‘ടൂര്‍ ഓഫ് ഒമാന്‍’ രണ്ടാംഘട്ട മത്സരത്തിൽ വിജയിച്ച മാര്‍ക്ക് കവന്‍ഡിഷ്
മസ്കത്ത്: ആവേശം വിതറി രണ്ടാംദിനത്തിൽ 'ടൂര്‍ ഓഫ് ഒമാന്‍' ദീര്‍ഘദൂര സൈക്ലിങ് മത്സരങ്ങൾ നടന്നു. രണ്ടാംഘട്ടത്തില്‍ ബ്രിട്ടീഷ് താരം മാര്‍ക്ക് കവന്‍ഡിഷ് ഒന്നാമതെത്തി. കേദന് ഗ്രോവ്സ്, പീഡിയോ ഗോയികോട്ടെക്സ എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. വെള്ളിയാഴ്ച ബര്‍ക നസീം പാര്‍ക്കില്‍നിന്ന് ആരംഭിച്ച രണ്ടാം ഘട്ട മത്സരം സുഹാര്‍ കോര്‍ണിഷിലാണ് സമാപിച്ചത്. 167.5 കിലോമീറ്ററായിരുന്നു മത്സര ദൂരം. ടൂറിലെ മൂന്നാം ദിനമായ ശനിയാഴ്ച സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റിയില്‍നിന്ന് ആരംഭിച്ച് ഖുറിയാത്തില്‍ അവസാനിക്കും. 180 കിലോമീറ്ററാണ് മത്സര ദൂരം. ഇത്തവണ ടൂര്‍ ഓഫ് ഒമാനില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരം കൂടിയാണ് ഇന്നത്തേത്. മത്സരങ്ങൾ നടക്കുന്ന റോഡുകളുടെ ഇരുവശങ്ങളിലും പാർക്കിങ് നിയന്ത്രണങ്ങൾ റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യ ദിനത്തില്‍ യു.എ.ഇയുടെ ഫെര്‍ണാണ്‍ഡോ ആയിരുന്നു ജേതാവായത്. മാര്‍ക്ക് കവന്‍ഡിഷ്, കേദന് ഗ്രോവ്സ് എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലും ഫിനിഷ് ചെയ്തു.
രണ്ടു വർഷത്തെ ഇടളവേളക്ക് ശേഷമെത്തിയ മത്സരം വളരെ ആവേശത്തോടെയാണ് ആരാധകർ വരവേൽക്കുന്നത്. മത്സരം കടന്നുപോയ വഴികളിലെല്ലാം നിരവധി പേർ താരങ്ങള്‍ക്ക് പ്രോത്സാഹനവുമായി എത്തിയിരുന്നു. ഫെബ്രുവരി 15 വരെ തീയതികളില്‍ ആറ് ഘട്ടങ്ങളിലായാണ് മത്സരങ്ങള്‍. 891 കിലോമീറ്ററാണ് ആകെ മത്സര ദൂരം. ഏഴ് അന്താരാഷ്ട്ര ടീമുകള്‍, ഒമ്പത് പ്രോ ടീമുകള്‍, ഒരു കോണ്ടിനന്റല് ടീം തുടങ്ങിയവ പങ്കെടുക്കുന്നുണ്ട്. രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ജബല്‍ അഖ്ദര്‍ പര്‍വതനിരയും മത്സരത്തിന് വേദിയാകുന്നത് ഈ വർഷത്തെ സവിശേഷതകളിലൊന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.