മസ്കത്ത്: ദുരിത പ്രവാസത്തിനൊടുവിൽ കന്യാകുമാരി സ്വദേശി വിൻസെൻറ് സന്തോഷത്തോടെ നാടണഞ്ഞു. വിസ തട്ടിപ്പിൽ കുടുങ്ങിയതിനെ തുടർന്നുള്ള ലക്ഷത്തോളം രൂപയുടെ കടബാധ്യത സുമനസ്സുകളുടെ സഹായത്താൽ കൊടുത്തുവീട്ടിയ വിൻസെൻറിന് ഒമാൻ സർക്കാറിെൻറ പൊതുമാപ്പ് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചതിനാൽ തിരിച്ചറിയൽ കാർഡ് കാലാവധി കഴിഞ്ഞതിെൻറ പിഴ അടക്കേണ്ടി വന്നില്ല. ഞായറാഴ്ച പുലർച്ച തിരുവനന്തപുരത്തിനുള്ള വിമാനത്തിൽ മടങ്ങിയ ഇദ്ദേഹത്തിന് കൈനിറയെ ക്രിസ്മസ് സമ്മാനങ്ങളും നൽകിയാണ് യാത്രയയച്ചത്.
മലയാളിയുടെ വിസ തട്ടിപ്പിൽ കുടുങ്ങിയ വിൻസെൻറിെൻറ ദുരിത ജീവിതത്തെ കുറിച്ച് ഗൾഫ് മാധ്യമവും മാധ്യമം ഒാൺലൈനും റിപ്പോർട്ട് ചെയ്തിരുന്നു. 2018ൽ വിസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് കൃത്യമായ ജോലി പോലുമില്ലാത്തതിനാൽ നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു ഇൗ തമിഴ്നാട് സ്വദേശി. കോവിഡ് കാലത്ത് പട്ടിണിയിലായിരുന്ന ഇദ്ദേഹത്തിന് കെ.എം.സി.സി പ്രവർത്തകർ ഒന്നിലധികം തവണ ഭക്ഷണ കിറ്റ് നൽകിയിരുന്നു.
വിൻസെൻറിനെ കുറിച്ച വാർത്ത ശ്രദ്ധയിൽപെട്ടയുടൻ മൂന്നുപേർ ചേർന്ന് നാട്ടിലെ കടബാധ്യതയിലേക്കായി 17,000 രൂപ നൽകി. മസ്കത്തിലെ താമസ സ്ഥലത്തിെൻറ രണ്ടുമാസത്തെ വാടകതുകയും തൽക്കാലത്തേക്ക് പിടിച്ചുനിൽക്കാൻ ദിവസക്കൂലിക്ക് ജോലിയും കിട്ടി. പിന്നീട് വിവരമറിഞ്ഞ റൂവി കാത്തലിക്ക് ചർച്ചിലെ പ്രാർഥന കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്ന് ബാക്കി ബാധ്യത പല ഘട്ടങ്ങളിലായി കൊടുത്തുവീട്ടി. പൊതുമാപ്പിൽ നാട്ടിലേക്ക് മടങ്ങുന്നതിന് അവസരം കിട്ടിയ വിൻസെൻറിന് വീ ഹെൽപ് വാട്സ്ആപ് കൂട്ടായ്മയിലെ അംഗങ്ങളാണ് വിമാന ടിക്കറ്റിനുള്ള പണം നൽകിയത്. കൊച്ചുമകനായുള്ള ഉടുപ്പ്, ഷൂസ്, സോപ്പ്, പെർഫ്യൂം, ചോക്ലറ്റ് തുടങ്ങിയ സമ്മാനങ്ങളും വീ ഹെൽപ് കൂട്ടായ്മയിലെ അംഗങ്ങൾ സമ്മാനിച്ചു. കൈവിട്ടുപോയ ജീവിതത്തെ ചേർത്തുവെച്ചവർക്ക് ഒരായിരം നന്ദി പറഞ്ഞാണ് വിൻസെൻറ് നാട്ടിലേക്ക് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.