‘നീന്തല്‍: കുട്ടികളുടെ സുരക്ഷയെ കുറിച്ച് ജാഗ്രത വേണം’

ദോഹ: ഖത്തറില്‍ സംഭവിക്കുന്ന അപകടമരണങ്ങളില്‍ ഭൂരിഭാഗവും മുങ്ങിമരണംമൂലമാണെന്ന് എച്ച്.എം.സി ഹമദ് ഇന്‍റര്‍നാഷനല്‍ ട്രെയിനിങ് സെന്‍റര്‍ മേധാവി ഡോ. ഖാലിദ് അബ്ദുല്‍ നൂര്‍ സെയ്ഫല്‍ദ്ദീന്‍  പറഞ്ഞു. ബീച്ചുകളിലും വീടുകളിലും നീന്തല്‍ കുളങ്ങളിലും, കടലിലും കുട്ടികളുടെ സുരക്ഷയെ സംബന്ധിച്ച് ജാഗ്രത വേണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മുന്നറിയിപ്പ് നല്‍കി. ചൂട് അസഹനീയമായതോടെ കുടുംബങ്ങളൊന്നിച്ച് നീന്തല്‍ കുളങ്ങളിലും കടലിലും പോകാന്‍ കുട്ടികള്‍ താല്‍പര്യപ്പെടുന്ന സാഹചര്യത്തിലാണ് രക്ഷിതാക്കള്‍ക്കായി എം.എച്ച്.സിയുടെ മുന്നറിയിപ്പ്. വെള്ളത്തില്‍ അപകടത്തില്‍പ്പെടുന്നവരില്‍ 90 ശതമാനവും 10 വയസ്സില്‍ താഴെയുള്ളവരും ഇതില്‍ നാലു വയസ്സിനു താഴെയുള്ളവരുടെ എണ്ണം 70 ശതമാനമാനം വരുമെന്നും ഡോ. സെയ്ഫല്‍ ദ്ദീന്‍ പറഞ്ഞു.
കുട്ടികള്‍ കളിക്കാനിറങ്ങുന്ന വീടുകളും പരിസരങ്ങളും, നീന്തല്‍കുളങ്ങള്‍, ബീച്ച് എന്നിവിടങ്ങളിലെല്ലാം കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം. വെള്ളത്തില്‍ മുങ്ങുമ്പോഴുണ്ടാകുന്ന അപകടങ്ങളിലൂടെ ഗുരുതരമായ ശാരീരിക വൈകല്യങ്ങള്‍ ബാധിച്ചേക്കാം. അഞ്ചുസെന്‍റീമീറ്റര്‍ മാത്രം ആഴമുള്ള വെള്ളത്തില്‍ വീണാലും രണ്ട് മിനിറ്റിനകം കുട്ടിക്ക് അപകടം സംഭവിച്ചേക്കാം എന്ന് സെയ്ഫല്‍ദ്ദീന്‍ പറഞ്ഞു.
കുല്ലുന ഹെല്‍ത്ത് ആന്‍റ് സേഫ്റ്റി ക്യാമ്പയിന്‍െറ ചെയര്‍മാന്‍ കൂടിയാണ് ഡോ. ഖാലിദ് അബ്ദുല്‍നൂര്‍ സെയ്ഫല്‍ദ്ദീന്‍. കുല്ലുന സുരക്ഷാ ക്യാമ്പയിന്‍െറ ഭാഗമായി ജലസുരക്ഷിതത്വത്തെക്കുറിച്ച് 70 ഓളം സ്കൂളുകളില്‍ ബോധവത്കരണം നടത്തുന്നുണ്ട്.
രക്ഷിതാക്കളുടെ സന്നിദ്ധ്യം ഇല്ലാത്ത അവസരങ്ങളിലാണ് കടല്‍തീരങ്ങളിലും നീന്തല്‍കുളങ്ങളിലും അപകടങ്ങള്‍ സംഭവിക്കുന്നത്. മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ മാത്രമേ കുട്ടികളെ നീന്തലിന് അനുവദിക്കാവൂ.
കുളിമുറി, ബാത്ത് ടമ്പ്, ബക്കറ്റുകള്‍ എന്നിവ ആവശ്യം കഴിഞ്ഞാല്‍ പൂട്ടിവെക്കുക, സുരക്ഷയെ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുക, അതോടൊപ്പം രാജ്യത്തെ ക്ളബുകള്‍ വഴിയോ, സ്കൂളുകള്‍ വഴിയോ കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കാന്‍  മാതാപിതാക്കള്‍ തയാറാകണമെന്നും പ്രഥമ ശുശ്രൂഷാ സമ്പ്രദായമായ സി.പി.ആര്‍ നല്‍കല്‍ എങ്ങനെയെന്ന് മനസ്സിലാക്കിയിരിക്കണമെന്നും എച്ച്.എം.സി നിര്‍ദേശങ്ങളിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.