സ്കൂളുകളിലെ കായിക സൗകര്യങ്ങള്‍ ഉപയോഗിക്കാം

ദോഹ: സ്കൂളുകളിലെ കായിക ഉപകരണങ്ങളും സൗകര്യങ്ങളും സമീപവാസികളായ സ്ത്രീകള്‍ക്ക് ഉപയോഗപ്പെടുത്താനായി കായിക മന്ത്രാലയം പദ്ധതി തയാറാക്കുന്നു. വ്യായാമത്തിനുള്ള പൊതുസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള സ്ത്രീകളുടെ വിമുഖതയും അസൗകര്യവും കണക്കിലെടുത്താണ് അതാത് പ്രദേശത്തുള്ള സ്കൂളുകളില്‍ സൗകര്യമൊരുക്കുന്നത്. ഇതുസംബന്ധിച്ച കരാറില്‍ കായിക-സാംസ്കാരിക മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും ഒപ്പുവെച്ചു. 
സ്കൂളിലെ പഠനസമയം കഴിഞ്ഞ്, വൈകുന്നേരങ്ങളില്‍ സ്കൂളിലെ സ്ഥലവും ഉപകരണങ്ങളും സ്ത്രീകള്‍ക്ക് ഉപയോഗിക്കാനാവും. സ്ത്രീകളില്‍ വ്യായാമക്കുറവ് കൊണ്ടുണ്ടാകുന്ന അമിതവണ്ണം പോലുള്ള അസുഖങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി. തുടക്കത്തില്‍ ഏതാനും സ്കൂളുകളില്‍ ആരംഭിക്കുന്ന പദ്ധതി പിന്നീട് എല്ലാ ഇന്‍ഡിപെന്‍ഡന്‍റ് സ്കൂളുകളിലേക്കും വ്യാപിപ്പിക്കും. കായികവിനോദവും വ്യായാമവും സമൂഹത്തിലെ എല്ലാ വിഭാഗത്തിനും ഒരുപോലെ അര്‍ഹതപ്പെട്ടതാണെന്ന പൊതുതത്ത്വത്തിന്‍െറ അടിസ്ഥാനത്തില്‍ എല്ലാ പ്രയക്കാരായ സ്ത്രീകള്‍ക്കും സ്പോര്‍ട്സ്  സൗകര്യങ്ങള്‍ ഈ വേനലില്‍ തന്നെ ലഭ്യമാക്കാനാണ് തീരുമാനം. 
ഉമര്‍ ബിന്‍ ഖതാബ് സെക്കണ്ടറി ഇന്‍ഡിപെന്‍ഡന്‍റ് സ്കൂളില്‍ നടന്ന ചടങ്ങില്‍ മന്ത്രാലയത്തിലെ സ്പോര്‍ട്സ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി അബ്ദുറഹ്മാന്‍ അല്‍ ദൂസരിയും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജോയിന്‍റ് സര്‍വീസസ് മേധാവി ഉമര്‍ അല്‍ ശവാനിയുമാണ് കരാറില്‍ ഒപ്പുവെച്ചത്. 
വനിതകള്‍ക്ക് അനുയോജ്യമായ കായിക വ്യായാമ സൗകര്യങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യമെന്ന് ഉദ്ഘാടനവേളയില്‍ അല്‍ ദൂസരി പറഞ്ഞു. സ്കൂളുകളില്‍ കായിക പരിശീലനത്തിനായി കായികാധ്യാപകരെ ഉപയോഗപ്പടുത്താനും ഈ വിഷയത്തില്‍ ബോധവത്കരണം നടത്താനും പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കായിക വിനോദം വികസിപ്പിക്കാനുതകുന്ന പദ്ധതികള്‍ക്കായി ഖത്തര്‍ യൂനിവേഴ്സിറ്റിയുമായി ചേര്‍ന്ന് മന്ത്രലായം പഠനങ്ങള്‍ നടത്തിവരികയാണ്. വ്യായാമ പരിപാടികളില്‍ സ്ത്രീകളെ പങ്കെടുപ്പിക്കുക വെല്ലുവിളി നിറഞ്ഞതാണ്.
ഇന്‍ഡിപെന്‍ഡന്‍റ് സ്കൂളുകള്‍ വീടിനടുത്താകുമ്പോള്‍ ഇവ കൂടുതല്‍ സുരക്ഷിതവും സൗകര്യവും ഇവ പരമാവധി ഉപയോഗപ്പെടുത്താന്‍ സഹായകമാവുകയും ചെയ്യും. സ്പോര്‍ട്സ് ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടവിധം പരിശീലിപ്പിക്കാനായി പരിശീലകരെയും സജ്ജമാക്കും. ഇരു മന്ത്രാലയങ്ങളും ചേര്‍ന്ന് ഇതിനായുള്ള നിര്‍ദേശങ്ങളും നിയമാവലികളും ക്രോഡീകരിച്ച് വരികയാണ്. രണ്ടുമാസത്തിനകം ഇതിന് പൂര്‍ണരൂപം കൈവരുമെന്നും അല്‍ ദൂസരി അറിയിച്ചു. 
പ്രാരംഭമായി നടപ്പാക്കുന്ന സ്കൂളുകളിലെ സ്ത്രീകളുടെ പങ്കാളിത്തം അവലോകനം ചെയ്തതിന് ശേഷമായിരിക്കും മറ്റു സ്കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുക. മാനസിക ശാരീരിക വ്യായാമങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്താനായി ഇതിനകം നിരവധി പരിപാടികള്‍ മന്ത്രാലയം ആസൂത്രണം ചെയ്തിട്ടുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.