ദോഹ: കഴിഞ്ഞ വർഷം ഡിസംബറിൽ അനുവദിച്ച ബിൽഡിങ് പെർമിറ്റുകളുടെ എണ്ണത്തിൽ 18 ശതമാനം കുറവ്. 2022 നവംബർ മാസത്തിൽ അനുവദിച്ച ബിൽഡിങ് പെർമിറ്റുകളെ (645 പെർമിറ്റുകൾ) അപേക്ഷിച്ച് ഡിസംബറിൽ 527 പെർമിറ്റുകളാണ് അനുവദിച്ചത്.
ഖത്തർ പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പി.എസ്.എ) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ മിക്ക മുനിസിപ്പാലിറ്റികളും അനുവദിച്ച കെട്ടിട അനുമതികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതായി പി.എസ്.എ റിപ്പോർട്ടിൽ പറയുന്നു. അൽ റയ്യാൻ (47 ശതമാനം), അൽഖോർ (37 ശതമാനം), ശമാൽ (25 ശതമാനം), ദോഹ (20 ശതമാനം), അൽ ദആയിൻ (മൂന്നു ശതമാനം) എന്നീ മുനിസിപ്പാലിറ്റികളിൽ കുറവ് രേഖപ്പെടുത്തിയപ്പോൾ ഉംസലാൽ, അൽ വക്റ, അൽ ഷീഹാനിയ മുനിസിപ്പാലിറ്റികളിൽ വ്യക്തമായ വർധനവുണ്ടായി.
ഏറ്റവും കൂടുതൽ വർധന വക്റ മുനിസിപ്പാലിറ്റിയിലാണ് -16 ശതമാനം. കൂടുതൽ കെട്ടിട അനുമതികൾ നൽകിയതിന്റെ അടിസ്ഥാനത്തിൽ വക്റ മുനിസിപ്പാലിറ്റി ഒന്നാമതെത്തി. 130 കെട്ടിട അനുമതികളാണ് വക്റയിൽ നൽകിയത്. ആകെ അനുമതികളുടെ 25 ശതമാനം വരുമിത്. 125 പെർമിറ്റുകളുമായി ദോഹയാണ് രണ്ടാമത്. റയ്യാൻ മുനിസിപ്പാലിറ്റിയിൽ 109ഉം അൽ ദയാഇൻ മുനിസിപ്പാലിറ്റിയിൽ 76ഉം കെട്ടിട അനുമതികളാണ് വിതരണം ചെയ്തത്.
ആകെ പെർമിറ്റുകളിൽ 213 എണ്ണം പുതിയ കെട്ടിടങ്ങൾക്ക് നൽകിയപ്പോൾ 296 പെർമിറ്റുകൾ കൂട്ടിച്ചേർക്കൽ വിഭാഗത്തിൽ ഉൾപ്പെടും. ഫെൻസിങ് പെർമിറ്റ് വിഭാഗത്തിൽ 18 പെർമിറ്റുകളാണ് നൽകിയത്. പുതിയ റെസിഡൻഷ്യൽ ബിൽഡിങ് പെർമിറ്റുകളുടെ എണ്ണത്തിൽ വില്ലകൾ ഒന്നാമതെത്തിയപ്പോൾ അപ്പാർട്മെൻറ് ബിൽഡിങ് പെർമിറ്റുകൾ രണ്ടാമതും ഹൗസിങ് ലോണുകളുടെ പെർമിറ്റുകൾ മൂന്നാമതുമെത്തി.
2022 ഡിസംബറിൽ നൽകിയ ബിൽഡിങ് കംപ്ലീഷൻ സർട്ടിഫിക്കറ്റുകളുടെ ഡേറ്റ, അവയുടെ ഭൂമിശാസ്ത്രപരമായ വിതരണമനുസരിച്ച് അൽ റയ്യാൻ മുനിസിപ്പാലിറ്റിയാണ് മുന്നിൽ. 90 കെട്ടിടങ്ങൾക്കാണ് ബിൽഡിങ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയത്. ദആയിൽ മുനിസിപ്പാലിറ്റിയിൽ 78ഉം വക്റയിൽ 74ഉം ദോഹയിൽ 48ഉം കംപ്ലീഷൻ സർട്ടിഫിക്കറ്റുകൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.