വാദി ഖന്ദബ് പദ്ധതി പ്രദേശം
മസ്കത്ത്: മസ്കത്ത് മുനിസിപ്പാലിറ്റിക്ക് കീഴിൽ വാദി ഖന്ദബ് പുനരുദ്ധാരണവും വികസനവും ഉൾക്കൊള്ളുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പൊതുസ്ഥലങ്ങൾ വികസിപ്പിക്കുകയും കായിക, വിനോദപ്രവർത്തനങ്ങൾക്കായി സൗകര്യങ്ങൾ വിപുലീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായാണ് വാദി ഖന്ദബ് വികസന പദ്ധതി മസ്കത്ത് മുനിസിപ്പാലിറ്റി നടപ്പാക്കുന്നത്.
പദ്ധതിയിൽ നിരവധി നിർമാണ-സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 700 മീറ്റർ നീളവും നാലു മീറ്റർ വീതിയുമുള്ള വാക്വേ (നടപ്പാത) നിർമാണമാണ് ഇതിൽ പ്രധാനം. ഇന്റർലോക്കിങ് ടൈലുകൾ വിരിച്ച നടപ്പാതകൾ പ്രഭാത, സായാഹ്ന സവാരിക്കാർക്ക് പ്രയോജനപ്പെടുത്താവുന്ന വിധത്തിലാണ് രൂപകൽപന ചെയ്യുക.
വാദിയുടെ ഇരുവശങ്ങളിലുമായി 700 മീറ്റർ നീളത്തിൽ ലൈൻ ചെയ്ത ഗ്രാവൽ സ്ഥാപിച്ച് വാദിയുടെ സംരക്ഷണം ഉറപ്പാക്കും. മഴക്കാലത്ത് റോഡുകളും മറ്റു സംവിധാനങ്ങളും വെള്ളം കുത്തിയൊലിച്ച് തകരുന്നത് തടയാൻ ആവശ്യമായ പ്രതിരോധ മാർഗങ്ങൾ പദ്ധതിയുടെ ഭാഗമായി നിർമിക്കും. പ്രദേശത്തെ മഴവെള്ളത്തെ നിയന്ത്രിക്കുന്നതിനൊപ്പം ആളുകൾക്ക് വിനോദങ്ങൾക്കുള്ള ഇടം കൂടിയാക്കി വാദി ഖന്ദബിനെ മാറ്റുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.