മസ്കത്ത്: വിദേശത്തുനിന്ന് ഉപയോഗിച്ച വാഹനങ്ങൾ വാങ്ങുന്നവർ കബളിപ്പിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. വിലയിലെ ലാഭവും മറ്റും നോക്കി അയൽരാജ്യങ്ങളിൽനിന്ന് വാഹനങ്ങൾ വാങ്ങുന്നവർ പറ്റിക്കപ്പെടുന്ന സംഭവങ്ങൾ നിരവധിയുണ്ടായിട്ടുണ്ട്. അപകടത്തിൽപെട്ട വാഹനങ്ങളും തീപിടിച്ച വാഹനങ്ങളുമൊക്കെ അറ്റകുറ്റപ്പണി നടത്തി തലയിൽ കെട്ടിവെക്കുകയാണ് ചെയ്യുക. ഇത് ഒഴിവാക്കാൻ വാഹനം വാങ്ങുന്നതിന് മുമ്പ് മൂന്നാമതൊരാളെ കൊണ്ട് പരിശോധിപ്പിച്ച് തകരാറില്ലാത്തവയാണെന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം തങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായേക്കാമെന്നും പൊലീസ് അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾ ഒമാൻ അതിർത്തികടന്ന് രണ്ടു ദിവസത്തിനകം തൊട്ടടുത്ത ട്രാഫിക് ഡിപ്പാർട്ട്മെൻറിലെ പരിശോധനാകേന്ദ്രങ്ങളിൽ ഹാജരാക്കി വിശദമായ റിപ്പോർട്ട് വാങ്ങണം.
കർശനമായ റോഡ് സുരക്ഷാ പരിശോധനകൾ വാഹനം മറികടക്കാത്ത പക്ഷം ലൈസൻസ് നൽകില്ല. അപകടങ്ങൾ മൂലം ചേസിസിന് ക്ഷതം പറ്റിയ വാഹനങ്ങൾ പലരും ഇറക്കുമതി ചെയ്തിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളിലെ പോരായ്മ നിമിത്തം ഇത്തരം വാഹനങ്ങൾക്ക് ഒരിക്കലും ലൈസൻസ് നൽകാൻ സാധിക്കില്ലെന്ന് ആർ.ഒ.പി ട്രാഫിക് ഒാപറേഷൻസ് മേധാവി കേണൽ സൈദ് മുഹമ്മദ് അൽ സറാഫി പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലെ അംഗീകൃത വർക്ഷോപ്പുകളിൽ വാഹനം ഹാജരാക്കി തകരാർ ഒട്ടുമില്ലെന്ന് ഉറപ്പാക്കുക മാത്രമാണ് ഇതിന് പരിഹാരം. ഗുരുതരമായ അപകടങ്ങളിലും വെള്ളപ്പൊക്കങ്ങളിലും തീപിടിത്തങ്ങളിലും ഉൾപ്പെട്ട വാഹനങ്ങളുടെ രജിസ്ട്രേഷൻ അപേക്ഷകൾ തിരസ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ വിലായത്തുകളിലായി െപാലീസ് ആൻഡ് കസ്റ്റംസ് മേധാവിയുടെ മേൽനോട്ടത്തിൽ ഇതിനായി 33 പരിശോധന കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. ഏഴുവർഷത്തിലധികം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളുടെ ഇറക്കുമതിയും ഒമാനിൽ നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.