തൊഴില്‍ നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി –മന്ത്രി ഡോ.ഈസ ബിന്‍ ജഫാല്‍ അന്നുഐമി

ദോഹ: ഉഷ്ണ കാലത്ത് നടപ്പില്‍ വരുത്തേണ്ട സമയ ക്രമം പാലിക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ സാമൂഹിക മന്ത്രി ഡോ.ഈസ ബിന്‍ ജഫാല്‍ അന്നുഐമി മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ മാസം 60 കമ്പനികളുടെ പ്രവര്‍ത്തനമണ് മന്ത്രാലയം നിര്‍ത്തി വെപ്പിച്ചത്. തെറ്റുകള്‍ ആവര്‍ത്തിക്കുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വരും. തൊഴില്‍ സുരക്ഷയും തൊഴിലാളികളുടെ അവകാശങ്ങളും ഹനിക്കുന്ന കമ്പനികള്‍ മുന്നറിയിപ്പിന് ശേഷവും തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ കമ്പനിയുടെ പേരുകള്‍ പരസ്യപ്പെടുത്തുകയും കമ്പനിയുടെ പ്രവര്‍ത്തനം മരവിപ്പിക്കുന്നതടക്കമുളള ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതായി വരുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. ചൂട് കാലത്ത് തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കര്‍ശനമായും മൂന്നര മണിക്കൂര്‍ ഇളവ് നല്‍കണമെന്നത് 2007 ല്‍ നിലവില്‍ വന്ന നിയമമാണ്. രാവിലെ 11.30 മുതല്‍ 3 മണി വരെയവാണ് തൊഴിലാളികള്‍ക്ക് നിര്‍ബന്ധ വിശ്രമം നല്‍കേണ്ടത്. ജൂണ്‍ 15 മുതല്‍ ആഗസ്റ്റ് 31 വരെയാണ് ഈ ഇളവ് നല്‍കേണ്ടതെന്നും ഇത് സംബന്ധിച്ച നിയമത്തില്‍ വ്യക്തമാക്കുന്നു. ഇത് പാലിക്കാത്ത കമ്പനികള്‍ക്കാണ് മന്ത്രി ശക്തമായ മുന്നറിയിപ്പ് നല്‍കിയത്. നിയമം പാലിക്കാത്ത കമ്പനികളുടെ പ്രവര്‍ത്തനം ഒരു  മാസം വരെ തടയാന്‍ നിയമം അനുശാസിക്കുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.