തുടര്‍ചര്‍ച്ചകള്‍ കൂടിയാലോചനക്ക് ശേഷം മാത്രം -ഊര്‍ജമന്ത്രി

ദോഹ: എണ്ണ ഉല്‍പാദനം മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍ചര്‍ച്ചകള്‍ ഉല്‍പാദക രാജ്യങ്ങളുമായുള്ള വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കുമെന്ന് ഖത്തര്‍ ഊര്‍ജ-വ്യവസായ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സാലിഹ് അല്‍ സാദ. അടുത്ത യോഗത്തിന് മുമ്പായി എണ്ണയുല്‍പാദക രാജ്യങ്ങള്‍ കമ്പോളത്തിലെ എണ്ണവില വിശദമായി അവലോകനം ചെയ്യുകയും ഉല്‍പാദനം മരവിപ്പിക്കാനുള്ള സാധ്യതകള്‍ പരിഗണിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ദോഹയില്‍ നടന്ന എണ്ണയുല്‍പാദക രാജ്യങ്ങളുടെ യോഗം,  ഉല്‍പാദനം മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആഗോള എണ്ണ വിപണിയിലെ വിവിധ ഘടകങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍, ഓരോ ഘടകങ്ങളും പ്രത്യേകമായും കൂടുതല്‍ വിശദമായും ചര്‍ച്ച ചെയ്യേണ്ടത് ആവശ്യമാണ്. ഇതിനായി ഉല്‍പാദക രാജ്യങ്ങളുമായി പ്രത്യേകം ചര്‍ച്ചകളും വിപണിയിലെ വില സാഹചര്യങ്ങളും പരിഗണിക്കേണ്ടിവരുമെന്നും  ഒപെക് പ്രസിഡന്‍റ് കൂടിയായ അല്‍ സാദ പറഞ്ഞു. 
ഫെബ്രുവരിയില്‍ ഖത്തറില്‍ നടന്ന യോഗം ഇതിനുള്ള തുടക്കമായിരുന്നു. ഇത് ചര്‍ച്ചകള്‍ക്കുള്ള വേദി തുറന്നിട്ടതായും അദ്ദേഹം പറഞ്ഞു. ഉല്‍പാദക രാജ്യങ്ങള്‍ തമ്മിലുള്ള ഏതുതരം തെറ്റിദ്ധാരണകളും ഒഴിവാക്കാന്‍ ഇത്തരം ചര്‍ച്ചകള്‍ സഹായകമാകും. എണ്ണ ഉല്‍പാദനം മരവിപ്പിക്കുന്നതടക്കമുള്ള തീരുമാനവും ഇതില്‍ ചര്‍ച്ചയാവാമെന്നും ഡോ. അല്‍ സാദ പറഞ്ഞതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പല ഘടകങ്ങളും ചേര്‍ന്നാണ് എണ്ണവിപണിയെ നിയന്ത്രിക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷമായി ഇതേ  സാഹചര്യങ്ങളാണ് വിപണിയിലെ വില നിയന്ത്രിച്ചുവരുന്നതെന്നും ദോഹ യോഗത്തിന് ശേഷം എണ്ണ വിപണിയിലുണ്ടായ ആഘാതത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു. 
ഇറാനടക്കമുള്ള എല്ലാ രാജ്യങ്ങളുടെയും നിലപാടിനെ തങ്ങള്‍ അംഗീകരിക്കുന്നു. എന്നാല്‍ ഒപക്, ഒപകേതര രാഷ്ട്രങ്ങള്‍ ഉല്‍പാദനം മരവിപ്പിക്കുന്ന തീരുമാനത്തില്‍ യോജിച്ചിരുന്നെങ്കില്‍ ഉല്‍പാദന മരവിപ്പിക്കുന്നത് പ്രാവര്‍ത്തികവും കാര്യക്ഷമവുമായേനെ. 
ഇത് എണ്ണ വിപണിയില്‍ സന്തുലിതത്വം കൈവരിക്കാന്‍ സഹായകമായേനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച ദോഹയില്‍ ചേര്‍ന്ന എണ്ണയുല്‍പാദക രാജ്യങ്ങളുടെ യോഗം, ഉല്‍പാദനം നിയന്ത്രിക്കുന്ന കാര്യം ഇറാനുള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളും അംഗീകരിച്ചാല്‍ മാത്രമേ നടപ്പാക്കാവൂ എന്ന് സൗദി ആവശ്യപ്പെട്ടതിനെതുടര്‍ന്ന് തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു. 
യോഗം തീരുമാനമില്ലാതെ പിരിഞ്ഞതിന് പിന്നാലെ എണ്ണ വില വീണ്ടും ഇടിയുകയും ചെയ്തു ബ്രെന്‍റ് ക്രൂഡ് ഓയിലിന്‍െറ വില തിങ്കബ്രെന്‍റ് ക്രൂഡ് ഓയിലിന്‍െറ വില തിങ്കളാഴ്ച  5.3 ശതമാനം ഇടിഞ്ഞ് ബാരലിന് 41.54 ഡോളര്‍ ആയി.  യു.എസ് ക്രൂഡ് ഓയില്‍ 6.8 ശതമാനം കുറഞ്ഞ് 38.68 ഡോളറിലത്തെി. എണ്ണയുല്‍പാദിപ്പിക്കുന്ന എല്ലാ രാജ്യങ്ങളുമായും ഒറ്റയ്ക്കും കൂട്ടായും ചര്‍ച്ച നടത്തി അഭിപ്രയഐക്യത്തിലത്തൊന്‍ അടുത്ത ജൂണില്‍ വീണ്ടും യോഗം ചേരാനാണ് തീരുമാനം.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.