തൊഴില്‍ പീഡനങ്ങള്‍ ഇല്ലാതാക്കാന്‍ ഖത്തര്‍ ശ്രമിക്കുന്നു -യു.എസ്

ദോഹ: തൊഴിലിടങ്ങളിലെ പീഡനങ്ങള്‍ അവസാനിപ്പിക്കുന്നതിനും തൊഴലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ഖത്തറിന്‍െറ പരിശ്രമം പരാമര്‍ശിച്ച് അമേരിക്ക. അമേരിക്കന്‍ വിദേശകാര്യവകുപ്പ് പുറത്തിറക്കിയ 2015ലെ മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് ഖത്തറിന്‍െറ തൊഴില്‍രംഗത്തെ പ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിക്കുന്നത്. റിപ്പോര്‍ട്ടിന്‍െറ സംക്ഷിപ്ത രൂപങ്ങളില്‍ ഒന്ന് ഖത്തറിലെ സ്പോണ്‍സര്‍ഷിപ്പ് നിയമമാറ്റം സംബന്ധിച്ചാണ്. 
കഫാല (സ്പോണ്‍സര്‍ഷിപ്പ്) നിയമത്തില്‍ മാറ്റംവരുത്തി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കഴിഞ്ഞ ഒക്ടോബറില്‍ ഒപ്പുവെച്ചതാണ് ഇതില്‍ പരാമര്‍ശിക്കുന്നത്. പുതിയ നിയമപ്രകാരം തങ്ങളുടെ തൊഴില്‍ കരാര്‍ കാലാവധി കഴിഞ്ഞ തൊഴിലാളിക്ക് ഇഷ്ടാനുസരണം മറ്റു തൊഴിലിടങ്ങളിലേക്ക് മാറാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടപ്പാക്കിയ വേതന സംരക്ഷണ സംവിധാനം സംബന്ധിച്ചും റിപ്പോര്‍ട്ടിലുണ്ട്. തൊഴിലാളികളുടെ വിവിധ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഖത്തര്‍ സര്‍ക്കാര്‍ വിവിധ മന്ത്രാലയങ്ങളോടും സംഘടനകളോടും സഹകരിച്ച് കാമ്പയിനുകളും പരിപാടികളുമാണ് ആവിഷ്കരിക്കുന്നത്. ഇതുസംബന്ധിച്ച് ബോധവല്‍കരണ പരിപാടികളും മന്ത്രാലയം നടത്തുന്നുണ്ട്.
തൊഴിലിടങ്ങളിലെ പീഡനങ്ങള്‍ സംബന്ധിച്ച പരാതികളില്‍ 68 ശതമാനവും പരിഹരിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ഈ വര്‍ഷം പകുതിവരെ 44126 പരാതികളാണ് ലഭിച്ചത്. ഇതില്‍ 2807 കേസുകള്‍ തൊഴില്‍ മന്ത്രാലയം പരിഹരിക്കുകയും  461 കേസുകള്‍ തുടര്‍നടപടികള്‍ക്കായി തൊഴില്‍ കോടതിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.