ഗസ്സയിലെ സര്‍വ്വകലാശാല: പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 500 ഡോളര്‍ വീതം ഖത്തര്‍ സമ്മാനം നല്‍കും

ദോഹ: ഗസ്സയിലെ ഇസ്ലാമിക് സര്‍വ്വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അഞ്ഞൂറ് ഡോളര്‍ വീതം ഖത്തര്‍ സമ്മാനമായി നല്‍കുമെന്ന് ഗസ്സ പുനര്‍ നിര്‍മാണ ഖത്തര്‍ കമ്മിറ്റി മേധാവി അംബാസഡര്‍ മുഹമ്മദ് ഇസ്മയീല്‍ അല്‍ഹമ്മാദി പ്രഖ്യാപിച്ചു.
ഇസ്ലാമിക് സര്‍വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചിനുള്ള ബിരുദ ദാന ചടങ്ങില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗസ്സയുടെ പുനര്‍ നിര്‍മ്മാണത്തിന് ഖത്തര്‍ സര്‍വ്വവിധ പിന്തുണയും ഉറപ്പ് നല്‍കും. 2012 ലാണ് പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി ഗസ്സയുടെ പുനര്‍ നിര്‍മാണ പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതിയിലേക്ക് ഇത് വരെ 620 മില്യന്‍ ഡോളര്‍ നല്‍കിയതായി മുഹമ്മദ് അല്‍ അമ്മാദി അറിയിച്ചു.
 ഹമദ് നഗരി ഉള്‍പ്പടെ വിവിധ സംരഭങ്ങളുടെ നിര്‍മാണമാണ് ഇവിടെ ദ്രുതഗതിയില്‍ നടന്ന് വരുന്നത്. 470 മില്യന്‍ ഡോളര്‍ ഇത് വരെ ചെലവഴിച്ച് കഴിഞ്ഞു.
ഗസ്സയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയതടക്കമുള്ള അവശ്യ ഘട്ടങ്ങളെ തിരിച്ചറിഞ്ഞ് സഹായിക്കാനും ഖത്തര്‍ സന്നദ്ധമായിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
 ഖത്തര്‍ തങ്ങള്‍ക്ക് നല്‍കുന്ന പിന്തുണക്ക് അമീറിനും ജനങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ച് കൊണ്ടാണ് തങ്ങള്‍ നന്ദി അറിയിക്കുന്നതെന്ന് മുന്‍ പ്രധാനമന്ത്രിയും ഹമാസ് ഉപനോതാവുമായ ഇസ്മയില്‍ ഹനിയ്യ വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.