ദോഹ: ഖത്തര്‍ റെയില്‍ കമ്പനി ദോഹ മെട്രോയുടെയും ലുസൈല്‍ ട്രാമിന്‍െറയും മാതൃകകള്‍ പുറത്തിറക്കി. ദോഹ മെട്രോയുടെ മാതൃക ‘അല്‍ ഫറാസ്’ എന്ന പേരിലും ലുസൈല്‍ ട്രാം ‘അല്‍ മിഹ്മല്‍’ എന്ന പേരിലുമാണ് രൂപകല്‍പന ചെയ്യുന്നത്.
അറേബ്യന്‍ പെണ്‍കുതിരയില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ളതാണ് ദോഹ മെട്രോയുടെ പുറംഭാഗം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡ്രൈവര്‍ ആവശ്യമില്ലാത്ത, ഇത്തരം 75 ട്രെയിനുകളാണ് രാജ്യത്ത് ഓടുക. മൂന്നു കോച്ചുകളുള്ള (കാര്‍സ്) മെട്രോ ട്രെയിനുകള്‍ ഇറക്കുമതി ചെയ്യുന്നത് ജപ്പാനില്‍നിന്നാണ്. ഇവയുടെ രൂപകല്‍പന നിര്‍വഹിച്ചതും നിര്‍മിക്കുന്നതും ജപ്പാനിലെ ഒസാക്കയിലെ കിന്‍കി ഷര്‍യോ എന്ന സ്വകാര്യ കമ്പനിയാണ്. ആദ്യത്തെ കോച്ചില്‍ 42 സീറ്റുകളാണുണ്ടാവുക. കുടുംബങ്ങള്‍ക്കായുള്ള ഇവ ‘ഗോള്‍ഡന്‍’ കോച്ച് എന്നാണറിയപ്പെടുക. ബാക്കി രണ്ട് കോച്ചുകളിലായി 88 സീറ്റുകളുണ്ടാകും.
കഴിഞ്ഞ മാസത്തോടെ ഖത്തര്‍ റെയിലിന്‍െറ -ഗ്രീന്‍ ലൈന്‍ തുരങ്ക നിര്‍മാണത്തിന്‍െറ അവസാനഘട്ടവും വിജയം കണ്ടു. ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിലേക്കും 37 സ്റ്റേഷനുകളുടെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തികളിലേക്കും തുടര്‍നിര്‍മാണങ്ങള്‍ നീങ്ങിയിട്ടുണ്ട്. 2017 മൂന്നാം പാദത്തോടെ ആദ്യ ട്രെയിന്‍ ഖത്തര്‍ റെയിലിന് കൈമാറും. 2019 അവസാനത്തോടെ മെട്രോ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലുസൈല്‍ ലൈറ്റ് റെയില്‍ ട്രാന്‍സിറ്റ് സിസ്റ്റം (എല്‍.ആര്‍.ടി) ഡിസൈനും ഖത്തര്‍ റെയില്‍ പുറത്തിറക്കി. മുത്തുവാരാന്‍ ഉപയോഗിക്കുന്നതരം ബോട്ടുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുള്ളതാണ് ലുസൈല്‍ ലൈറ്റ് റെയില്‍ ട്രാം മാതൃക. ‘മിഹ്മല്‍’ എന്നാണ് ഈ ട്രെയിനുകള്‍ അറിയപ്പെടുക. ക്യു.ഡി.വി.സിയും അല്‍സ്തോമും സഹകരിച്ചുള്ള കണ്‍സോര്‍ഷ്യമാണ് 28 ട്രാമുകള്‍ നിര്‍മിച്ച് ഖത്തറിലത്തെിക്കുക. ലുസൈല്‍ ലൈറ്റ് റെയിലിന്‍െറ 35 ശതമാനം നിര്‍മാണ ജോലികളും പൂര്‍ത്തീകരിച്ചതായും 2020 ഓടെ പദ്ധതി പൂര്‍ത്തിയാകുമെന്നും എല്‍.ആര്‍.ടി അധികൃതര്‍ അറിയിച്ചു. ലോകനിലവാരവും ആധുനികതയും സമ്മേളിക്കുന്ന നൂതന പദ്ധതിയാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. എന്നാല്‍, രാജ്യത്തിന്‍െറ പൈതൃകവും ചരിത്രവും ഉള്‍ക്കൊണ്ടുള്ള രൂപകല്‍പനക്കാണ് പ്രാമുഖ്യം കൊടുത്തിട്ടുള്ളതെന്നും ഖത്തര്‍ റെയില്‍ സി.ഇ.ഒ സാദ് അല്‍ മുഹന്നദി രൂപകല്‍പന പ്രകാശന ചടങ്ങില്‍ പറഞ്ഞു. 2030ഓടെ ഖത്തര്‍ റെയില്‍ കമ്പനിയുടെ ദോഹ മെട്രോ, ലുസൈല്‍ ട്രാം, ജി.സി.സി ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസ് എന്നീ മൂന്നു പദ്ധതികളും പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.