സൂർ: തെക്കൻ ഷർഖിയ ഗവർണറേറ്റിലെ സൂറിലെ അൽ ബർ പ്രദേശത്ത് നടപ്പാക്കുന്ന ‘മസാർ’ വാട്ടർഫ്രണ്ട് വികസന പദ്ധതിയുടെ ശിലാസ്ഥാപനം ഫെബ്രുവരി 11 ന് നടക്കും.
പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ രണ്ടു മില്യൺ ഒമാനി റിയാൽ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി, നഗര സൗകര്യങ്ങളും ജനങ്ങളുടെ ജീവിത നിലവാരവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
നടപ്പാത, പ്രത്യേക സൈക്ലിംഗ് ട്രാക്ക്, കുട്ടികൾക്കായുള്ള കളിസ്ഥലങ്ങൾ, പൊതുജനങ്ങൾക്ക് ഇരിപ്പിട സൗകര്യങ്ങൾ എന്നിവയുണ്ടാകും. കൂടാതെ നിക്ഷേപ സാധ്യതകൾ ലക്ഷ്യമിട്ട് പാഡൽ കോർട്ടുകളുടെ വികസനവും സേവന സൗകര്യങ്ങളും, റസ്റ്റോറന്റുകൾ, കഫേകൾ, വാണിജ്യ കിയോസ്‌കുകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. ശിലാസ്ഥാപന ചടങ്ങിൽ നികുതി അതോറിറ്റി മേധാവി നാസർ ബിൻ ഖമീസ് അൽ ജഷ്മി അധ്യക്ഷത വഹിക്കും. ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങളോട് പൊരുത്തപ്പെടുന്ന പദ്ധതിയിലൂടെ, കായികം, വിനോദം, വാണിജ്യ സേവനങ്ങൾ എന്നിവ സമന്വയിപ്പിച്ച സമഗ്ര നഗര കേന്ദ്രം രൂപപ്പെടുത്തുകയാണ് ഉദ്ദേശിക്കുന്നത്.
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, കായിക-വിനോദ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാനും, പ്രാദേശിക സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഊർജം നൽകാനും പദ്ധതി സഹായിക്കുമെന്ന് തെക്കൻ ഷർഖിയ ഗവർണർ ഡോ. യഹ്‍യ ബിൻ ബദർ അൽ മാവാലി പറഞ്ഞു.
ഒമാൻ എൽ.എൻ.ജിയുടെ സഹകരണത്തോടെ വിവിധ വിലായത്തുകളിൽ വാട്ടർഫ്രണ്ടുകൾ, നടപ്പാതകൾ, ഉയർന്ന നിലവാരമുള്ള പൊതു ഇടങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് മസാർ പദ്ധതി നടപ്പാക്കുന്നത്. ഈ വർഷം സെപ്തംബർ 11ന് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഒരു വർഷം കൊണ്ട് പദ്ധതി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.