മസ്കത്ത്: ഒമാനിൽ മൂല്യവർധിത നികുതി (വാറ്റ്) ഏപ്രിൽ 16 മുതൽ പ്രാബല്യത്തിലാകുമെന്ന് നികുതി അതോറിറ്റി അറിയിച്ചു. അഞ്ചു ശതമാനമാണ് വാറ്റ് ചുമത്തുക. അടിസ്ഥാന ഭക്ഷ്യോൽപന്നങ്ങളെ നികുതിയിൽനിന്ന് ഒഴിവാക്കിയതടക്കം 'വാറ്റു'മായി ബന്ധപ്പെട്ട മൂന്ന് എക്സിക്യൂട്ടിവ് നിയമങ്ങൾ നികുതി അതോറിറ്റി ബുധനാഴ്ച പ്രസിദ്ധീകരിച്ചു. 94 ഭക്ഷ്യോൽപന്നങ്ങളെയാണ് വാറ്റിൽനിന്ന് ഒഴിവാക്കിയത്. പാൽ, പാലുൽപന്നങ്ങൾ, ഇറച്ചി, മത്സ്യം, കോഴിയിറച്ചി, മുട്ട, പഴം, പച്ചക്കറി, കാപ്പി, ചായ, ഒലീവ് ഒായിൽ, പഞ്ചസാര, കുട്ടികൾക്കുള്ള പോഷകാഹാരങ്ങൾ, ബ്രഡ്, കുപ്പിവെള്ളം, ഉപ്പ് തുടങ്ങിയവയെയാണ് 'വാറ്റി'െൻറ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുള്ളത്.
നികുതിദായകെൻറ വാർഷിക വിതരണം 38,500 റിയാലോ അതിന് മുകളിലോ ആണെങ്കിൽ നികുതി അതോറിറ്റിയിൽ നിർബന്ധമായും 'വാറ്റ്'രജിസ്ട്രേഷൻ നടത്തണം. വാർഷിക വിതരണം 19250 റിയാലോ അതിന് മുകളിലോ അല്ലെങ്കിൽ ഇൗ പരിധിയിൽ എത്തുമെന്ന് കരുതുകയോ ചെയ്യുന്നവർക്ക് രജിസ്ട്രേഷൻ സ്വന്തം താൽപര്യപ്രകാരം ചെയ്യാവുന്നതാണ്. വാർഷിക വിൽപന അല്ലെങ്കിൽ വിതരണത്തിെൻറ മൂല്യം ഒരു ദശലക്ഷം റിയാലും അതിന് മുകളിലുമുള്ളവർ ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 15 വരെ വാറ്റ് രജിസ്ട്രേഷൻ നടത്തണം.
ഇൗ വിഭാഗത്തിലുള്ളവർക്ക് ഏപ്രിൽ 16 മുതൽ 'വാറ്റ്'ബാധകമായിരിക്കും. വാർഷിക വിൽപന അഞ്ചുലക്ഷം റിയാൽ കടന്നവരും അത് കടക്കുമെന്ന് പ്രതീക്ഷിക്കുന്നവരും ഏപ്രിൽ മുതൽ ജൂലൈ ഒന്നുവരെ കാലയളവിലാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.
അതിൽ കുറവ് വിറ്റുവരവുള്ളവർ സമാന രീതിയിൽ പിന്നീടുള്ള തീയതികളിലാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. 38,500 റിയാലാണ് കുറഞ്ഞ വാർഷിക വിൽപന. വാർഷിക വിൽപന 19,250 റിയാൽ കടന്നവരും കടക്കുമെന്ന് പ്രതീക്ഷിക്കുന്നവർക്കും ഫെബ്രുവരി ഒന്നുമുതൽ സ്വന്തം താൽപര്യപ്രകാരം വേണമെങ്കിൽ രജിസ്ട്രേഷൻ നടത്താൻ അനുമതിയുണ്ടായിരിക്കുമെന്നും നികുതി അതോറിറ്റി അറിയിച്ചു.
2016 നവംബറിൽ ഒപ്പുവെച്ച ജി.സി.സി ഏകീകൃത വാറ്റ് കരാറിെൻറ അടിസ്ഥാനത്തിലാണ് ഒമാൻ പുതിയ നികുതി ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. ഇതുവഴി ഇൗവർഷം 300 ദശലക്ഷം റിയാൽ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.