാലയം ഉത്തരവിറക്കിയിട്ടില്ല. 
കഴിഞ്ഞ വേനലില്‍ എസ്ദാന്‍ മാളില്‍ ഇതിന്‍െറ ഉപയോഗം നിരോധിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഖത്തര്‍ എയര്‍വെയ്സും ഇവ വിമാനങ്ങളില്‍ കൊണ്ടുപോകുന്നതും നിരോധിച്ചിരുന്നു. ലിഥിയം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇവ പൊട്ടിത്തെറിക്കാന്‍ കാരണമായേക്കുമെന്നതിനാലാണ് ഖത്തര്‍ എയര്‍വെയ്സില്‍ ഇവ നിരോധിച്ചത്. ലിഥിയം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ തരം ചെറിയ പോര്‍ട്ടബ്ള്‍ വാഹനങ്ങളും ഇതിന്‍െറ പരിധിയില്‍പെടുമെന്നും അത് ക്യാബിന്‍ ബാഗേജിലായാലും ചെക്ക്ഡ് ഇന്‍ ബാഗേജിലായാലും നിരോധം ബാധകമാകുമെന്നും ഖത്തര്‍ എയര്‍വെയ്സ് വ്യക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.